മണിപ്പൂരിൽ വീണ്ടും സംഘർഷം; 10 ഭീകരർ കൊല്ലപ്പെട്ടു
text_fieldsഗുവാഹത്തി: മണിപ്പൂരിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 10 ഭീകരർ കൊല്ലപ്പെട്ടു. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന ചാണ്ടേൽ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സൈന്യം അറിയിച്ചു. രഹസ്യാന്വേഷണ വിവരത്തെ തുടർന്ന് അസം റൈഫിൾസ് പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
കഴിഞ്ഞ ദിവസം പരിശോധന നടത്തുന്നതിനിടെ ഭീകരർ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യം നടത്തിയ തിരിച്ചടിയിലാണ് 10 പേർ കൊല്ലപ്പെട്ടതെന്നും സുരക്ഷാസേന അറിയിച്ചു. ഭീകരരുമായുള്ള ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നും സുരക്ഷാസേന വ്യക്തമാക്കി. പ്രദേശത്ത് നിന്ന് നിരവധി ആയുധങ്ങൾ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്.
മണിപ്പൂരിൽ കലാപം നടന്ന് രണ്ട് വർഷമാകുമ്പോഴും സമാധാനം ഇപ്പോഴും അകലെയാണ്. ഭൂരിപക്ഷ സമുദായമായ മെയ്തേയ് വിഭാഗത്തെ പട്ടികവർഗ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ഹൈകോടതി ഉത്തരവിനെ തുടർന്ന് കുക്കി ഗോത്രവർഗക്കാർ നടത്തിയ പ്രതിഷേധമാർക്ക് അക്രമാസക്തമായതിനെ തുടർന്നാണ് മണിപ്പൂരിൽ സംഘർഷമുണ്ടായത്.
സംഘർഷങ്ങളെ തുടർന്ന് 200ലേറെ പേർക്ക് ജീവൻ നഷ്ടമായി. സൈന്യത്തിനും അസം റൈഫിൾസിനും പുറമേ 30,000ത്തോളം വരുന്ന കേന്ദ്രസേനയും മണിപ്പൂരിലുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ മാറ്റി മണിപ്പൂരിൽ രാഷ്ട്രപതി ഭരണം കൊണ്ടു വരികയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

