
മൂന്നാംക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; അഞ്ചു കുട്ടികൾ പിടിയിൽ
text_fieldsറെവാരി: ഹരിയാനയിൽ മൂന്നാംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ അഞ്ചു കുട്ടികൾ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ. ഒരാൾ ഒളിവിലാണ്.
എട്ടുവയസിനും 15വയസിനും ഇടയിലുള്ളവരാണ് പ്രതികൾ. 18 വയസായ ഒരാളും അറസ്റ്റിലായവരിൽ ഉൾപ്പെടും.അക്രമത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പ്രതികൾ വിഡിയോയിൽ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.
മേയ് 24നാണ് കേസിന് ആസ്പദമായ സംഭവം. പത്തുവയസുകാരി വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പ്രതികൾ തട്ടിക്കൊണ്ട് പോകുകയായിരുന്നു. സമീപത്തെ സ്കൂളിൽ എത്തിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ഇവർ പകർത്തി, രണ്ടു നമ്പറുകളിലേക്ക് അയച്ചുനൽകുകയായിരുന്നു.
വ്യാഴാഴ്ച പെൺകുട്ടിയെ ആക്രമിക്കുന്ന വിഡിയോ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് 18കാരനെയും മറ്റു അഞ്ചുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ മൂന്നുപേർ പെൺകുട്ടിയുടെ കുടുംബത്തിൽനിന്നുള്ളവർ തന്നെയാണ്.
പ്രതികളായ ഏഴുേപർക്കെതിരെയും പോക്സോ, ഐ.ടി വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
പ്രായപൂർത്തിയാകാത്ത അഞ്ചു പ്രതികളെയും ജുവനൈൽ കോടതിയിൽ ഹാജരാക്കിയശേഷം ജുവനൈൽ ഹോമിലേക്ക് മാറ്റി. മറ്റൊരാൾക്കായി തെരച്ചിൽ ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
