സി.പി.ഐക്ക് 100 വയസ്സ്; ബി.ജെ.പി-ആർ.എസ്.എസ് രാജിൽനിന്ന് രാജ്യത്തെ മോചിപ്പിക്കലാണ് മുന്നോട്ടുള്ള പോരാട്ടമെന്ന് ഡി. രാജ
text_fieldsസി.പി.ഐ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി കൊൽക്കത്തയിൽ നടന്ന റാലി
ന്യൂഡൽഹി: ചരിത്രം ഓർമിച്ചും വരാനിരിക്കുന്ന നാളുകളുടെ വെല്ലുവിളികൾ ചർച്ച ചെയ്തും സി.പി.ഐ രൂപവത്കരണത്തിന്റെ ഒരുവർഷം നീണ്ട 100ാം വാർഷിക പരിപാടികൾക്ക് സമാപനം. ദേശീയ ആസ്ഥാനമായ ഡൽഹി ഐ.ടി.ഒയിലുള്ള അജോയ് ഭവനിൽ ‘കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് 100 വർഷം; പൈതൃകവും ഭാവിയും’ എന്ന വിഷയത്തിൽ നടന്ന സെമിനാറും സാംസ്കാരിക പരിപാടികളോടും കൂടിയാണ് ദേശീയതലത്തിൽ ആഘോഷങ്ങൾക്ക് വെള്ളിയാഴ്ച സമാപനം കുറിച്ചത്.
സി.പി.ഐക്ക്100 വയസ്സ് തികയുമ്പോൾ, അതിന്റെ ചരിത്രം ധീരതയുടെയും ത്യാഗത്തിന്റെയും രേഖയായി നിലകൊള്ളുന്നുവെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത് പാർട്ടി ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു. 1925 ഡിസംബര്‍ 26ന് കാണ്‍പൂരിലായിരുന്നു പാര്‍ട്ടിയുടെ രൂപവത്കരണ സമ്മേളനം. കമ്യൂണിസ്റ്റ് ആശയങ്ങളാൽ നയിക്കപ്പെടുന്ന ആളുകൾക്ക് ചരിത്രത്തെ മാറ്റിമറിക്കാൻ കഴിയുമെന്ന് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം സ്ഥിരീകരിക്കുന്നു. മുന്നോട്ടുള്ള പോക്കിൽ വെല്ലുവിളികൾ ഏറെയാണ്.
ജനാധിപത്യം തന്നെ ആക്രമിക്കപ്പെടുന്നു, ജനങ്ങളുടെ അവകാശങ്ങളും ഉപജീവനമാർഗങ്ങളും ആസൂത്രിതമായി ഇല്ലാതാക്കപ്പെടുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ നേട്ടങ്ങൾ മനഃപൂർവം നശിപ്പിക്കുന്നു. ഭരണഘടന അട്ടിമറിക്കാനും സ്വേച്ഛാധിപത്യം അടിച്ചേൽപിക്കാനും ശ്രമിക്കുന്നു. ബ്രിട്ടീഷ് രാജിൽനിന്ന് ഇന്ത്യയെ മോചിപ്പിച്ചതാണ് ചരിത്രമെങ്കിൽ ബി.ജെ.പി-ആർ.എസ്.എസ് രാജിൽനിന്ന് രാജ്യത്തെ മോചിപ്പിക്കലാണ് മുന്നോട്ടുള്ള പോരാട്ടം. ഇടതുപക്ഷ-കമ്യൂണിസ്റ്റ് പാർട്ടികളെ ഒന്നിപ്പിക്കുക, സി.പി.ഐയെ ശക്തിപ്പെടുത്തുക തുടങ്ങിയവയും പാർട്ടിക്ക് മുന്നിലുള്ള ദൗത്യങ്ങളാണെന്നും ഡി.രാജ വിശദീകരിച്ചു.
പാർട്ടി ദേശീയ സെക്രട്ടേറിയറ്റ് അംഗം അഡ്വ. കെ പ്രകാശ് ബാബു അധ്യക്ഷതവഹിച്ചു. ദേശീയ നേതാക്കളായ അമർജീത് കൗർ, ആനി രാജ തുടങ്ങിയവരും സംസാരിച്ചു. 100ാം വാർഷിക ദിനത്തോട് അനുബന്ധിച്ച് അജോയ് ഭവന് മുന്നിൽ ദേശീയ നേതാക്കളുടെയും നൂറുകണക്കിന് പ്രവർത്തകരുടെയും സാന്നിധ്യത്തിൽ പാർട്ടി പതാക ഉയർത്തി. പാര്‍ട്ടിയുടെ 100 വര്‍ഷത്തെ ചരിത്രം വ്യക്തമാക്കുന്ന പ്രദര്‍ശനവും അജോയ് ഭവനിൽ സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

