മുംബൈയിൽ ഘോഷയാത്രക്കിടെ ഗണേശ വിഗ്രഹം ഇലക്ട്രിക് വയറിൽ തട്ടി; വൈദ്യുതാഘാതമേറ്റ് ഒരു മരണം, 5 പേർക്ക് പരിക്ക്
text_fieldsമുംബൈ: മുംബൈയിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രക്കിടെ ഇലക്ട്രിക് വയറിൽ നിന്നുള്ള ആഘാതമേറ്റ് ഒരാൾ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി നഗരസഭാ അധികൃതർ അറിയിച്ചു.
സാക്കിനാക പ്രദേശത്തെ ഖൈരാനി റോഡിൽ ഞായറാഴ്ച രാവിലെ 10.45 ഓടെയാണ് അപകടം. തൂങ്ങിക്കിടക്കുന്ന വൈദ്യുതി ലൈൻ ഗണപതി വിഗ്രഹത്തിൽ സ്പർശിച്ചതായും സമീപത്തുള്ള ആറ് ഭക്തർക്ക് വൈദ്യുതാഘാതമേറ്റതായും ഉദ്യോഗസ്ഥർ പറഞ്ഞു. ചില നാട്ടുകാർ പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ മെഡിക്കൽ സൗകര്യങ്ങളിലെത്തിച്ചു.
ബിനു സുകുമാരൻ (36) മരിച്ചതായി സെവൻ ഹിൽസ് ആശുപത്രിയിലെ ഡോക്ടർമാർ സ്ഥിരീകരിച്ചു. സുഭാൻഷു കാമത്ത് (20), തുഷാർ ഗുപ്ത (20), ധർമരാജ് ഗുപ്ത (49), കരൺ കനോജിയ (14), അനുഷ് ഗുപ്ത (6) എന്നീ അഞ്ച് പേർ ചികിൽസയിലാണ്. ഇവരുടെ നില തൃപ്തികരമാണെന്ന് അധികൃതർ പറഞ്ഞു.
എല്ലാ വർഷവും മുംബൈയിലുടനീളം ലക്ഷക്കണക്കിന് ഭക്തർ വിഗ്രഹ നിമജ്ജന ഘോഷയാത്രകളിൽ പങ്കെടുക്കുന്നു. ചൗപാത്തി മുതൽ ജുഹു വരെ നിരവധി ഭക്തർ തങ്ങളുടെ ഗണേശ വിഗ്രഹങ്ങൾക്ക് വിട നൽകി അറബിക്കടലിൽ നിമജ്ജനം ചെയ്യുന്നതിന് നഗരം സാക്ഷ്യം വഹിക്കും. മുംബൈയിൽ നിന്നു മാത്രമല്ല, ആഘോഷത്തിൽ പങ്കെടുക്കാൻ പുണെ, നാഗ്പൂർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നും ഭക്തർ എത്തിച്ചേരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

