മണിപ്പൂരിൽ സംഘർഷത്തിൽ ഒരാൾ മരിച്ചു; 27 സുരക്ഷാ ജീവനക്കാർക്ക് പരിക്ക്, വാഹനങ്ങൾക്ക് തീയിട്ടു
text_fieldsഇംഫാൽ: കേന്ദ്ര സർക്കാർ നിർദേശപ്രകാരം ബസ് സർവിസ് പുനരാരംഭിച്ചതിന് പിന്നാലെ മണിപ്പൂരിൽ വീണ്ടും സംഘർഷം. കാങ്പോക്പി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കുക്കി പ്രകടനക്കാരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ പ്രതിഷേധക്കാരിലൊരാൾ കൊല്ലപ്പെട്ടു. സ്ത്രീകൾ ഉൾപ്പെടെ 25 പേർക്ക് പരിക്കേറ്റു. ലാൽഗൗതാങ് സിംഗ്സിറ്റ് (30) ആണ് മരിച്ചത്. കെയ്തൽമാൻബിയിൽ നടന്ന ഏറ്റുമുട്ടലിൽ വെടിയേറ്റ യുവാവ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്.
ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾക്ക് അക്രമികൾ തീയിട്ടു. കാങ്പോക്പി ജില്ലയിൽ കുക്കി വിഭാഗവും സുരക്ഷസേനയും തമ്മിൽ പലയിടത്തും ഏറ്റുമുട്ടലുണ്ടായി. അക്രമികളെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. ഏതാനും പ്രക്ഷോഭകർക്ക് പരിക്കേറ്റു. അക്രമികളായ എട്ടുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശപ്രകാരം ‘സ്വതന്ത്ര സഞ്ചാരം’ പ്രഖ്യാപിച്ചതിനെതുടർന്ന് ഇംഫാൽ-സേനാപതി റൂട്ടിലും ഇംഫാൽ-ചുരാചന്ദ്പൂർ പാതയിലുമാണ് ബസ് സർവിസ് പുനരാരംഭിച്ചത്. ഇതിനായി വലിയ മുന്നൊരുക്കമാണ് മണിപ്പൂർ പൊലീസ് നടത്തിയത്. പ്രധാന റൂട്ടുകളിൽ ബി.എസ്.എഫിന്റെയും സി.ആർ.പി.എഫിന്റെയും സുരക്ഷയോടെയാണ് ബസ് സർവിസ് തുടങ്ങിയത്.
ഇംഫാലിൽനിന്ന് സേനാപതി ജില്ലയിലേക്കുള്ള ബസ് സർവിസ് പ്രക്ഷോഭകർ തടഞ്ഞു. ഇംഫാൽ -ദിമാപൂർ ദേശീയപാതയിൽ കുക്കി പ്രക്ഷോഭകർ ടയറുകൾ കൂട്ടിയിട്ട് കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തി. മെയ്തേയ് സംഘടനയായ ഫെഡറേഷൻ ഓഫ് സിവിൽ സൊസൈറ്റി നടത്തിയ സമാധാന റാലി കുക്കി പ്രക്ഷോഭകർ തടഞ്ഞു. റാലിക്ക് അനുമതിയുണ്ടായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ഡിസംബറിൽ എൻ. ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാർ ബസ് സർവിസ് തുടങ്ങാൻ തീരുമാനിച്ചിരുന്നു. എന്നാൽ, യാത്ര ചെയ്യാൻ ആരും മുന്നോട്ട് വരാത്തതിനെതുടർന്ന് സർവിസ് നിർത്തിവെച്ചു. സംഘർഷത്തെതുടർന്ന് മെയ്തേയി ഭൂരിപക്ഷ മേഖലകളിൽനിന്ന് കുക്കികളും കുക്കി മേഖലകളിൽനിന്ന് മെയ്തേയികളും മാറിതാമസിച്ചു. സ്വതന്ത്ര സഞ്ചാരവും ഇടകലരലും വേണ്ടെന്നും പ്രത്യേക ഭരണം വേണമെന്നുമാണ് ഇപ്പോൾ കുക്കികൾ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

