ലഹരിഗുളിക കച്ചവടത്തിന് ‘പ്രൊട്ടക്ഷൻ മണി’ ബംഗളൂരുവിൽ ഇൻസ്പെക്ടറടക്കം 11പൊലീസുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരുവിൽ മയക്കുമരുന്ന് സംഘവുമായി സഹകരിച്ച് പ്രവർത്തിച്ചത് തെളിവു സഹിതം പുറത്തു വന്നതിനെ തുടർന്ന് ഇൻസ്പെക്ടർ അടക്കം 11 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.ചാമരാജപേട്ടയിലെ ഇൻസ്പെക്ടർ ടി. മഞ്ജണ്ണ, ഹെഡ് കോൺസ്റ്റബിൾ രമേശ്, ശിവരാജ്, മധുസൂദനൻ, പ്രസന്ന, ശങ്കർ ബെലഗലി, ആനന്ദ് തുടങ്ങിയ നിരവധി കോൺസ്റ്റബിൾമാരും ജെ.ജെ നഗറിൽ നിന്നുള്ള ബസവനഗുഡി ഗൗഡ, കുമാർ, ആനന്ദ് എന്നീ ഉദ്യോഗസ്ഥരും ചേർന്ന് മയക്കുമരുന്ന് കച്ചവടക്കാരിൽനിന്ന് പണം കൈപ്പറ്റിയിരുന്നു.
കള്ളക്കടത്തുകാർ മയക്കുമരുന്ന് ഗുളികകളുടെ വീര്യം കുറച്ച് നേർപ്പിച്ച രൂപത്തിലാണ് വിൽക്കുന്നത്. പ്രധാനമായും വിദ്യാർഥികളെയും യുവാക്കളായ പ്രഫഷനലുകളെയും ലക്ഷ്യംവെച്ചായിരുന്നു വിൽപന. മയക്കുമരുന്ന് കച്ചവടത്തിന്റെ സംരക്ഷണത്തിനായാണ് പൊലീസുകാർ ‘പ്രൊട്ടക്ഷൻ മണി’ വാങ്ങിയിരുന്നത്. ആഗസ്റ്റ് 22ന് മകക്കുമരുന്ന് ഗുളികകൾ വിതരണം ചെയ്യുന്നതിനിടെ സൽമാൻ, നയാസുല്ല ഖാൻ, നയാസ് ഖാൻ, താഹെർ പട്ടേൽ എന്നിവരുൾപ്പെടെ ആറ് കള്ളക്കടത്തുകാരെ ആർആർ നഗർ പൊലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് വിവരം പുറത്തുവന്നത്. നിരോധിക്കപ്പെട്ട ആയിരത്തോളം ലഹരി ഗുളികകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. അന്വേഷണത്തിനിടെ, ചാമരാജപേട്ട്, ജെ.ജെ നഗർ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും മയക്കുമരുന്ന് സംഘവും തമ്മിലുള്ള ബന്ധം പൊലീസ് കണ്ടെത്തി.
അസി.കമീഷണർ ഭരത് റെഡ്ഡി ഇതുസംബന്ധിച്ച് വിശദമായ റിപ്പോർട്ട് ഡെപ്യൂട്ടി പൊലീസ് കമീഷണർക്ക് സമർപ്പിച്ചു. കേസിന്റെ വിശദമായ അന്വേഷണത്തിനായി വിജയ് നഗർ അസി. കമീഷണർ ചന്ദന് കൈമാറുകയായിരുന്നു. അന്വേഷണത്തിൽ പൊലീസുദ്യോഗസ്ഥർ മയക്കുമരുന്ന് കച്ചവടക്കാരിൽ നിന്ന് പണം കൈപ്പറ്റുക മാത്രമായിരുന്നില്ലെന്നും അവർ നടത്തിയിരുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെല്ലാം സംരക്ഷണം നൽകുകയായിരുന്നെന്ന് കണ്ടെത്തി. പിടിച്ചെടുത്ത ലഹരി ഗുളികൾ രൂപമാറ്റം വരുത്തിയാണ് വിൽപന നടത്തിയിരുന്നതെന്നതിനാൽ ഭാരതീയ ന്യായ സംഹിത പ്രകാരം ഒരു മരുന്ന് മറ്റൊരു മരുന്നായി വിൽക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ഗുരുതരമായ ക്രിമിനൽ കുറ്റമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

