മൈസൂരുവിലെ ഹൃദ്രോഗാശുപത്രിയിൽ 24 മണിക്കൂറിനിടെ 11 മരണം; ആശങ്കയിൽ രോഗികളും ബന്ധുക്കളും
text_fieldsമൈസൂരു: പ്രശസ്ത ഹൃദ്രോഗാശുപത്രിയായ ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസ് ആൻഡ് റിസർച്ചിൽ 24 മണിക്കൂറിനിടെ 11 രോഗികൾ മരണമടഞ്ഞു. മൈസൂരുവിലെ ആശുപത്രിയിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ ബുധനാഴ്ച രാവിലെ 8 മണി വരെയുള്ള സമയത്താണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതേ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളും അവരുടെ ബന്ധുക്കളും വലിയ പരിഭ്രാന്തിയിലായി.
സാധാരണയായി ഇവിടെ പ്രതിദിനം ശരാശരി ആറ് മരണങ്ങളാണ് സംഭവിക്കാറുള്ളത്. ഇത് അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള നിരക്കാണ്. എന്നാൽ ഒറ്റയടിക്ക് മരണസംഖ്യ ഉയർന്നത് അസ്വാഭാവികവും നിർഭാഗ്യകരവുമാണെന്ന് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.എസ്. സദാനന്ദ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുമ്പോൾ തന്നെ രോഗികളിൽ ഭൂരിഭാഗവും അതീവ ഗുരുതരാവസ്ഥയിലായിരുന്നുവെന്നും അതാണ് മരണസംഖ്യ ഉയരാൻ കാരണമായതെന്നും ഡോ. സദാനന്ദ വിശദീകരിച്ചു. ഇതൊരു ടെർഷ്യറി കെയർ ഇൻസ്റ്റിറ്റ്യൂട്ടായതിനാൽ മറ്റ് ആശുപത്രികളിൽ നിന്ന് അതീവ ഗുരുതരാവസ്ഥയിലായ രോഗികളെയാണ് ഇങ്ങോട്ട് റഫർ ചെയ്യുന്നത്. മരണമടഞ്ഞവരിൽ ചിലർ 70 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. പൂർണ്ണ ആരോഗ്യവാനായ ഒരാൾ പോലും ഇന്നലെ മരിച്ചിട്ടില്ല. ലഭ്യമായതിൽ വെച്ച് ഏറ്റവും മികച്ച ചികിത്സയാണ് എല്ലാവർക്കും നൽകിയതെന്നും മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.എസ്. സദാനന്ദ കൂട്ടിച്ചേർത്തു.
കഴിഞ്ഞ 2025 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 21,500 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ 1,245 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇത് ആകെ രോഗികളുടെ 5.7 ശതമാനം മാത്രമാണ്. ഈ ജൂൺ മാസത്തിൽ ചില ദിവസങ്ങളിൽ ഒരു മരണം പോലും നടന്നിട്ടില്ലെന്നും മറ്റ് ചില ദിവസങ്ങളിൽ രണ്ടും നാലും മരണങ്ങൾ മാത്രമാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പ്രതിദിനം ആയിരത്തോളം രോഗികളാണ് എത്തുന്നതെന്നും ഇവരെ പരിശോധിക്കാൻ 7 ഡോക്ടർമാർ മാത്രമാണുള്ളതെന്നും സൂപ്രണ്ട് വ്യക്തമാക്കി. രോഗികളുടെ എണ്ണത്തിന് അനുസരിച്ച് കൂടുതൽ ജൂനിയർ ഡോക്ടർമാരെ ആശുപത്രിക്ക് ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ചയുണ്ടായ മരണങ്ങളുമായി ബന്ധപ്പെട്ട് സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ശ്രീനിധി ആശുപത്രിയിലുണ്ടായിരുന്നുവെന്നും മരിച്ച രോഗിയുടെ ബന്ധുക്കളോട് സംസാരിച്ചിരുന്നുവെന്നും അധികൃതർ അറിയിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമാണ്. ആശുപത്രിയിലെത്തുന്ന രോഗികൾക്ക് 2-3 മിനിറ്റുകൾക്കകം തന്നെ അടിയന്തര പരിചരണം ലഭ്യമാക്കാൻ ജീവനക്കാർ എപ്പോഴും സജ്ജരാണെന്നും മെഡിക്കൽ സൂപ്രണ്ട് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

