ലഖ്നോ: ഉത്തർപ്രദേശിലെ ഹാഥറസിൽ കൂട്ടബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയും കേസിലെ മുഖ്യപ്രതിയും തമ്മിൽ അടുത്ത ബന്ധം പുലർത്തിയിരുന്നെന്ന വെളിപ്പെടുത്തലുമായി യു.പി പൊലീസ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇവർ തമ്മിൽ 104 ഫോൺ കോളുകൾ നടത്തിയിരുന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറയുന്നു.
പെൺകുട്ടിയുടെ കുടുംബാംഗങ്ങളുടെയും പ്രതികളുടെയും കോൾ ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് പെൺകുട്ടിയും മുഖ്യപ്രതിയായ സന്ദീപ് സിങ്ങും തമ്മിൽ പല തവണ ഫോൺ വിളിച്ചിരുന്നെന്ന് പൊലീസ് കണ്ടെത്തിയത്. പെൺകുട്ടിയുടെ സഹോദരൻ സത്യേന്ദ്രയുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ചാണ് വിളിച്ചിരിക്കുന്നത്.
സത്യേന്ദ്രയുടെ 989ൽ ആരംഭിക്കുന്ന നമ്പരിലെയും സന്ദീപിന്‍റെ 76186ൽ ആരംഭിക്കുന്ന നമ്പരിലെയും കോൾ ലിസ്റ്റാണ് പൊലീസ് പരിശോധിച്ചത്. 2019 ഒക്ടോബർ 13 മുതൽ ചന്ദ്പ മേഖലയിലെ ടവറുകൾ കേന്ദ്രീകരിച്ചാണ് കോളുകൾ നടന്നത്. പെൺകുട്ടിയുടെ ഗ്രാമത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് ചന്ദ്പയിലെ ടവറുകൾ.
സത്യേന്ദ്രയുടെ നമ്പർ പരിശോധിച്ചതിൽ 62 ഔട്ട്ഗോയിങ് കോളുകളും 42 ഇൻകമിങ് കോളുകളുമാണ് സന്ദീപിന്‍റെ നമ്പറുമായി ഉണ്ടായിരിക്കുന്നത്. ഈ കോളുകൾ സത്യേന്ദ്രയുമായാണോ പെൺകുട്ടിയുമായാണോ സന്ദീപ് നടത്തിയതെന്നത് പൊലീസ് വ്യക്തമാക്കിയിട്ടില്ല. ഇവരിൽ ആര് തമ്മിലാണെങ്കിലും ഹാഥറസ് കേസിൽ പുതിയ വഴിത്തിരിവാകും ഈ കണ്ടെത്തൽ.