1.45 കോടിയുടെ ഹവാലപണം പൊലീസുകാർ തട്ടിയെടുത്തു; മധ്യപ്രദേശിൽ 10 പൊലീസുകാർക്ക് സസ്പെൻഷൻ
text_fieldsRepresentational image
ഭോപ്പാൽ: വാഹനപരിശോധനക്കിടെ പിടികൂടിയ 1.45 കോടിയുടെ ഹവാല പണം കവർന്ന് പൊലീസുകാർ. മധ്യപ്രദേശിലെ സിയോണി ജില്ലാ പരിധിയിൽ നടന്ന പൊലീസുകാരുടെ വൻകവർച്ചക്കു പിന്നാലെ ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിടുകയും, ആരോപണ വിധേയരായ 10 പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
മധ്യപ്രദേശിൽ നിന്നും മഹാരാഷ്ട്രയിലെ ജൽനയിലേക്ക് കൊണ്ടുപോവുകയായിരുന്നു ഒന്നരകോടിയോളം രൂപയുടെ ഹവാല പണമാണ് പരിശോധനക്കിടെ പിടികൂടിയ പൊലീസുകാർ തന്നെ കവർന്ന് പങ്കുവെച്ചത്. ഒടുവിൽ ഹവാല പണവുമായി പോയ വാഹനത്തിന്റെ ഡ്രൈവറും, പണം കൊടുത്തയച്ച വ്യാപാരിയും പരാതിയുമായി രംഗത്തുവന്നതോടെ മധ്യപ്രദേശ് പൊലീസ് മേധാവികൾ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച രാത്രിയിൽ സിനോയ് ജില്ലയിലെ ബണ്ഡോൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ വനമേഖലയിൽ വെച്ചായിരുന്നു സംഭവങ്ങളുടെ തുടക്കം. പൊലീസ് സബ് ഡിവിഷണൽ ഓഫീസർ പൂജ പാണ്ഡെയുടെ നേതൃത്വത്തിലുള്ള സംഘം വാഹനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് കോടികളുമായി പോവുകയായിരുന്ന വാഹനം പിടികൂടുന്നത്.
വാഹനത്തിൽ ഹവാല പണമാണെന്ന് മനസ്സിലാക്കിയതോടെ പൊലീസ് സംഘം ഡ്രൈവറെ മർദിച്ച് ഓടിച്ചുവിട്ടതായി പരാതിയിൽ പറയുന്നു. പണം കണ്ടുകെട്ടി കേസ് എടുക്കുകയോ, മുതിർന്ന ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്യുകയോ ചെയ്തിരുന്നില്ല. അടുത്ത ദിവസമാണ് പണം നഷ്ടമായ വിവരം അറിഞ്ഞ് ഡ്രൈവറും, ബിസിനസുകാരനും പരാതിയുമായി ജബൽപൂർ ഐ.ജി പ്രമോദ് വർമയെ സമീപിക്കുന്നത്. തുടർന്നു നടന്ന അന്വേഷണത്തിൽ ആരോപണം തെളിഞ്ഞതോടെ പൊലീസുകാർക്കെതിരെ നടപടിയെടുത്തതായി ചുമതലയുള്ള എസ്.പി അറിയിച്ചു. വാഹനത്തിലുണ്ടായിരുന്ന 2.96 കോടി രൂപ നഷ്ടമായെന്നാണ് പരാതിക്കാരുടെ വാദം. എന്നാൽ, അന്വേഷണം പൂർത്തിയാകുമ്പോൾ മാത്രമേ എത്ര തുകയാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമാവൂ എന്ന് പൊലീസ് അറിയിച്ചു. മൂന്നു ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഐ.ജി നിർദേശിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ബണ്ഡോൽ സ്റ്റേഷൻ ചുമതലയുള്ള എസ്.ഐ അർപിത ഭായ്റാം, ഹെഡ് കോൺസ്റ്റബിൾമാരായ മഖൻ, രവീന്ദ്ര ഉയ്കെ, കോൺസ്റ്റബിൾമാരായ ജഗ്ദീഷ് യാദവ്, യോഗേന്ദ്ര ചൗരസ്യ, ഡ്രൈവർ റിതേദ്, പൊലീസുകാരായ നീരജ് രജപുത്, കേദർ, സദഫൽ എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ട മറ്റു പൊലീസുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

