Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹി കലാപക്കേസിൽ 12 പേർക്ക് മോചനം; ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുടെ വാദം കേൾക്കൽ മാറ്റി

text_fields
bookmark_border
ആൾക്കൂട്ടത്തിൽ അംഗമായതുകൊണ്ട് മാത്രം കുറ്റം തെളിയിക്കാനാവില്ലെന്ന് കോടതി
ഡൽഹി കലാപക്കേസിൽ 12 പേർക്ക് മോചനം; ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുടെ വാദം കേൾക്കൽ മാറ്റി
cancel

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് കൊലപാതകം, കലാപം, കൊള്ളമുതൽ എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ട 12 പ്രതികളെ വിചാരണ കോടതി വെറുതെവിട്ടു. കലാപം നടന്ന ജോഹ്‍രിപുരിലെ ഓടയിൽനിന്ന് മുർസലീൻ എന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ ലോകേഷ് സോളങ്കി, പങ്കജ് ശർമ, അങ്കിത് ചൗധരി, പ്രിൻസ്, ജതിൻ ശർമ, ഹിമാൻഷു ഠാക്കൂർ, വിവേക് പഞ്ചാൽ, ഋഷഭ് ചൗധരി, സുമിത് ചൗധരി, ടിങ്കു അറോറ, സന്ദീപ്, സാഹിൽ എന്നിവരയാണ് വെറുതെവിട്ടത്.

വ്യക്തിഗതമായ കുറ്റകൃത്യങ്ങൾക്ക് വ്യക്തമായ തെളിവില്ലാതെ, ഒരാൾ വെറുമൊരു നിയമവിരുദ്ധ സംഘത്തിൽ (ആൾക്കൂട്ടത്തിൽ) അംഗമായിരുന്നു എന്ന കാരണത്താൽ മാത്രം അയാൾക്കുമേൽ ക്രിമിനൽ ബാധ്യത ചുമത്താനാവില്ലെന്ന് വ്യക്തമാക്കി അഡീഷനൽ സെഷൻസ് ജഡ്ജി പർവീൻ സിങ് ആണ് പ്രതികളെ വെറുതെവിട്ടത്.

നിയമവിരുദ്ധ സംഘത്തിൽ അംഗമായിരിക്കെ, മാരകായുധം കൈവശംവെച്ച് ഒരാൾ ചെയ്യുന്ന സ്വന്തം പ്രവൃത്തിയാണ് ഐ.പി.സി 144ാം വകുപ്പ് പ്രകാരമുള്ള കുറ്റമായി തീരുന്നത്. എന്നാൽ, നിയമവിരുദ്ധ സംഘത്തിലെ വെറുമൊരു അംഗം മാത്രമായിരുന്നു എന്നതുകൊണ്ട് ഒരാളുടെ മേൽ അത്തരം കുറ്റങ്ങൾ ചുമത്താനാവില്ലെന്ന് കോടതി വ്യക്തമാക്കി.

കേസിൽ പ്രോസിക്യൂഷൻ മുഖ്യ സാക്ഷിയായി അവതരിപ്പിക്കുകയും ചില പ്രതികളുടെ പേരുകൾ പറയുകയും ചെയ്ത ദിവേഷ് രാജ്പുത് എന്ന ദൃക്സാക്ഷി വിചാരണക്കിടെ കൂറുമാറിയിരുന്നു. കൊല്ലപ്പെട്ട മുർസലീന്റെ മൊബൈൽ ഫോൺ ഹിമാൻഷു ഠാക്കൂറിൽ നിന്ന് പൊലീസ് കണ്ടെടുക്കുകയും ആ ഫോണിൽ അയാൾ സിം കാർഡ് ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹിമാൻഷു ഠാക്കൂറിനെ മോഷ്ടിച്ച വസ്തു കൈവശം വെച്ചു എന്ന കുറ്റം ചുമത്തിയിട്ടുണ്ട്.

അതേ സമയം ഡൽഹി കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ജയിലിൽ അടക്കപ്പെട്ട, പൗരത്വസമരത്തിൽ മുൻനിരയിലുണ്ടായിരുന്ന ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുടെ ജാമ്യാപേക്ഷകളിലെ വാദം കേൾക്കുന്നത് ഡൽഹി ഹൈകോടതി മാറ്റിവെച്ചു. ജസ്റ്റിസ് പ്രതിഭ സിങ് അധ്യക്ഷയായ ബെഞ്ചാണ് കേസ് സെപ്റ്റംബർ 21ലേക്ക് മാറ്റിയത്.

ആഗസ്റ്റ് 27നാണ് ഇരുവരുടെയും ജാമ്യാപേക്ഷകളും പരിഗണിക്കാൻ നിശ്ചയിച്ചിരുന്നത്. അന്ന് കോടതിക്ക് അവധിയായതിനെ തുടർന്ന് കേസ് തിങ്കളാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്തു. ഇത് സെപ്റ്റംബർ 21ലേക്ക് മാറ്റിവെക്കുകയായിരുന്നു. ഇരുവരും നൽകിയ പുതിയ ജാമ്യപേക്ഷ ജൂലൈ നാലിന് കീഴ്കോടതി തള്ളിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 12 people acquitted in Delhi riots case
Next Story