രാമനവമി സംഘർഷം: ബിഹാറിൽ ഒരാൾ കൊല്ലപ്പെട്ടു; ആറ് പേർക്ക് പരിക്ക്, 80 പേർ അറസ്റ്റിൽ
text_fieldsപാട്ന: രാമനവമി സംഘർഷങ്ങൾക്ക് പിന്നാലെയുണ്ടായ ആക്രമണങ്ങളിൽ ബിഹാറിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. നളന്ദയിലെ ബിഹാർ ഷെരിഫിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ ആക്രമണത്തിലാണ് ഒരാൾ കൊല്ലപ്പെട്ടത്. ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ക്രമസമാധാനം നിയന്ത്രിക്കാനായി നളന്ദയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് പൊലീസ്. ആക്രമണങ്ങളെ തുടർന്ന് 80 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണെടന്ന് നളന്ദ ജില്ലാ മജിസ്ട്രേറ്റ് ശശാങ്ക് ശുഭങ്കർ പറഞ്ഞു. ജനങ്ങളെ ശാന്തരാക്കാൻ പ്രദേശത്തെ സമുദായ നേതാക്കളുമായി യോഗം ചേരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രദേശത്ത് ശക്തമായ പൊലീസ് സുരക്ഷ ഏർപ്പാടാക്കിയിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ക്യാമ്പ് ചെയ്യുന്നു. ആരെങ്കിലും മതസ്പർദ വളർത്തുന്ന തരത്തിൽ ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നുണ്ടോ എന്നറിയാൻ സമൂഹ മാധ്യമങ്ങൾ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
നളന്ദയെ കൂടാതെ, കഴിഞ്ഞ ദിവസം റോഹ്‍താഹ് ജില്ലയിലും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രോഹ്തഹിലെ സസരാമിലുണ്ടായ സ്ഫോടനത്തിൽ ആറ് പേർക്കാണ് പരിക്കേറ്റത്. സസരാമിലെ ഒരു വീട്ടിലാണ് സ്ഫോടനം നടന്നതെന്ന് പൊലീസ് പറഞ്ഞു.
വീടിനു പുറത്തു നിന്ന് ഒരു ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു. ഇവിടെയും ശക്തമായ പൊലീസ് സുരഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
രാമനവമിയോടനുബന്ധിച്ച് വെള്ളിയാഴ്ചയാണ് ബിഹാറിൽ വ്യാപക അക്രമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇരു വിഭാഗങ്ങൾ തമ്മിൽ പരസ്പരം സംഘർഷവും കല്ലേറും നടന്നു. അത് പിന്നീട് വ്യാപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

