ടാങ്കറുമായി ബസ് കൂട്ടിയിടിച്ച് തീപിടിച്ചു; 12 പേർ മരിച്ചതായി വിവരം
text_fields(Image: India Today)
ജയ്പൂർ: രാജസ്ഥാനിൽ ടാങ്കറുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ച് 12 പേർ മരിച്ചതായി വിവരം. രാജസ്ഥാനിലെ ബാർമർ -ജോധ്പൂർ ദേശീയപാതയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം.
സ്വകാര്യബസിൽ 25ഓളം പേർ ഉണ്ടായിരുന്നതായാണ് വിവരം. മരിച്ചവർ ബസിലുണ്ടായിരുന്നവരാണെന്നാണ് പ്രാഥമിക സൂചന.
ബസിൽ നിന്ന് 10 പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. പൊലീസും ജില്ല അധികൃതരും സ്ഥലത്തെത്തിയായിരുന്നു രക്ഷാപ്രവർത്തനം.
പച്പദ്ര എം.എൽ.എ മദൻ പ്രജാപത്, മന്ത്രി സുഖ്റാം വിഷ്ണോയി, ഡിവിഷനൽ കമീഷണർ ഉൾപ്പെടെയുള്ളവർ സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു. ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.
രാവിലെ 9.55ഓടെ ബലോത്രയിൽനിന്ന് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. എതിർദിശയിലെത്തിയ ടാങ്കർ ബസുമായി കൂട്ടിയിടിച്ച് ബസിന് തീപിടിക്കുകയായിരുന്നുവെന്നും രക്ഷെപ്പട്ട ബസ് യാത്രികരിലൊരാൾ പറഞ്ഞു. ജീവൻ നഷ്ടമായവരെക്കുറിച്ച് വിവരങ്ങൾ ലഭ്യമല്ല.

