ഉത്തരാഖണ്ഡിലെ ചമോലിയിൽ മേഘവിസ്ഫോടനം 10 പേരെ കാണാതായി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
text_fieldsചമോലിയിലുണ്ടായ മലവെള്ളപ്പാച്ചിൽ
ഉത്തരാഖണ്ഡ്: നന്ദാനഗർ മുനിസിപ്പൽ കൗൺസിലിലെ ഒരു വാർഡായ ചമോലിയിൽ, കുന്താരി ലഗപാലിയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. മണ്ണും മഴയും ചെളിയും പാറയും ഒഴുകിയെത്തി ജനവാസകേന്ദ്രങ്ങളിലെ ആറ് കെട്ടിടങ്ങളാണ് തകർത്തത്. രക്ഷാപ്രവർത്തകരെത്തി രണ്ടു പേരെ രക്ഷപ്പെടുത്തി.
മേഖലയിൽ ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കനത്ത മഴയിൽ ധർമ ഗ്രാമത്തിലെ മിക്ക വീടുകളും ഭാഗികമായി തകർന്നിട്ടുണ്ട്. അതേസമയം, ഡെറാഡൂൺ ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് ജില്ലയിലെ അംഗൻവാടികൾക്കും സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങളടക്കം വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു.
ചമോലി ജില്ലയിലെ നന്ദാനഗർ ഘട്ട് പ്രദേശത്ത് ബുധനാഴ്ച രാത്രി മേഘവിസ്ഫോടനത്തിൽ വ്യാപക നാശനഷ്ടമുണ്ടായതായി ജില്ല മജിസ്ട്രേറ്റ് സന്ദീപ് തിവാരി വാർത്ത ഏജൻസിയോട് പറഞ്ഞു. കുന്താരി ലഗഫാലി വാർഡിലെ ആറ് വീടുകൾ മണ്ണിടിച്ചിലിലുണ്ടായ അവശിഷ്ടങ്ങൾക്കടിയിലായി വീടുകളിലുണ്ടായിരുന്ന ഏഴ് പേരിൽ രണ്ട് പേരെ രക്ഷപ്പെടുത്തിയതായും ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
എസ്.ഡി.ആർ.എഫും നന്ദപ്രയാഗിൽ എത്തിയിട്ടുണ്ട്, എൻ.ഡി.ആർ.എഫും ഗോച്ചറിൽ നിന്ന് നന്ദപ്രയാഗിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഒരു മെഡിക്കൽ സംഘവും മൂന്ന് 108 ആംബുലൻസുകളും സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്ന് സി.എം.ഒ അറിയിച്ചു. നന്ദനഗർ തഹസിലിലെ ധർമ ഗ്രാമത്തിൽ, കനത്ത മഴയിൽ നാലോ അഞ്ചോ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും മോക്ഷ നദിയിലെ ജലനിരപ്പ് ഉയർന്നതായും റിപ്പോർട്ടുണ്ട്.
മൺസൂൺ തുടങ്ങിയതോടെ വടക്കേ ഇന്ത്യയിൽ അസാധാരണമാം വിധമാണ് ചിലപ്രദേശങ്ങളിൽ കനത്തമഴ പെയ്യുന്നത്. അതിനൊപ്പം ഉണ്ടാകുന്ന മേഘവിസ്ഫോടനവും മണ്ണിടിച്ചിലും ജനജീവിതത്തെ പാടെ അട്ടിമറിക്കുകയാണ്. കാലാസ്ഥയിലുണ്ടാകുന്ന മാറ്റം പ്രകൃതിയെ സാരമായി ബാധിക്കുന്നതായാണ് കാലാവസ്ഥാ വിഭാഗത്തിന്റെ റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

