ഹൈദരാബാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ റാലിയിൽ പങ്കെടുക്കാനെത്തിയ തന്നെ കസ്റ്റഡിയിലെടുത്ത് ഡൽഹിയിൽ എത്തിച്ച തെലങ്കാന പൊലീസ് നടപടിക്കെതിരെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. തെലങ്കാനയിൽ ഏകാധിപത് യം ഉച്ചസ്ഥായിയിലെത്തിയിരിക്കുന്നു. പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശം കൂടി അപഹരിക്കപ്പെടുകയാണെന്നും ആസാദ ് ട്വിറ്ററിലൂടെ പ്രതികരിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹൈദരാബാദ് ക്രിസ്റ്റല്‍ ഗാര്‍ഡനിലെ പ്രതിഷേധ റാലിയിൽ പങ്കെടുക്കാനെത്തിയ ആസാദിനെ ഹോട്ടലിൽ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് തിങ്കളാഴ്ച പുലർച്ചെ അദ്ദേഹത്തെ ഡൽഹിയിലേക്ക് തിരിച്ചയച്ചു.
‘‘തെലങ്കാനയിൽ സ്വേച്ഛാധിപത്യം അതിെൻറ ഉച്ചസ്ഥായിയിലാണ്. പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശം അപഹരിക്കപ്പെടുന്നു. ആദ്യം നമ്മുടെ ജനതക്കെതിരെ ലാത്തിവീശി. പിന്നെ എന്നെ അറസ്റ്റ് ചെയ്തു. ഇപ്പോൾ എന്നെ വിമാനത്താവളത്തിലേക്ക് കൊണ്ടുവന്ന് ഡൽഹിയിലേക്ക് തിരിച്ചയക്കുന്നു. തെലങ്കാന മുഖ്യമന്ത്രി ഓർക്കുക, ബാഹുജന സമൂഹം ഈ അപമാനം ഒരിക്കലും മറക്കില്ല. ഉടൻ മടങ്ങിയെത്തും’’ - ആസാദ് ട്വിറ്ററിൽ കുറിച്ചു.
ക്രിസ്റ്റല്‍ ഗാര്‍ഡനിലെ പ്രതിഷേധ റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ അത് മറികടന്ന് ചന്ദ്രശേഖർ ആസാദിെൻറ നേതൃത്വത്തിൽ വൻ പ്രതിഷേധറാലി നടക്കുമെന്ന് സൂചന ലഭിച്ചു. തുടർന്ന് പൊലീസ് ആസാദ് തങ്ങിയ ഹോട്ടലിൽ എത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നേരത്തേ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജമാ മസ്ജിദില്‍ പ്രതിഷേധിച്ചതിന്‍റെ പേരില്‍ അറസ്റ്റിലായ ചന്ദ്രശേഖർ ആസാദ് 26 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ജാമ്യത്തിലിറങ്ങിയത്.