തെലങ്കാനയിലെ ആദിവാസി ഹോസ്റ്റലിൽ പത്താം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ; ദുരൂഹതയെന്ന് കുടുംബം
text_fieldsതെലങ്കാന വികാരാബാദ് ജില്ലയിൽ ആദിവാസി ആൺകുട്ടികളുടെ ഹോസ്റ്റലിൽ പത്താം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ദേവേന്ദർ ആണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ദേവേന്ദറിന്‍റെ കുടുംബം രംഗത്തെത്തി.
അനക്കമറ്റ നിലയിൽ കണ്ടെത്തിയ കുട്ടിയെ ഹോസ്റ്റൽ ജീവനക്കാർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരണകാരണം വ്യക്തമല്ല. കുട്ടിയുടെ മരണത്തിന് കാരണമാകുന്ന തരത്തിൽ യാതൊന്നും സംഭവിച്ചിട്ടില്ലെന്ന് സഹപാഠികൾ പറഞ്ഞു.
മരണവാർത്ത അറിഞ്ഞതോടെ കുടുംബാംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. വിദ്യാർഥിയുടെ മരണത്തിന് പിന്നിൽ ഹോസ്റ്റൽ ജീവനക്കാരാണെന്ന് കുടുംബം ആരോപിച്ചു. കുട്ടിയെ മരണത്തിലേക്ക് നയിക്കുന്ന തരത്തിൽ അസ്വഭാവിക സാഹചര്യം ഉണ്ടായെന്നാണ് കുടുംബത്തിന്‍റെ ആരോപണം.
സംഭവ സ്ഥലത്തെത്തിയ പൊലീസ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. ജില്ല ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ കമലാകർ റെഡ്ഡി ആശുപത്രി സന്ദർശിച്ചു. വിദ്യാർഥിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

