ഉത്തരാഖണ്ഡിലെ ചമോലിയിൽ മേഘവിസ്ഫോടനം; ഒരു മരണം, കടകളും വാഹനങ്ങളും തകർന്നു
text_fieldsഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തെ തുടർന്ന് തകർന്ന കെട്ടിടം
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ചമോലിയിൽ മേഘവിസ്ഫോടനം. തരാളി തെഹ്സിൽ കോംപ്ലക്സിലെ മാർക്കറ്റ് മേഘവിസ്ഫോടനത്തിൽ തകർന്നു. മാർക്കറ്റിന് മുന്നിൽ പാർക്ക് ചെയ്ത വാഹനങ്ങളും തകർന്നു. മേഘവിസ്ഫോടനത്തെ തുടർന്ന് വലിയ വെള്ളപ്പാച്ചിലുണ്ടായി. നഗരത്തിൽ മുഴുവൻ വെള്ളം കയറിയ സ്ഥിതിയിലാണ്.
മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിനെ തുടർന്ന് സാഗ്‍വാര ഗ്രാമത്തിൽ പെൺകുട്ടി മരിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയാണ് പെൺകുട്ടി മരിച്ചത്. ചെപ്ഡൺ മാർക്കറ്റിനും കെട്ടിടാവശിഷ്ടങ്ങൾ വീണ് നാശമുണ്ടായി. അപകടത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‍കർ സിങ് ധാമി രംഗത്തെത്തി. സ്ഥിതി സൂക്ഷ്മമായി വിലയിരുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി ചമോലി ജില്ലയിലെ തരാളി മേഖലയിലാണ് മേഘവിസ്ഫോടനമുണ്ടായി. എസ്.ഡി.ആർ.എഫ്, പൊലീസ്, ജില്ലാ ഭരണകൂടം എന്നിവ രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്. പ്രാദേശിക ഭരണകൂടവുമായി നിരന്തമായി ബന്ധപ്പെടുന്നുണ്ട്. എല്ലാവരുടേയും സുരക്ഷക്കായി ദൈവത്തോട് പ്രാർഥിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മേഘവിസ്ഫോടനത്തെ തുടർന്ന് തരാളി-ഗാൽദാം റോഡിൽ ഗതാഗത തടസപ്പെട്ടു. തരാളി-സാഗ്‍വാര റോഡും ബ്ലോക്കാണ്. നിരവധി വാഹനങ്ങൾ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയിട്ടുണ്ട്. പൊലീസും ഭരണകൂടവും രക്ഷാപ്രവർത്തനത്തിനായി പ്രദേശത്ത് രംഗത്തുണ്ടെന്ന് ജില്ലാ മജിസ്ട്രേറ്റ് ഡോ.സന്ദീപ് തിവാരി പറഞ്ഞു.
എസ്.ഡി.ആർ.എഫിനൊപ്പം ബോർഡർ റോഡ് ഓർഗനൈസേഷനും രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്. നേരത്തെ ആഗസ്റ്റ് അഞ്ചിനും ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയമുണ്ടായിരുന്നു. ഉത്തരകാശി ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ വൻ നാശമുണ്ടായിരുന്നു. നിരവധി പേർ അപകടത്തിൽ മരിക്കുകയും ചെയ്തു. ദുരന്തത്തിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പടെയുള്ളവരെ ദിവസങ്ങളെടുത്താണ് പുറത്തെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

