റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി രാജസ്ഥാനിൽ നിന്ന് സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തു
text_fieldsജയ്പൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനായി രാജ്യം ഒരുങ്ങുന്നതിനിടെ രാജസ്ഥാനിൽ നിന്നും വൻ സ്ഫോടകവസ്തുക്കളുടെ ശേഖരം കണ്ടെടുത്തു. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഉഗ്ര ശക്തിയുള്ള സ്ഫോടകവസ്തുക്കൾ കണ്ടെടുത്തത്. 187ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 9550 കിലോഗ്രാം അമോണിയം നൈട്രേറ്റാണ് പിടിച്ചെടുത്തത്.
തൻവാല പൊലീസ് സ്റ്റേഷൻ പരിധിയിലെ സർഹാദ് ഹർസൗൻ ഗ്രാമത്തിലെ ഫാം ഹൗസിലാണ് ഇവ ഒളിപ്പിച്ചിരുന്നത്. അമോണിയം നൈട്രേറ്റിന് പുറമെ ബോക്സുകളിൽ സൂക്ഷിച്ചിരുന്ന ഡിറ്റണേറ്ററുകളും ചുവപ്പ്, നീല നിറങ്ങളിലുള്ള ഫ്യൂസ് വയറുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഡൽഹി ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിന് സമാനമായ ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കളാണ് ഇവയെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
സ്ഫോടകവസ്തുക്കളുടെ ഉറവിടം, ഇവ എന്തിനുവേണ്ടി ശേഖരിച്ചു എന്നിവയെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഹർസൗൻ സ്വദേശിയായ സുലൈമാൻ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മുമ്പ് മൂന്ന് ക്രിമിനൽ കേസുകളിലെ പ്രതിയായിരുന്നു.
പ്രതിക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടോ എന്ന കാര്യത്തെ കുറിച്ച് പൊലീസ് പരിശോധിച്ച് വരികയാണ്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര അന്വേഷണ ഏജൻസികളെ വിവരം അറിയിച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി നടന്ന ഈ വേട്ടയിലൂടെ വലിയൊരു സുരക്ഷാ ഭീഷണിയാണ് ഒഴിവാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

