You are here
ബാനർ വീണ് യുവതി മരിച്ച സംഭവത്തിൽ അഞ്ചുലക്ഷം നഷ്ടപരിഹാരം
ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും വിധി
തമിഴ്നാട്ടിലെ മുഖ്യ രാഷ്ട്രീയകക്ഷികൾ ബാനർ-ബോർഡ് സംസ്കാരത്തിൽനിന്ന് പിന്മാറുന്നു
ചെന്നൈ: റോഡരികിലെ അണ്ണാ ഡി.എം.കെ ബാനർ വീണു മരിച്ച െഎ.ടി കമ്പനി ജീവനക്കാരിയായ യുവതിയുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മദ്രാസ് ഹൈകോടതി വിധിച്ചു.
രാഷ്ട്രീയ കക്ഷികൾ അനുമതിയില്ലാതെ സ്ഥാപിച്ച ബാനറുകളും ബോർഡുകളും കോർപറേഷൻ-പൊലീസ് അധികൃതർ നീക്കിയിരുന്നെങ്കിൽ വിലപ്പെട്ട ജീവൻ നഷ്ടപ്പെടില്ലായിരുന്നുവെന്ന് ജസ്റ്റിസുമാരായ ശേഷസായി, സത്യനാരായണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇനിയും എത്ര ലിറ്റർ രക്തം ചിന്തണമെന്ന് കോടതി സർക്കാറിനോട് ആരാഞ്ഞു.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരിൽ അച്ചടക്ക നടപടി സ്വീകരിച്ചത് സംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. അനധികൃതമായി സ്ഥാപിച്ച പരസ്യ ബോർഡുകളും രാഷ്ട്രീയ പാർട്ടികളുടെ ബോർഡുകളും ബാനറുകളും നീക്കണമെന്ന മുൻ ഉത്തരവുകൾ സർക്കാർ പാലിച്ചിട്ടില്ലെന്നും കോടതി വിമർശിച്ചു.
രാഷ്ട്രീയ കക്ഷി നേതാക്കൾ തങ്ങളുടെ അണികളോട് ബാനറുകളും ബോർഡുകളും സ്ഥാപിക്കരുതെന്ന് നിർദേശിക്കുമോയെന്നും കോടതി ആരാഞ്ഞു. അതിനിടെ ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിൻ, അണ്ണാ ഡി.എം.കെ നേതാക്കളായ മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഒ. പന്നീർസെൽവം, പാട്ടാളി മക്കൾ കക്ഷി പ്രസിഡൻറ് ഡോ. രാമദാസ് തുടങ്ങിയ നേതാക്കൾ, ബാനറുകളും ബോർഡുകളും മറ്റും സ്ഥാപിക്കരുതെന്ന് പരസ്യമായി പ്രസ്താവനയിൽ പ്രവർത്തകരോട് ആവശ്യെപ്പട്ടു. ബാനറുകളും ബോർഡുകളും മറ്റും സ്ഥാപിച്ച പരിപാടികളിൽ താൻ പെങ്കടുക്കുന്നതല്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി.
വ്യാഴാഴ്ച ചെൈന്ന പള്ളിക്കരണ റോഡിൽ സ്കൂട്ടറിൽ പോവുകയായിരുന്ന ശുഭശ്രീയുടെ (23) മീതെയാണ് അണ്ണാ ഡി.എം.കെ ബോർഡ് വീണത്. സ്കൂട്ടർ നിയന്ത്രണംതെറ്റിയതോടെ റോഡിലേക്കു വീണ ശുഭശ്രീയുടെ മീതെ പിന്നാലെവന്ന ലോറി പാഞ്ഞുകയറുകയായിരുന്നു. തൽക്ഷണം മരണം സംഭവിച്ചു. ജോലിയുമായി ബന്ധപ്പെട്ട് അടുത്ത ദിവസം കാനഡയിലേക്ക് പോകാനിരിക്കുകയായിരുന്നു ശുഭശ്രീ. റോഡപകടം സാമൂഹിക മാധ്യമങ്ങളിലും വൻ പ്രതിഷേധത്തിന് കാരണമായിരുന്നു.