മധ്യപ്രദേശിൽ 10 കോവിഡ് രോഗികൾ ഓക്സിജൻ കിട്ടാതെ മരിച്ചെന്ന് ബന്ധുക്കൾ; നിഷേധിച്ച് ആശുപത്രി അധികൃതർ
text_fieldsകടപ്പാട്: Associated Press
ഭോപാൽ: മധ്യപ്രദേശിലെ ശഹദോൽ ജില്ലയിലെ സർക്കാർ മെഡിക്കൽ കോളജിൽ 10 കോവിഡ് രോഗികൾ ഓക്സിജൻ ദൗർലഭ്യം മൂലം മരിച്ചെന്ന് ആരോപണം. അതേസമയം, ജില്ലാ ഭരണകൂടവും ആശുപത്രി അധികൃതരും ഇക്കാര്യം നിഷേധിച്ചു. 'ഇന്നലെ ആറ് മരണമാണ് ഐ.സി.യുവിൽ സംഭവിച്ചത്. അവയുടെ കാരണം ഒാക്സിജൻ ദൗർലഭ്യമല്ല. ഐ.സി.യുവിൽ 62 രോഗികളാണുള്ളത്. ഹോസ്പിറ്റലിൽ 255 കോവിഡ് രോഗികളുണ്ട്. ഇതിൽ 155 പേർക്ക് ഓക്സിജൻ ലഭ്യമാക്കുന്നുണ്ട്' -മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ഡീൻ ഡോ. മിലിന്ദ് ശിരാൽകർ പറഞ്ഞു.
ഓക്സിജൻ ലഭിക്കാത്തതിനെ തുടർന്നല്ല മരണങ്ങൾ സംഭവിച്ചതെന്ന് ജില്ലാ കലക്ടർ സേത്യന്ദ്ര സിങ് വ്യക്തമാക്കി. 'ജംബോ സിലിണ്ടറുകളുടെ സേവനം എേപ്പാഴും മെഡിക്കൽ കോളജിൽ ലഭ്യമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്' -അദ്ദേഹം പറഞ്ഞു. ഓക്സിജൻ ലഭിക്കാത്തത് മൂലം രോഗികൾ മരിച്ചെന്ന പ്രചാരണം തെറ്റാണെന്ന് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് കൈലാസ് സാരംഗ് പറഞ്ഞു. സംസ്ഥാനത്ത് ആവശ്യത്തിന് ഓക്സിജൻ ലഭ്യമാണെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 335 െമട്രിക് ടൺ ഓക്സിജൻ ആണ് ആവശ്യമെന്നും 350 മെട്രിക് ടൺ സംസ്ഥാനത്ത് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ആശുപത്രി അധികൃതരുടെയും ജീവനക്കാരുടെയും വീഴ്ച മൂലമാണ് മരണങ്ങൾ സംഭവിച്ചതെന്ന് മരിച്ചവരുടെ ബന്ധുക്കൾ ആരോപിക്കുന്നു. 'രാവിലെ ആറ് മണിക്കാണ് എന്‍റെ ബന്ധു മരിച്ചതായി അറിയിക്കുന്നത്. ഐ.സി.യുവിലുള്ള രോഗികൾക്ക് രാത്രി ബന്ധുക്കൾ ഭക്ഷണം നൽകി മടങ്ങിയതാണ്. പിന്നെ കേൾക്കുന്നത് മരണവാർത്തയും. ആദ്യം ഐ.സി.യുവിൽ കയറി കാണാൻ ഞങ്ങളെ അനുവദിച്ചില്ല. പിന്നെ ബഹളമുണ്ടാക്കി കയറിയപ്പോൾ പത്തോളം പേർ മരിച്ചതായി കണ്ടു. മൃതദേഹങ്ങൾ തണുത്ത് മരവിച്ചിരുന്നു. ഓക്സിജൻ വിതരണം നിലച്ചതായി ആശുപത്രിയിലെ ഗാർഡുമാരാണ് ഞങ്ങളോട് പറയുന്നത്' -മരിച്ചവരിലൊരാളുടെ ബന്ധു പറഞ്ഞു.
അതിനിടെ, ആറുപേർ മാത്രമേ മരിച്ചുള്ളുെയന്ന ആശുപത്രി അധികൃതരുടെ വാദത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് വിവേക് തൻഖ രംഗത്തെത്തി. 'ചിലർ പറയുന്നു മരിച്ചത് ആറുപേർ എന്ന്, ചിലർ 16 എന്ന്. കണക്കുകൾ എന്തുമാകട്ടെ, നഷ്ടപ്പെടുന്ന ഒരോ ജീവനും വിലപ്പെട്ടതാണ്. അധികൃതരുടെ അനാസ്ഥയാണ് ഇപ്പോൾ വെളിച്ചത്തുവന്നിരിക്കുന്നത്' -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

