തമിഴ്നാട്ടിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 10 മരണം
text_fieldsചെന്നൈ: തമിഴ്നാട്ടിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 10 പേർ മരിച്ചു. 23 പേർക്ക് പരിക്കേറ്റു. തഞ്ചാവൂർ ജില്ലയിൽ വെള്ളിയാഴ്ച അർധരാത്രിയാണ് സംഭവം. തിരുപ്പൂരിൽ നിന്ന് കുംഭകോണത്തേക്ക് പോവുകയായിരുന്ന ബസും സ്റ്റീൽ കയറ്റി വരികയായിരുന്ന ട്രക്കും വല്ലം ടൗണിലെ ഒാവർ ബ്രിഡ്ജിൽ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു.
ബസിലെ എട്ട് യാത്രക്കാരും ഇരുവാഹനങ്ങളുടെയും ഡ്രൈവർമാരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരെ തഞ്ചാവൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തമിഴ്നാട് കോർപറേഷൻ ബസ് സ്റ്റീൽ കയറ്റി പോവുകയായിരുന്ന ട്രക്കിനെ മറികടക്കാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്ന് പൊലീസ് പറയുന്നു.
മരിച്ചവർക്ക് അടിയന്തര ധനസഹായമായി ഒരു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 55,000 രൂപയും നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു.
