Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്ര മന്ത്രി കിരൺ...

കേന്ദ്ര മന്ത്രി കിരൺ റിജ്ജുവിനെതിരെ കോടികളുടെ അഴിമതി ആരോപണം

text_fields
bookmark_border
കേന്ദ്ര മന്ത്രി കിരൺ റിജ്ജുവിനെതിരെ കോടികളുടെ അഴിമതി ആരോപണം
cancel

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു അഴിമതി ആരോപണ കുരുക്കില്‍. സ്വദേശമായ അരുണാചല്‍പ്രദേശിലെ ജലവൈദ്യുത പദ്ധതി നിര്‍മാണവുമായി ബന്ധപ്പെട്ട കരാര്‍ ഇടപാടു വഴി 450 കോടി രൂപ ഖജനാവില്‍നിന്ന് വെട്ടിക്കാന്‍ ഒത്തുകളിച്ചുവെന്നാണ് ആരോപണം. അവിഹിത ഇടപെടല്‍ വെളിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തുവിട്ടുകൊണ്ട് കോണ്‍ഗ്രസ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു. കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന് കീഴിലെ വടക്കു കിഴക്കന്‍ മേഖലാ വൈദ്യുതോര്‍ജ കോര്‍പറേഷന്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തിവരുന്ന കാമെങ് ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം. പദ്ധതി കേന്ദ്രമന്ത്രിയുടെ മണ്ഡലമായ അരുണാചല്‍ വെസ്റ്റിലാണ്. പദ്ധതിയുടെ സബ് കോണ്‍ട്രാക്ടര്‍ ഗൊബോയ് റിജിജു കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്‍െറ ബന്ധുവാണ്. കോര്‍പറേഷന്‍െറ ചീഫ് വിജിലന്‍സ് ഓഫിസര്‍ സതീഷ് ശര്‍മയുമായി കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഗൊബോയ് റിജിജു സംസാരിക്കുന്നതിന്‍െറ ശബ്ദരേഖയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. മാസങ്ങള്‍ക്കകം ബി.ജെ.പി അധികാരത്തില്‍ വരുമെന്ന് മന്ത്രി ബന്ധു പറയുന്നത് ശബ്ദരേഖയിലുണ്ട്. ഈ സംഭാഷണം നടന്ന് ആഴ്ചകള്‍ക്കകമാണ് അരുണാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴുകയും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തത്. സര്‍ക്കാറിനെ മറിച്ചിടാനുള്ള പദ്ധതി വരെ മന്ത്രിയുടെ ബന്ധുവായ കരാറുകാരന് അറിയാമായിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ്സിങ് സുര്‍ജേവാല പറഞ്ഞു. 

2015 നവംബറില്‍ മന്ത്രി കിരണ്‍ റിജിജു ഊര്‍ജമന്ത്രി പീയുഷ് ഗോയലിന് എഴുതിയ കത്തും പുറത്തുവന്നിട്ടുണ്ട്. അഴിമതി ആരോപണത്തെ തുടര്‍ന്ന് ചുവപ്പുനാടയിലായ 450 കോടി രൂപയുടെ ബില്‍ പാസാക്കിക്കൊടുക്കാന്‍ അഭ്യര്‍ഥിക്കുന്നതാണ് കത്ത്. ഇക്കാര്യം പരിശോധിക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെടുക മാത്രമാണ് താന്‍ ചെയ്തതെന്ന് റിജിജു ഇപ്പോള്‍ വിശദീകരിക്കുന്നു. തന്‍െറ മണ്ഡലത്തിലെ ആളുകളുടെ പരാതി കണക്കിലെടുക്കേണ്ടത് തന്‍െറ ഉത്തരവാദിത്തമാണ്. പദ്ധതി പ്രകാരമുള്ള മിക്ക പണമിടപാടും ബി.ജെ.പി അധികാരത്തില്‍ വരുന്നതിനു മുമ്പ് പാസാക്കിയതാണ്. ബാക്കി തുക കൊടുക്കുന്ന കാര്യം പരിശോധിക്കണമെന്നാണ് താന്‍ ആവശ്യപ്പെട്ടത്. ഒരാളെ സഹായിക്കാന്‍ ശ്രമിക്കുന്നത് അഴിമതിയാകുമോ എന്നും റിജിജു ചോദിച്ചു. കെട്ടുകഥ പ്രചരിപ്പിക്കുന്നവര്‍ക്ക് തങ്ങളുടെ നാട്ടില്‍ ചെന്നാല്‍ ചെരിപ്പുകൊണ്ട് അടി കിട്ടുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ അഴിമതിവിരുദ്ധ, സുതാര്യ ഭരണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദങ്ങള്‍ പൊളിഞ്ഞുവീഴുന്നതാണ് കേന്ദ്രമന്ത്രി ഉള്‍പ്പെട്ട കരാര്‍ ഇടപാടെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ്സിങ് സുര്‍ജേവാല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മന്ത്രിയുടെ ബന്ധുവും വിജിലന്‍സ് ഓഫിസറുമായുള്ള സംഭാഷണ ശബ്ദരേഖ അഴിമതിക്ക് പ്രധാന തെളിവാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

അഴിമതി അന്വേഷിച്ച ഉദ്യോഗസ്ഥന് പീഡനം
ന്യൂഡല്‍ഹി: 600 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് രണ്ട് ഡാം നിര്‍മിക്കുന്ന കരാറില്‍ പെരുപ്പിച്ച ബില്‍ കാട്ടി 450 കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമമുണ്ടെന്ന് തന്‍െറ അന്വേഷണ റിപ്പോര്‍ട്ടില്‍ ചീഫ് വിജിലന്‍സ് ഓഫിസര്‍ സതീഷ് വര്‍മ എഴുതിയിരുന്നു. മന്ത്രി കിരണ്‍ റിജിജു, ബന്ധുവായ കരാറുകാരന്‍ ഗൊബോയ് റിജിജു, കോര്‍പറേഷന്‍ ചെയര്‍മാന്‍ അടക്കം ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരെ 129 പേജ് വരുന്ന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഗുജറാത്ത് കാഡര്‍ ഐ.പി.എസ് ഓഫിസറാണ് സതീഷ് വര്‍മ. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ 2004ല്‍ ഗുജറാത്തില്‍ നടന്ന ഇശ്റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസ് അന്വേഷിച്ച മൂന്നംഗ പ്രത്യേക സംഘത്തില്‍ അംഗമായിരുന്നു വര്‍മ.  മുന്‍കൂട്ടി ആസൂത്രണം ചെയ്തു നടത്തിയ കൊലയാണിതെന്ന് വര്‍മയുടെ നേതൃത്വത്തിലെ സംഘം കണ്ടത്തെിയിരുന്നു. ഡാം നിര്‍മാണത്തില്‍ അഴിമതി ആരോപിക്കുന്ന റിപ്പോര്‍ട്ട് സതീഷ് വര്‍മ സി.ബി.ഐ, കേന്ദ്ര വിജിലന്‍സ് കമീഷന്‍, ഊര്‍ജമന്ത്രാലയം എന്നിവക്ക് അയച്ചിരുന്നു. രണ്ടുവട്ടം സി.ബി.ഐ മിന്നല്‍ പരിശോധന നടത്തിയെങ്കിലും എഫ്.ഐ.ആര്‍ ഇനിയും രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതേസമയം റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെ, അനധികൃതമായി ജോലിക്ക് ഹാജരായില്ളെന്ന കാരണം പറഞ്ഞ് ത്രിപുര സി.ആര്‍.പി.എഫിലേക്ക് അദ്ദേഹത്തെ സ്ഥലം മാറ്റി.

Show Full Article
TAGS:kiren rijju arunachal pradesh NEEPCO 
News Summary - ‘Planting’ Stories Against Me Will be ‘Beaten Up With Shoes’ : Kiren Rijiju
Next Story