യു.പിയിൽ നിരന്തരം ബലാത്സംഗത്തിനിരയായി 11കാരി; മാസം തികയാതെ പ്രസവം, കുഞ്ഞ് മരിച്ചു
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ ബറേലിയിൽ മാസങ്ങളായ നിരന്തരം ബലാത്സംഗത്തിനിരയായ 11വയസുകാരി മാസം തികയാതെ പ്രസവിച്ചു. കുഞ്ഞ് ജനിച്ച് മിനിറ്റുകൾക്കകം മരിക്കുകയും ചെയ്തു. സംഭവത്തിൽ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ റഷീദ് എന്ന 31കാരനെ പോക്സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.
വെളളിയാഴ്ച വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഏഴുമാസം ഗർഭിണിയാണെന്ന കാര്യം പുറത്തറിഞ്ഞത്. തുടർന്ന് ബറേലിയിലെ ജില്ല വനിത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന് ജന്മം നൽകിയെങ്കിലും മരിച്ചുവെന്ന് വാർത്ത ഏജൻസി പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തെക്കുറിച്ച് പെൺകുട്ടിയുടെ കുടുംബം പറയുന്നതിങ്ങനെ: പഴങ്ങൾ നൽകാമെന്ന് പറഞ്ഞ് പ്രതി പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ബലാത്സംഗത്തിനിരയാക്കുകയും ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. വിവരം പുറത്താരോടും പറയരുതെന്നും പറഞ്ഞാൽ ബന്ധുക്കളെ ഉപദ്രവിക്കുമെന്നും നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തതായും കുടുംബം പറയുന്നു.
പോക്സോ അടക്കം വകുപ്പുകൾ ചേർത്താണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്. പിതൃത്വ പരിശോധനക്കായി ഡി.എൻ.എ സാമ്പിൾ ശേഖരിച്ചതായി നവാഗ്ഗഞ്ച് പൊലീസ് മേധാവി അരുൺകുമാർ ശ്രീവാസ്തവ അറിയിച്ചു. പ്രസവസമയത്തുണ്ടായ അമിത രക്തസ്രവത്തെ തുടർന്ന് പെൺകുട്ടി ചികിത്സയിലാണ്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് സി.എം.എസ് ആശുപത്രിയിലെ ഡോക്ടർ ത്രിഭുവൻ പ്രസാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

