എയർ ഇന്ത്യ പൈലറ്റുമാർ കൂട്ടത്തോടെ അവധിയിൽ; മെഡിക്കൽ ലീവിലുള്ളത് 112 പൈലറ്റുമാർ
text_fieldsന്യൂഡൽഹി: അഹമദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് 200 ലധികം പേർ മരിച്ച സംഭവത്തിനു പിന്നാലെ അവധിയിൽ പ്രവേശിച്ചത് 112 പൈലറ്റുമാർ. അപകടം നടന്ന് നാല് ദിവസം കഴിയുമ്പോഴാണ് ഇത്രയും പേർ മെഡിക്കൽ ലീവെടുത്തത്. സഹ വ്യോമയാന മന്ത്രി മുരളീധർ മൊഹോൽ ആണ് പാർലമന്‍റ് സമ്മേളനത്തിനിടെ വിവരം പുറത്തുവിട്ടത്. 52 കമാൻഡർമാരും 61 ഫ്ലൈറ്റ് ഓഫീസർമാരും അപകടം നടന്ന ദിവസം തന്നെ അവധിക്ക് അപേക്ഷിച്ചിരുന്നു. പൈലറ്റുമാരുടെ മാനസികാരോഗ്യത്തിൽ ശ്രദ്ധ നൽകേണ്ടതിന്‍റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
2023ൽ പൈലറ്റുമാരുടെ മാനസികാരോഗ്യം ഉറപ്പു വരുത്തുന്നതിന് എയർ ഇന്ത്യക്ക് നോട്ടീസ് നൽകിയിരുന്നതായി ലോക്സഭയിലെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. വിമാന ജീവനക്കാരുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിന് കാര്യക്ഷമമായ പരിശീലനം എയർ ലൈൻ എയർപോർട്ട് അതോറിറ്റികൾ നൽകണമെന്നും അദ്ദേഹം പറഞ്ഞു.
സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ എയർ ഇന്ത്യക്ക് കഴിഞ്ഞ ദിവസം 4 കാരണം കാണിക്കൽ നോട്ടീസുകൾ നൽകിയിരുന്നു. പൈലറ്റുമാർക്ക് വേണ്ടത്ര വിശ്രമം നൽകാതിരുന്നു, സ്റ്റിമുലേറ്റർ പരിശീലനത്തിലെ മാനദണ്ഡങ്ങൾ പാലിച്ചില്ല, ഉയരത്തിൽ സ്ഥിതി ചെയ്യുന്ന എയർപോർട്ടുകളിൽ പരിശീലനം നൽകിയില്ല, ആവശ്യത്തിന് കാബിൻ ക്രൂ ഇല്ലാതെ അന്താരാഷ്ട്ര റൂട്ടുകളിൽ വിമാനം പറപ്പിക്കുന്നതിന് പരിശീലനം നൽകുന്നതിനുമുള്ള മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നിങ്ങനെ 29 നിയമ ലംഘനങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ 6 മാസത്തിനിടെ മാനദണ്ഡങ്ങൾ പാലിക്കാത്തിന് 13 നോട്ടീസുകളാണ് എയർ ഇന്ത്യക്ക് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

