പൂഞ്ച് സെക്ടറിലെ പാക് വെടിവെപ്പിൽ മരണം പത്തായി, മുപ്പതോളം പേർക്ക് പരിക്ക്; ഇന്ത്യൻ തിരിച്ചടിയിൽ പാക് സേനയിൽ ആൾനാശം
text_fieldsന്യൂഡൽഹി: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിൽ പാകിസ്താൻ സൈന്യം നടത്തിയ വെടിവെപ്പിൽ മരണസംഖ്യ ഉയർന്നു. രണ്ട് കുട്ടികളടക്കം 10 സിവിലിയന്മാർ കൊല്ലപ്പെട്ടതായാണ് പുതിയ വിവരം. ഇതിൽ രണ്ടു പേർ കുട്ടികളാണ്. മുപ്പതോളം പേർക്ക് പരിക്കേറ്റു.
മുഹമ്മദ് ആദിൽ, സലീം ഹുസൈൻ, റൂബി കൗർ, മുഹമ്മദ് അക്രം, അംറിക് സിങ്, രഞ്ജിത്ത് സിങ്, മുഹമ്മദ് റാഫി, മുഹമ്മദ് ഇഖ്ബാൽ, മുഹമ്മദ് സെയ്ൻ (12 വയസ്), സോയ ഖാൻ (10 വയസ്) എന്നിവരാണ് കൊല്ലപ്പെട്ടത്.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ തിരിച്ചടിക്ക് പിന്നാലെയാണ് പാകിസ്താൻ നിയന്ത്രണരേഖയിൽ കനത്ത വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയത്. പൂഞ്ച് സെക്ടറിലെ ഇന്ത്യ പ്രദേശങ്ങളിലെ ഗ്രാമങ്ങളും വീടുകളും ലക്ഷ്യമാക്കിയായിരുന്നു ആക്രമണം.
പാകിസ്താൻ വെടിവെപ്പിന് പിന്നാലെ സുരക്ഷാസേന കനത്ത തിരിച്ചടി നൽകി. തിരിച്ചടിയിൽ പാക് സൈന്യത്തിൽ ആൾനാശം ഉണ്ടായെന്ന് ഇന്ത്യൻ സേന വ്യക്തമാക്കി.
അതേസമയം, പാക് വെടിവെപ്പിന് പിന്നാലെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല അതിർത്തി ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥന്മാരുമായി സ്ഥിതിഗതികൾ വിലയിരുത്തി.
ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിൽ പാകിസ്താൻ സൈന്യം വെടിവെപ്പ് നടത്തിയതായി ഇന്ത്യൻ സുരക്ഷാസേന. പാക് വെടിവെപ്പിലും ഷെല്ലാക്രമണത്തിലും മൂന്നു സിവിലിയന്മാർ കൊല്ലപ്പെട്ടതായും സേന വാർത്താകുറിപ്പിൽ അറിയിച്ചു.
നിയന്ത്രണരേഖയിലെ ഇന്ത്യൻ ഗ്രാമങ്ങളാണ് പാകിസ്താൻ ലക്ഷ്യമിട്ടത്. കനത്ത ഷെല്ലാക്രമണത്തിൽ വീടുകൾ തകർന്നിട്ടുണ്ട്. പാക് വെടിവെപ്പിന് പിന്നാലെ സുരക്ഷാസേന അതിശക്തമായി തിരിച്ചടിച്ചു. തിരിച്ചടിയിൽ പാകിസ്താൻ സൈന്യത്തിന് ആൾനാശം സംഭവിച്ചതായും കരസേന വ്യക്തമാക്കി.
26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായാണ് പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ ആക്രമണം നടത്തിയത്.
'ഓപറേഷൻ സിന്ദൂർ' എന്ന് പേരിട്ട സൈനിക നടപടിയിൽ നാല് ജെയ്ശെ മുഹമ്മദ്, മൂന്ന് ലശ്കറെ ത്വയ്യിബ, രണ്ട് ഹിസ്ബുൽ മുജാഹിദീൻ കേന്ദ്രങ്ങളാണ് തകർത്തത്. കോട്ട്ലി, മുരിദ്കെ, ബഹാവൽപൂർ, ചക് അമ്രു, ഭിംബർ, ഗുൽപൂർ, സിയാൽകോട്ട്, മുസാഫറബാദ്, ഭാഗ് എന്നിവിടങ്ങളിലായിരുന്നു ആക്രമണം.
ഇന്ത്യയുടെ മിസൈൽ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 55 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ആക്രമണമുണ്ടായ വിവരം പാക് പ്രധാനമന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്. പാക് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്നും കരസേന വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

