നർഗോട്ട: അബദ്ധത്തിൽ അതിർത്തി കടന്ന പാക് ബാലനെ മധുരം നൽകി സൈന്യം തിരിച്ചയച്ചു. പാക് അധീന കശ്മീരിലെ പതിനൊന്നുകാരനായ മുഹമ്മദ് അബ്ദുല്ലയാണ് അതിർത്തി കടന്നെത്തിയത്.
ജൂണ്‍ 24 എത്തിയ ബാലനെ സൈന്യം അന്നുതന്നെ പൊലീസിൽ ഏൽപ്പിച്ചു. തിരികെ അയക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി മധുരപലഹാരം നൽകി തിരിച്ചയക്കുകയായിരുന്നു. മധുരപലഹാരങ്ങൾക്കു പുറമെ പുതുവസ്ത്രങ്ങളും നൽകിയാണ് അബ്ദുല്ലയെ പൊലീസ് യാത്രയാക്കിയത്.
കുട്ടിയുടെ പ്രായം കണക്കിലെടുത്താണ് തിരിച്ചയക്കുന്നത്. ഇന്ത്യൻ സൈന്യം മാനുഷിക മൂല്യങ്ങൾക്ക് വിലകൽപിക്കുന്നു. നിരപരാധികളായ സിവിലിയൻസിനെ ഒരിക്കലും ആക്രമിക്കില്ലെന്നും സൈനിക വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കാനും ഈ നടപടി ഉപകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.