ഗുജറാത്തിലെ ഒബ്സർവേഷൻ ഹോമിന്റെ ഗ്രില്ലുകൾ തകർത്ത് 11 കുട്ടികൾ ചാടിപ്പോയി
text_fieldsരാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിലുള്ള സോണൽ ഒബ്സർവേഷൻ ഹോമിൽ നിന്നും പതിനൊന്ന് അന്തേവാസികളായ കുട്ടികൾ ഗ്രില്ല് തകർത്ത് ചാടിപ്പോയി. ഞായറാഴ്ച രാവിലെ പതിനൊന്നോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സ്ഥാപനത്തിലെ സിസിടിവി ക്യാമറകളും ഗ്രില്ലുകളും തകർത്താണ് കുട്ടികൾ പുറത്തുകടന്നത്.
രക്ഷപ്പെട്ടവരിൽ പാകിസ്താൻ പൗരനായ ഒരു ആൺകുട്ടി പിന്നീട് കേന്ദ്രത്തിൽ സ്വയം തിരിച്ചെത്തി. സംഭവത്തിന്റെ സൂത്രധാരൻ ഉൾപ്പെടെ മറ്റ് രണ്ട് കുട്ടികളെ അഹമ്മദാബാദിന് സമീപത്തുനിന്ന് പൊലീസ് പിടികൂടി. ചാടിപ്പോയ മറ്റ് എട്ട് കുട്ടികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയിൽ ഏഴ് വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട, 18 വയസ്സിന് താഴെയുള്ള 55 കുട്ടികളാണ് നിലവിൽ ഈ നിരീക്ഷണ കേന്ദ്രത്തിലുള്ളത്. കുട്ടികളെ ഭയപ്പെടുത്താതെ മുഖ്യധാരാ സമൂഹത്തിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി ആയുധധാരികളായ സുരക്ഷാ ജീവനക്കാരെ ഇവിടെ നിയോഗിക്കാറില്ല. പകരം മൂന്ന് ഷിഫ്റ്റുകളിലായി സിവിൽ യൂണിഫോമിലുള്ള ആറ് ഗാർഡുകളെയാണ് ഇവിടെ വിന്യസിച്ചിട്ടുള്ളത്.
ഈ സെക്യൂരിറ്റി ജീവനക്കാരുടെ ശ്രദ്ധ തിരിച്ചുവിട്ടാണ് കുട്ടികൾ തന്ത്രപരമായി രക്ഷപ്പെട്ടത്. മുൻകൂട്ടി ആസൂത്രണം ചെയ്താണ് കുട്ടികൾ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും കടന്നുകളഞ്ഞതെന്ന് രാജ്കോട്ട് കളക്ടർ ഓം പ്രകാശ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

