ഡൽഹി റെയിൽവേ സ്റ്റേഷനിൽ കുംഭമേള ഭക്തരുടെ തിക്കിലും തിരക്കിലും 18 മരണം; 50 പേർക്ക് പരിക്ക്, മരണസംഖ്യ ഉയരും
text_fieldsന്യൂഡൽഹി: ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ച രാത്രിയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം അഞ്ച് കുട്ടികൾ ഉൾപ്പെടെ 18 ആയി. ഒമ്പതുപേരുടെ നില ഗുരുതരമായി തുടരുന്നു. മരിച്ചവരുടെ ബന്ധുക്കൾക്ക് റെയിൽവേ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതര പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും നിസ്സാര പരിക്കേറ്റവർക്ക് ലക്ഷം രൂപയും നൽകും. ഡൽഹി, ബിഹാർ, ഹരിയാന സ്വദേശികളാണ് മരിച്ചത്. ബിഹാർ സ്വദേശികളുടെ ബന്ധുക്കൾക്ക് മുഖ്യമന്ത്രി നിതീഷ് കുമാർ രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
അപകടം അന്വേഷിക്കാൻ റെയിൽവേ രണ്ടംഗ ഉന്നതതല സമിതി രൂപവത്കരിച്ചു. നോർത്തേൺ റെയിൽവേ പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജർ, പ്രിൻസിപ്പൽ ചീഫ് സേഫ്റ്റി കമീഷണർ എന്നിവരടങ്ങുന്നതാണ് സമിതി. അപകടത്തിൽപെട്ടവരെ എൽ.എൻ.ജെ.പി, ലേഡി ശ്രീരാം ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്. ഇവിടേക്ക് മാധ്യമപ്രവർത്തകരെ പ്രവേശിപ്പിച്ചില്ല. നെഞ്ചിനും വയറിനും ക്ഷതമേറ്റാണ് അധികപേരും മരിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ശനിയാഴ്ച രാത്രി 9.55ന് 14, 15 പ്ലാറ്റ്ഫോമുകളിലായിരുന്നു അപകടം. കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ് രാജിലേക്ക് പോകാൻ ആൾക്കൂട്ടം ഒഴുകിയെത്തിയതോടെ സ്റ്റേഷനും പരിസരവും കാലുകുത്താൻ ഇടമില്ലാതായതായി ദൃസാക്ഷികൾ പറഞ്ഞു. ഞായറാഴ്ചയും സ്റ്റേഷനിൽ തിരക്കിന് കുറവുണ്ടായിരുന്നില്ല.
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവർക്കുമൊപ്പമാണ് എന്റെ ചിന്തകളെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടേ എന്ന് പ്രാർഥിക്കുന്നുവെന്നും അപകടത്തിന് പിന്നാലെ നരേന്ദ്ര മോദി ട്വിറ്റ് ചെയ്തു. റെയിൽവേയുടെ പരാജയമാണ് അപകടത്തിന് കാരണമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
നിർഭാഗ്യകരവും ദാരുണവുമായ സംഭവങ്ങൾ ഉണ്ടായതായി ഡൽഹി ലെഫ്റ്റനൻറ് ഗവർണർ വി.കെ സക്‌സേന സ്ഥിരീകരിച്ചു. സ്ഥിതിഗതികൾ പരിഹരിക്കാൻ ചീഫ് സെക്രട്ടറിക്കും ഡൽഹി പൊലീസ് കമീഷണർക്കും നിർദേശം നൽകിയതായി അദ്ദേഹം എക്‌സിൽ കുറിച്ചു.
എന്നാൽ, മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ കണക്ക് പുറത്തുവിടാൻ അദ്ദേഹം തയാറായില്ല. സംഭവത്തിൽ ഡൽഹി ലെഫ്റ്റനൻറ് ഗവർണറും റെയിൽവേയും ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

