അസമിലെ വെള്ളപ്പൊക്കത്തിൽ 11 മരണം കൂടി, ആകെ മരണം 82
text_fieldsഗുവാഹതി: അസമിൽ വെള്ളപ്പൊക്കം തുടരുന്ന സാഹചര്യത്തിൽ മരണപ്പെട്ടവരുടെ എണ്ണം 82 ആയി. ബ്രഹ്മപുത്ര, ബരാക് നദികളും ഇവയുടെ പോഷകനദികളും കരകവിഞ്ഞു. 24 മണിക്കൂറിനുള്ളിൽ 11 പേർ കൂടി മരണപ്പെടുകയും ഏഴു പേരെ കാണാതാവുകയും ചെയ്തു. 810 ദുരിതാശ്വാസ ക്യാമ്പുകളിലായി രണ്ടു ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
32 ജില്ലകളിലായി 47 ലക്ഷത്തിലധികം ആളുകളെയാണ് പ്രളയം നേരിട്ട് ബാധിച്ചതെന്ന് സർക്കാർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി മരണപ്പെട്ടവരുടെ ആകെ എണ്ണം 82 ആയതായി അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. ദാരാംഗിൽ മൂന്ന് പുതിയ മരണങ്ങളും നാഗോണിൽ രണ്ട് മരണങ്ങളും രേഖപ്പെടുത്തി. ഉദൽഗുരിയിലും കാംരൂപിലും രണ്ടുപേർ വീതവും കച്ചാർ, ദരാംഗ് എന്നിവിടങ്ങളിൽ ഓരോരുത്തരുമുൾപ്പടെ ഏഴുപേരെ കാണാതായി.
പ്രളയത്തെകുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിന് ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ വിളിച്ചതായി മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. പ്രകൃതി ദുരന്തം മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥസംഘത്തെ ഉടൻ തന്നെ സംസ്ഥാനത്തേക്ക് അയക്കുമെന്ന് അദ്ദേഹം അറിയിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രിയെ വിളിച്ച് സ്ഥിതിഗതികൾ അന്വേഷിക്കുകയും സാധ്യമായ എല്ലാ സഹായങ്ങളും കേന്ദ്രത്തിൽ നിന്ന് ലഭിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.
കഴിഞ്ഞ നാല് വർഷമായി വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലെ ദുരിതാശ്വാസത്തിനും പുനരധിവാസ പ്രവർത്തനങ്ങൾക്കുമായി കുറഞ്ഞത് 20,000 കോടി രൂപയുടെ സഹായ പാക്കേജ് അനുവദിക്കണമെന്ന് അസമിലെ പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.