ഒന്നിച്ചവർ ഭിന്നിച്ചതോടെ നഷ്ടമായത് 12 സീറ്റ്
text_fieldsന്യൂഡൽഹി: മാസങ്ങൾക്ക് മുമ്പ് നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിയുടെ ഭാഗമായി ഒന്നിച്ച് മത്സരിച്ച ആം ആദ്മി പാർട്ടിയും കോൺഗ്രസും നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിച്ചപ്പോൾ ബി.ജെ.പിക്ക് നേട്ടം 12 സീറ്റുകൾ.
മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രി സൗരഭ് ഭരദ്വാജ് തുടങ്ങി പാർട്ടിയുടെ മുൻനിര നേതാക്കൾ ഉൾപ്പെടെ ആപിന്റെ 11 സ്ഥാനാർഥികൾ തോറ്റത് കോൺഗ്രസ് സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടുകളേക്കാൾ കുറഞ്ഞ ഭൂരിപക്ഷത്തിൽ. ഒരു സീറ്റിൽ രണ്ടാം സ്ഥാനത്തെത്തിയ കോൺഗ്രസ് ആപ് സ്ഥാനാർഥിക്ക് ലഭിച്ച വോട്ടിനേക്കാൾ കുറഞ്ഞ ഭൂരിപക്ഷത്തിലും തോറ്റു.
അരവിന്ദ് കെജ്രിവാൾ ബി.ജെ.പിയുടെ പർവേശ് ശർമയോട് 4009 വോട്ടിനാണ് തോറ്റത്. ഇവിടെ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥി സന്ദീപ് ദീക്ഷിതിന് 4568 വോട്ട് ലഭിച്ചു. 675 വോട്ടിന് മാത്രമായിരുന്നു മനീഷ് സിസോദിയയുടെ പരാജയം. കോൺഗ്രസിന് 7350 വോട്ട് കിട്ടി. സൗരഭ് ഭരദ്വാജ് 3139 വോട്ടിന് പരാജയപ്പെട്ടപ്പോൾ കോൺഗ്രസിന് 6711 വോട്ട് ലഭിച്ചു. സോംനാഥ് ഭാരതി 1971 വോട്ടിന് പരാജയപ്പെട്ട ഈ സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥി 6502 വോട്ട് നേടി.
ഡെപ്യൂട്ടി സ്പീക്കർ രാഖി ബിർല 11,010 വോട്ടിന് തോറ്റപ്പോൾ ഇവിടെ കോൺഗ്രസിന് 17,958 വോട്ട് ലഭിച്ചു. ആപ് രാഷ്ട്രീയകാര്യ സമിതി അംഗം ദുർഗേഷ് പഥക് 1231 വോട്ടിനാണ് പരാജയപ്പെട്ടത്. കോൺഗ്രസിന് ഇവിടെ 4015 വോട്ട് ലഭിച്ചു. ആപിന്റെ ദിനേശ് മൊഹാനിയ 316 വോട്ടിന് പരാജയപ്പെട്ടപ്പോൾ കോൺഗ്രസിന് 6101 വോട്ട് ലഭിച്ചു.
ബദ്‍ലി, ഛത്തർപുർ, മെഹ്റോളി, നംഗ്ലോയ് ജാട്ട്, തിമാർപുർ, ത്രിലോക്പുരി സീറ്റുകളിലും ആപ് സ്ഥാനാർഥികൾ തോറ്റത് കോൺഗ്രസ് സ്ഥാനാർഥിക്ക് ലഭിച്ച വോട്ടുകളേക്കാൾ താഴെയാണ്. അതേസമയം, കസ്തൂർബ നഗറിൽ രണ്ടാം സ്ഥാനത്തെത്തിയ കോൺഗ്രസ് സ്ഥാനാർഥി 11,048 വോട്ടിന് ബി.ജെ.പിയോട് പരാജയപ്പെട്ടപ്പോൾ ഇവിടെ ആപ് സ്ഥാനാർഥിക്ക് 18,617 വോട്ട് ലഭിച്ചു.
ഏഴുമാസത്തിനിടെ കൂട്ടിച്ചേർത്തത് നാലുവർഷംകൊണ്ട് കൂടിയ വോട്ടുകൾ
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിനും നിയമസഭ തെരഞ്ഞെടുപ്പിനുമിടയിലുള്ള കേവലം ഏഴു മാസത്തിനുള്ളിൽ ഡൽഹിയിൽ 3,99,632 വോട്ടുകൾ കൂട്ടിച്ചേർത്തു. 2024 ലോക്സഭ തെരഞ്ഞെടുപ്പ് വരെയുള്ള നാലുവർഷംകൊണ്ട് 4,16,648 വോട്ട് വർധിച്ച സ്ഥാനത്താണ് ഏറക്കുറെ അത്രത്തോളം കഴിഞ്ഞ ഏഴു മാസത്തിനുള്ളിൽ കൂട്ടിച്ചേർത്തത്.
ചില മണ്ഡലങ്ങളിലെ നാലു വർഷത്തെയും കഴിഞ്ഞ ഏഴു മാസത്തെയും വോട്ട് വർധന ഇങ്ങനെ: മുണ്ഡ്ക (14,230- 31,779), ബാദ്‍ലി (13,145- 18,829), ശഹാദ്ര (4564- 7387).
ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാൾ ബി.ജെ.പിയുടെ പർവേഷ് വർമയോട് 4000ത്തിൽ പരം വോട്ടിന് തോറ്റ ന്യൂഡൽഹി നിയമസഭ മണ്ഡലത്തിലെ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്തത് 27.2 ശതമാനം വോട്ടുകൾ. 2020 നിയമസഭ തെരഞ്ഞെടുപ്പിൽ 1,46,122 വോട്ടർമാരുണ്ടായിരുന്ന മണ്ഡലത്തിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ 1,06,365 ആയി കുറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം 2209 വോട്ട് പുതുതായി ചേർക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

