100 ഭീകരർ 'ഓപറേഷൻ സിന്ദൂറിൽ' കൊല്ലപ്പെട്ടുവെന്ന് രാജ്നാഥ് സിങ്; സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുത്തില്ല
text_fieldsന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സായുധസേന നടത്തിയ തിരിച്ചടിയിൽ 100 പാക് ഭീകരവാദികൾ കൊല്ലപ്പെട്ടുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഇന്ത്യ-പാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് മന്ത്രിയുടെ വിശദീകരണം.
സ്ഥിതിഗതികൾ വഷളാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. എന്നാൽ, പാകിസ്താൻ പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കുമെന്നും സർവകക്ഷിയോഗത്തിൽ രാജ്നാഥ് സിങ് പറഞ്ഞു.
പാക് അധീന കശ്മീരിലെയും പാകിസ്താനിലേയും ഒമ്പത് ഭീകര ക്യാമ്പുകളിലാണ് ‘ഓപറേഷൻ സിന്ദൂർ’ എന്ന പേരിൽ ആക്രമണം നടത്തിയത്.
അതിർത്തി കടന്നുള്ള ഭീകരതയെ ചെറുക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ പിന്തുണക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ ഉറപ്പുനൽകി. 'അവർ പറഞ്ഞത് ഞങ്ങൾ കേട്ടു... ചില വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന് അവർ പറഞ്ഞു. ഞങ്ങൾ എല്ലാവരും സർക്കാരിനൊപ്പമാണ്' - യോഗത്തിന് ശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രി സർവ കക്ഷിയോഗത്തിൽ പങ്കെടുക്കാതിരുന്നതിനെ ഖാർഗെ വിമർശിച്ചു. പ്രധാനമന്ത്രി എന്തിനാണ് പ്രതിപക്ഷത്തെ പേടിക്കുന്നതെന്നും എന്തുകൊണ്ടാണ് രണ്ട് സർവകക്ഷി യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നും ഖാർഗെ ചോദിച്ചു.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ എന്നിവരും വിവിധ കക്ഷി നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായാണ് ബുധനാഴ്ച പുലർച്ചെ പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ ജമ്മു കശ്മീരിലെയും ഒൻപത് ഭീകരപരിശീലന കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ച് തകർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

