പത്താം ക്ലാസ് മുതൽ പിഎച്ച്.ഡി വരെ വ്യാജ സർട്ടിഫിക്കറ്റ് റെഡി, ചിലവ് 20,000 മുതൽ രണ്ട് ലക്ഷം വരെ; വ്യാജ സർട്ടിഫിക്കറ്റ് റാക്കറ്റ് പിടിയിൽ
text_fieldsന്യൂഡൽഹി: വ്യാജ സർട്ടിഫിക്കറ്റ് റാക്കറ്റിനെ വലയിലാക്കി ഡൽഹി പൊലീസ്. രാജ്യത്തെ വിവിധ സർക്കാർ, സ്വകാര്യ സർവ്വകലാശാലകളുടെയും സംസ്ഥാന വിദ്യാഭ്യാസ ബോർഡുകളുടെയും വ്യാജ ബിരുദങ്ങളും സർട്ടിഫിക്കറ്റുകളും തയാറാക്കി ആവശ്യക്കാർക്ക് നൽകുന്ന സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ പിതാംപുരയിലുള്ള എം.എച്ച് എഡ്യൂവേഴ്‌സിറ്റി, ഡിജിറ്റൽ സ്‌കൂൾ ഓഫ് ഇന്ത്യ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നാണ് ദൽ ചന്ദ് മെഹെറോലിയ എന്ന റാക്കറ്റ് തലവനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്തത്.
ഷാങ്ഹായ് ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റി, വില്യം കാരി യൂണിവേഴ്‌സിറ്റി, ഷില്ലോങ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, കർണാടക, ഉത്തർപ്രദേശ്, ഹരിയാന, കലിംഗ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ യൂണിവേഴ്‌സിറ്റികൾ തുടങ്ങിയവയുടെ പേരിലുള്ള 19 വ്യാജ മാർക്ക് ഷീറ്റുകളും ബിരുദ സർട്ടിഫിക്കറ്റുകളും കണ്ടെടുത്തു. 11 ലാപ്‌ടോപ്പുകൾ, 14 മൊബൈൽ ഫോണുകൾ, വ്യാജ സ്റ്റാമ്പുകൾ എന്നിവയും പിടിച്ചെടുത്തു.
അന്വേഷണത്തിനിടെ സഹപ്രതിയായ മഹാവീർ കുമാറിനെ ബുരാരിയിൽ നിന്ന് അറസ്റ്റ് ചെയ്തു. വിവിധ സർവകലാശാലകളുടെയും സംസ്ഥാന വിദ്യാഭ്യാസ ബോർഡുകളുടെയും വ്യാജ ബിരുദങ്ങൾ, സർട്ടിഫിക്കറ്റുകൾ, മാർക്ക് ഷീറ്റുകൾ, മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ, ലാപ്‌ടോപ്പ്, പ്രിന്‍ററുകൾ, വ്യാജ സ്റ്റാമ്പുകൾ എന്നിവയുൾപ്പെടെ പലതും ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
2020 മുതൽ താൻ ഈ സ്ഥാപനം നടത്തുന്നുണ്ടെന്നും നിരവധി പെൺകുട്ടികളെ ഇവിടെ ടെലികോളർ ജോലിക്ക് നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യപ്രതി വെളിപ്പെടുത്തി. സർവകലാശാലകളിലേക്കും കോളജുകളിലേക്കും പ്രവേശനം തേടാൻ ഇവർ വിദ്യാർഥികളെ വിളിക്കും. താൽപ്പര്യമുള്ള വിദ്യാർഥികളുടെ ഡാറ്റ തനിക്ക് നൽകിയിട്ടുണ്ടെന്നും പ്രതി പറഞ്ഞു. ഒരു വിദ്യാർഥിയേയും ഇയാൾ നേരിട്ട് കണ്ടിട്ടില്ലെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി.
പത്താം ക്ലാസ് മുതൽ പിഎച്ച്.ഡി വരെയുള്ള വ്യാജ മാർക്ക് ഷീറ്റിന് 20,000 രൂപ മുതൽ 2,20,000 രൂപ വരെയാണ് ഇവർ ഈടാക്കുന്നത്. തുക കൈപ്പറ്റിയ ശേഷം ബിരുദം കൊറിയർ വഴിയാണ് അയച്ചുകൊടുത്തിരുന്നത്. രണ്ടായിരത്തിലധികം വ്യാജ ബിരുദങ്ങൾ വിറ്റിട്ടുണ്ടെന്നും തങ്ങൾ നൽകിയ വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ പലരും ജോലി നേടിയിട്ടുണ്ടെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

