ന്യൂഡൽഹി: കാർ മോഷ്ടാക്കളെന്നു സംശയിക്കുന്ന സംഘവും പൊലീസും തമ്മിലുണ്ടായ വെടിവെപ്പിൽ സംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടു. രാജസ്ഥാനിലെ ജയ്പൂർ സ്വദേശി നൂർ മുഹമ്മദ്(45) ആണ് മരിച്ചത്. ഒപ്പമുള്ള കുൽദീപ് എന്ന രവിയെ പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാറിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. സംഘത്തോടൊപ്പമുള്ള മൂന്നാമൻ മറ്റൊരു കാറിൽ രക്ഷപ്പെട്ടു.
ടൊയോട്ട ഫോർച്യൂണർ എസ്.യു.വി മോഷണം പോയതായും ജി.പി.എസ് പരിശോധനയിൽ വാഹനം വിവേക് വിഹാറിനടുത്ത് ജിൽമിൽ ഭാഗത്തുണ്ടെന്ന് മനസ്സിലായതായും പശ്ചിമ ഡൽഹിയിലെ മിയാൻവാലി നഗർ പൊലീസ് സ്റ്റേഷനിൽ നിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ പരിശോധനക്കായി എത്തിയതായിരുന്നു പൊലീസ് സംഘം. പരിശോധനക്കൊടുവിൽ കാറിനടുത്തെത്തിയ പൊലീസ് സംഘം മോഷ്ടാക്കൾ കാറെടുക്കാനെത്തുന്നതു വരെ പരിസരത്ത് മറഞ്ഞു നിന്നു. അൽപസമയം കഴിഞ്ഞപ്പോൾ നൂർ മുഹമ്മദും കുൽദീപും മറ്റൊരു കാറിൽ എസ്.യു.വിക്ക് അടുത്തു വന്നിറങ്ങി. ഇവരെ ഇറക്കിയ ശേഷം മൂന്നാമൻ കാറുമായി സ്ഥലം വിട്ടു.
ഇരുവരും വാഹനം എടുക്കുന്ന സമയം മുമ്പിലേക്ക് ചാടി വീണ പൊലീസുകാർക്കു നേരെ സംഘം വെടിയുതിർത്തു. തുടർന്ന് പൊലീസ് തിരിച്ചും വെടിവെച്ചു. വെടിവെപ്പിൽ വാഹനം ഒാടിച്ച നൂർ മുഹമ്മദിന് നെഞ്ചിൽ ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസിനെ കബളിപ്പിച്ച് കടന്നു കളഞ്ഞയാളെ കുറിച്ചുള്ള പേരുവിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.