ചൈന്നെ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ ആഘോഷത്തിെൻറ ഭാഗമായി ചെന്നൈയിൽ സംഘടിപ്പിച്ച പരിപാടിക്കിടെ ഹൈഡ്രജൻ നിറച്ച ബലൂണുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് 12 ബി.ജെ.പി പ്രവർത്തകർക്ക് പരിക്ക്. ബി.ജെ.പി നേതാവിനെ സ്വാഗതം ചെയ്യുന്നതിനിടെ പടക്കം പൊട്ടിച്ചതോടെ വേദിയിൽ ഉയർത്തിയിരുന്ന ഹൈഡ്രജൻ ബലൂണുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ പരിപാടിക്കെത്തിയ സ്ത്രീകൾ അടക്കമുള്ള 12 ഓളം പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു.
ബി.ജെ.പിയുടെ കർഷക സംഘടനയാണ് പടവട്ടമ്മൻ കോയിൽ തെരുവിൽ പരിപാടി സംഘടിപ്പിച്ചത്. സംഘടന നേതാവായ മുത്തുമാരന് സ്വീകരണവും ഒരുക്കിയിരുന്നു. പ്രധാനമന്ത്രിയുടെ പിറന്നാളിെൻറ ഭാഗമായി 2000 ഹൈഡ്രജൻ ബലൂണുകൾ പറത്താനാണ് സംഘാടകർ തുരുമാനിച്ചിരുന്നത്. മുത്തുമാരനെ സ്വാഗതം ചെയ്യാനായി പടക്കങ്ങൾ പൊട്ടിച്ചതോടെ അനുയായികൾ പിടിച്ചു നിന്ന ബലൂണുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. നൂറുകണക്കിന് ബലൂണുകൾ ഒരുമിച്ച് പൊട്ടിത്തെറിച്ചതോടെ മുത്തുമാരനടക്കം നിരവധിപേർക്ക് പരിക്കേറ്റു. പൊള്ളലേറ്റവരെ ഉടൻ കിൽപാക് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ കോരത്തൂർ പൊലീസ് കേസെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചും അനുമതിയില്ലാതെയുമാണ് ബി.ജെ.പി കർഷക സംഘടന പരിപാടി സംഘടിപ്പിച്ചതെന്ന് കോരത്തൂർ പൊലീസ് ഇൻസ്പെക്ടർ അറിയിച്ചു. 100 ഓളം പേരാണ് പരിപാടിക്കെത്തിയിരുന്നത്.