ആധാർ-പാൻ ബന്ധിപ്പിക്കൽ: പരമാവധി ആറു മാസം കൂടി നൽകുമെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: സുപ്രീംകോടതി ആധാറിന് അനുകൂലമായി വിധിച്ചാൽ പാൻകാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാൻ പരമാവധി മൂന്ന്-ആറു മാസംകൂടി നീട്ടിനൽകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. അതിനുശേഷം എല്ലാ പാൻകാർഡുകളും റദ്ദാക്കും. ഇതോടെ, ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡുകൾ ഉപയോഗിച്ചുള്ള ബിനാമി ഇടപാടുകൾ അവസാനിപ്പിക്കാനാകുമെന്നും കേന്ദ്രം പ്രതീക്ഷിക്കുന്നു.
നിലവിൽ ആധാർ-പാൻ ബന്ധിപ്പിക്കാനുള്ള കാലാവധി ഡിസംബർ 31 ആണ്. ഇത് 2018 മാർച്ച് 31വരെ നീട്ടി നൽകാൻ തയാറാണെന്ന് കേന്ദ്രം സുപ്രീം കോടതിയെ നേരത്തേ അറിയിച്ചിട്ടുണ്ട്. ഇൗ കാലാവധിയാണ് വേണ്ടിവന്നാൽ മൂന്നുമാസം കൂടി വൈകിപ്പിക്കാൻ തയാറാണെന്ന് അറിയിച്ചിരിക്കുന്നത്.
ആദായനികുതി വകുപ്പാണ് പാൻ-ആധാർ ബന്ധിപ്പിക്കാൻ ഉത്തരവിട്ടത്. ഇത് ചോദ്യം ചെയ്യുന്ന ഹരജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. ആകെ 33 കോടി പാൻ കാർഡുള്ളതിൽ 13.28 പേർ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
