‘തലകൊയ്യൽ’ പരാമർശം: ബാബാ രാംദേവിന് അറസ്റ്റ് വാറണ്ട്
text_fieldsചണ്ഡിഗഡ്: വിവാദ പരാമർശം നടത്തിയെന്ന കേസിൽ യോഗാഗുരു ബാബാ രാംദേവിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. റോഹ്തകിലെ അഡീഷ്ണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഹരീഷ് ഗോയലാണ് രാം ദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
സമാധാനാനന്തരീക്ഷം തകർക്കുന്ന രീതിയിൽ മനഃപൂർവ്വം അധിക്ഷേപം നടത്തിയെന്നാരോപിച്ച് രാംദേവിനെതിരെ നേരത്തെയും കോടതി അറസ്റ്റ് വാറണ്ടും സമൻസും പുറപ്പെടുവിച്ചിരുന്നു. എന്നാൽ രാംദേവ് കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന സദ്ഭാവന സമ്മേളനത്തിൽ നടത്തിയ ‘തലകൊയ്യൽ’ പരാമർശത്തിനാണ് കോടതിയുടെ വാറണ്ട്. ഭാരത് മാതാ കീ ജയ് എന്നു ഏറ്റുപറയാത്തവരുടെ തലകൊയ്യുമെന്നതായിരുന്നു രാംദേവിെൻറ പരാമർശം.
വിദ്വേഷ പരാമർശത്തിനെതിരെ കോണ്ഗ്രസ് നേതാവും ഹരിയാന മുൻ മുഖ്യമന്ത്രിയുമായ സുഭാഷ് ഭദ്ര നൽകിയ പരാതിയിൽ മാർച്ച് രണ്ടിന് രാംദേവിനെ പ്രതിയാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.
