Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightIn-depthchevron_rightഫലസ്തീൻ പോരാട്ടത്തിന്...

ഫലസ്തീൻ പോരാട്ടത്തിന് മുന്നിൽ, ഇസ്രായേലിനു സന്ധിയല്ലാതെ മറ്റു മാർഗമേതുമില്ല...

text_fields
bookmark_border
ഫലസ്തീൻ പോരാട്ടത്തിന് മുന്നിൽ, ഇസ്രായേലിനു സന്ധിയല്ലാതെ മറ്റു മാർഗമേതുമില്ല...
cancel

ഴിഞ്ഞ 11 ദിവസമായി ഇസ്രായേൽ, ഫലസ്തീനു നേരെ നടത്തിയ നരമേധത്തിനു അവസാനം ആയിരിക്കുന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ ഇസ്രായേലിനെ സംരക്ഷിക്കാൻ ബിൻയമിൻ നെതന്യാഹു എന്ന ഭരണാധികാരിക്കേ സാധ്യമാകു എന്ന കുപ്രചാരണങ്ങൾക്ക് താൽകാലിക വിരാമം എന്ന് വേണമെങ്കിൽ നമുക്ക് ആശ്വാസിക്കാം.

സ്വന്തം മണ്ണിൽ ജീവിക്കാനായി ആ രാജ്യത്തെ ജനങ്ങൾ നടത്തുന്ന സ്വാതന്ത്ര്യ പോരാട്ടത്തെ വംശീയ തീവ്രവാദ പ്രവർത്തനം ആയി ചിത്രീകരിക്കാനുള്ള ശ്രമമാണ്​ എല്ലായ്പ്പോഴും നടക്കുന്നതെങ്കിലും, ഒന്നും നഷ്ടപ്പെടാനില്ലാത്ത പോരാളികൾക്കു മുന്നിൽ അധിനിവേശ ശക്തികൾക്ക് മുട്ടുമടക്കേണ്ടി വന്നു എന്നതാണ്​ സത്യം. ദിവസങ്ങളോളം നടന്ന ആക്രമണത്തിൽ 39 സ്ത്രീകളും അറുപതിൽപ്പരം കുട്ടികളുമുൾപ്പെടെ 243 ഫലസ്​തീനികളെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്. ഇതിനെതിരെയുള്ള ഫലസ്​തീൻ ചെറുത്തുനിൽപ്പിൽ ഇസ്രായേലികൾക്ക് നഷ്ടമായത് പന്ത്രണ്ട് പേരെയാണ്​. മരണം ആരുടേതായാലും വേദന ഉണ്ടാക്കുന്നതാണ്. പക്ഷേ ഇവിടെ എപ്പോഴും കൊലപാതകത്തിന് നേതൃത്വം നൽകുന്നത് ഇസ്രായേൽ ആണെന്നതാണ്​ വാസ്​തവം.


ഫലസ്തീനിലെ ഷെയ്ഖ് ജറാഹ്​ പ്രവിശ്യയിൽ നടന്നുകൊണ്ടിരിക്കുന്ന കുടിയൊഴിപ്പിക്കലി​െൻറ ഭാഗമായി ഇസ്രായേൽ കോടതി വിധി വരുന്നതിനു മുമ്പ് ഫലസ്തീനികളുടെ വീടുകൾ ആക്രമിക്കുകയും സ്വന്തമാക്കുകയും ചെയ്യുന്ന അധിനിവേശ പ്രവർത്തനം തുടങ്ങിയിട്ട് മാസങ്ങളായി. അതിനെതിരെയുള്ള പ്രതിഷേധങ്ങളും സമരപരിപാടികളും നടക്കുന്നതിനിടയിലാണ് ഇസ്രായേൽ വിശുദ്ധമാസമായ റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച ആയിരക്കണക്കിന് മുസ്ലിങ്ങൾ ഒരുമിച്ചുകൂടുന്ന അഖ്​സാ പള്ളിയിൽ റബർ ബുള്ളറ്റും ഗ്രനേഡും ഉപയോഗിച്ച് ആക്രമണങ്ങൾ നടത്തുന്നത്. അതിന്റെ ഭാഗമായി നൂറുകണക്കിനു മനുഷ്യർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്​തു.

സ്വന്തം രാജ്യത്ത്​ അഭയാർഥികളായി കഴിയപ്പെട്ട ഫലസ്​തീനികൾ മനുഷ്യത്യപരമായ അവകാശങ്ങൾ പോലുമില്ലാത്തവരായി മാറിയിട്ടുണ്ട്​. ഇത്തരത്തിൽ ലോകത്ത് തന്നെ സമാനതകളില്ലാതെ തുറന്ന ജയിലിൽ കഴിയുന്ന ഫലസ്തീനികൾക്ക് നേരെയാണ് തുടരെത്തുടരെ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് ഇസ്രായേലികൾ ബോംബ് വർഷവും മിസൈലാക്രമണം നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതിരോധം അല്ലാതെ മറ്റു മാർഗ്ഗമില്ല എന്ന തിരിച്ചറിവിൽ നിന്നാണ് ഇസ്രായേലി​െൻറ ഭീകരമായ മിസൈലുകൾക്കും റോക്കറ്റുകൾക്കും മുന്നിൽ നെഞ്ചുവിരിച്ച് പോരാടുക അല്ലാതെ മറ്റു മാർഗങ്ങളൊന്നുമില്ലെന്ന്​ ഫലസ്തീനികൾ തീരുമാനിക്കുന്നത്.

ജനാധിപത്യരാജ്യമായ ഇസ്രായേലിൽ, മുസ്​ലിംരാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ഫലസ്തീനികളുടെ അതിമോഹമാണ് ഈ തീവ്രവാദ പ്രവർത്തനത്തിന് പിന്നിലെന്നാണ് നമ്മുടെ കൺമുന്നിലുള്ള ചരിത്രത്തെ മറച്ചുവച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ചില മീഡിയകളും അത് ഏറ്റെടുത്തതായി കാണാൻ കഴിഞ്ഞു .


നൂറ്റാണ്ടുകൾ പഴക്കമുള്ള ഇസ്രായേൽ ഫലസ്തീൻ സംഘർഷത്തിൽ ഇന്ത്യ നീതിയുടെ ഭാഗമായ ഫലസ്തീനൊപ്പമായിരുന്നെന്ന ചരിത്ര സത്യം വിസ്​മരിക്കപ്പെട്ടു. അധിനിവേശ ശക്തികൾക്കെതിരെ സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്നവരുടെ കൂടെ നിന്നിട്ടുള്ള ചരിത്രമാണ് ഇന്ത്യയ്ക്ക് എപ്പോഴും ഉണ്ടായിരുന്നത്. ആ ചരിത്രം ഫലസ്തീൻ കാര്യത്തിലും ഇന്ത്യ നിലനിർത്തി പോന്നിരുന്നു. ഇതിന്​ മാറ്റം വരുന്നത് എൻ.ഡി.എ സർക്കാർ ഭരണത്തിൽ വരുന്നതോടെയാണ്. ഇസ്രായേലും അമേരിക്കയുമായുള്ള കൂട്ടുകെട്ട് ബലപ്പെടുത്തുന്നതിന്റെ ഭാഗമായും ആദർശ പൊരുത്തത്തിന്റെ ഭാഗമായും എൻ.ഡി.എ സർക്കാർ ഫലസ്​തീൻ അനുകൂല നിലപാട്​ അട്ടിമറിച്ചു.

സയണിസ്റ്റ് പ്രസ്ഥാനത്തിലൂടെ ഒരു വിഭാഗം ജൂതർ ഇസ്രായേൽ എന്ന രാഷ്ട്രം കെട്ടിപ്പടുക്കാൻ തീരുമാനിക്കുകയും തുടർന്നിങ്ങോട്ട് അത് പ്രാവർത്തികമാക്കുകയും ചെയ്തതിന്റെ പരിണിതഫലമാണ് ലോകമിന്ന് ദർശിച്ചു കൊണ്ടിരിക്കുന്ന സംഘട്ടനം. 1947 നവംബർ 11ന് ഫലസ്തീന് രണ്ടു രാഷ്ട്രങ്ങളായി വെട്ടിമുറിച്ചു കൊണ്ടുള്ള ഐക്യരാഷ്ട്രസഭയുടെ 181നാം നമ്പർ പ്രമേയം പാസാക്കപ്പെട്ടു. സഭയിലെ ഭൂരിപക്ഷം അംഗരാഷ്ട്രങ്ങൾ പ്രമേയത്തെ പിന്തുണച്ചു. അമേരിക്കയുടെയും റഷ്യയുടെയും ശക്തമായ പിന്തുണയിൽ മൂന്നിൽ രണ്ട് അംഗങ്ങളാണ് പ്രമേയത്തെ അനുകൂലിച്ചത്. ജൂതന്മാർക്ക് 45 ശതമാനവും അറബികൾക്ക് 46 ശതമാനവും ഭൂമി കിട്ടത്തക്കവിധം ആണ് വിഭജന രേഖ നിർണയിച്ചത്. ആ സമയത്ത് ഫലസ്തീനിലെ ജൂത ജനസംഖ്യ 32 ശതമാനത്തിലധികം ഉണ്ടായിരുന്നില്ല. അറബികൾ ആകട്ടെ മൊത്തം ജനസംഖ്യയുടെ 65 ശതമാനം ഉണ്ടായിരുന്നു . 93.5 ശതമാനം ഭൂമിയും ഫലസ്തീൻ കൈവശമായിരുന്നു അന്ന്.

1896 വരെ ലോകത്തിലെ പല രാജ്യങ്ങളിലായി ചിതറി കിടക്കുകയും പാലായനം നടത്തുകയും ചെയ്ത ജൂതർ എങ്ങനെയാണ് 1948 ൽ ഫലസ്തീനിൽ, ഇസ്രായേൽ രാഷ്ട്രം സ്ഥാപിക്കുന്നത് എന്നതിന്​ ചരിത്ര സത്യങ്ങൾ സാക്ഷിയാണ്​. ഈ കാലഘട്ടത്തിലാണ് പോളണ്ടുകാരനായ തിയോഡർ ഹർസൽ എന്ന ജൂതൻ പ്രത്യക്ഷപ്പെടുന്നത്. പത്രപ്രവർത്തകനായ അദ്ദേഹം, ജൂതന്മാർക്കെതിരെ നടക്കുന്ന ക്രൂരതകളും ആക്രമണങ്ങളും അപമാനങ്ങളും കണ്ടു സഹിക്കവയ്യാതെ, ജൂതന്മാർക്ക് മാത്രം ആയി ഒരു രാഷ്ട്രം പണിയണമെന്ന സയണിസ്റ്റ് ആശയത്തിലേക്ക് എത്തുകയായിരുന്നു. അദ്ദേഹം പ്രസിദ്ധീകരിച്ച "ജൂതരാഷ്ട്രം" എന്ന പുസ്തകത്തിൽ ഫലസ്തീനിൽ ഒരു ജൂതരാഷ്ട്രം സ്ഥാപിക്കാൻ ആഹ്വാനം ചെയ്തു.


ഫലസ്തീനിൽ സാധ്യമാകാത്ത പക്ഷം അർജന്റീന യിൽ അത് സ്ഥാപിക്കണം എന്നായിരുന്നു ഹർസലിന്റെ നിർദ്ദേശം. ഉസ്മാനിയ സാമ്രാജ്യത്തി​െൻറ ഫലസ്തീനെ അതിജയിക്കാൻ സാധിച്ചില്ലെങ്കിൽ അർജന്റീന എന്ന മറ്റൊരു സാധ്യതകൂടി ഹർസൽ മുന്നോട്ടുവച്ചിരുന്നു എന്നുള്ളതാണ്​ യാഥാർഥ്യം. അതായത് ഫലസ്തീന്, യഹൂദർ പ്രത്യേകമായൊരു വിശുദ്ധിയും കൽപ്പിച്ചിരുന്നില്ല എന്നർഥം. എവിടെയായിരുന്നാലും തങ്ങൾക്കൊരു രാഷ്ട്രം എന്നത് മാത്രമാണ് അവരുടെ അജണ്ടയിലുണ്ടായിരുന്നത്​.

ജെറുസലം തങ്ങളുടെ വിശുദ്ധ ഗേഹം ആണെന്നും, ഫലസ്തീൻ തങ്ങളുടെ വാഗ്ദത്തഭൂമി ആണെന്നുമുള്ള വാദങ്ങ​ളെല്ലാം സയണിസ്​റ്റുകൾ ഫലസ്തീനിൽ കുടിയേറിപ്പാർത്തതിനുശേഷം അധിനിവേശത്തെ ന്യായീകരിക്കാൻ കണ്ടെത്തിയ വസ്തുതകൾ ആയിരുന്നു. സയണിസത്തിനു ചുക്കാൻ പിടിച്ച ഹർസിലിന്റെ വാക്കുകൾ, അതാണ് നമ്മോട് പറഞ്ഞു വെക്കുന്നത്.

യാകൂബ്, മോസ, യേശു കാലഘട്ടത്തിൽ തങ്ങൾ ഫലസ്തീനിൽ കുടിയേറിപ്പാർത്തവരാണെന്ന് ജൂതർ വാദിക്കുന്നുണ്ടെങ്കിലും അതിനേക്കാൾ മുമ്പ്, അതായത് ക്രിസ്തു വർഷം ആരംഭിക്കുന്നതിന് മുമ്പ്, പതിനെട്ടാം നൂറ്റാണ്ടിൽ ഫലസ്തീനിൽ ഉണ്ടായ ആദിമ ഗോത്രങ്ങൾ എന്നറിയപ്പെടുന്നത് കൻആനികളെയും അമൂരികളെയുമാണ്. ഇവർ അറബ് വംശജരാണ്. ഈ കാലഘട്ടത്തിൽ പലസ്തീനിൽ ജൂതരെ കുറിച്ച് ചരിത്രത്തിലെവിടെയും പരാമർശിക്കപ്പെടുന്നില്ല. മാത്രമല്ല ജൂതന്മാർ കുടിയേറിപ്പാർത്തു എന്ന് പറയുന്ന കാലഘട്ടത്തിൽ ബാബിലോണിയ, റോം, പേർഷ്യ സാമ്രാജ്യങ്ങളാൽ ഫലസ്തീനിൽ നിന്ന് കുടിയിറക്കപ്പെട്ടിട്ടുമുണ്ട് ജൂതന്മാർ.

1897 ൽ തുർക്കിയും ഗ്രീക്കുകാരും തമ്മിൽ നടന്ന യുദ്ധത്തിൽ തുർക്കി സാമ്പത്തികമായി തകർന്നു. തുർക്കിയെ ഗ്രസിച്ച ഈ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, ലക്ഷക്കണക്കിന് ജൂതന്മാരെ യൂറോപ്പിൽ സമ്മേളിച്ചു അനന്തരം തുർക്കിയുടെ സുൽത്താൻ അബ്ദുൽ ഹമീദിനു ഭീമമായ ഒരു തുക നൽകിക്കൊണ്ട് ഫലസ്തീൻ തങ്ങൾക്ക് കൈമാറണമെന്ന നിർദ്ദേശം ഹർസൽ മുന്നോട്ടുവച്ചു.

"ഫലസ്തീനിലെ ഒരിഞ്ച് ഭൂമി പോലും ഞാൻ വിട്ടു തരികയില്ല. ഫലസ്തീൻ എന്റെ സ്വകാര്യസ്വത്തല്ല ജനങ്ങളുടെ സ്വത്താണ് അവർ ഈ ഭൂമിക്കുവേണ്ടി പടപൊരുതിയവരാണ് അവരുടെ രക്തം വീണ് കുതിർന്ന മണ്ണാണിത്" -എന്നായിരുന്നു അന്ന് സുൽത്താൻ അബ്ദുൽ ഹമീദ് ഹർസലിന് നൽകിയ മറുപടി. സുൽത്താൻ അബ്ദുൽ ഹമീദിന്റെ കാലംവരെ ജൂതന്മാർക്ക് ഫലസ്തീനിൽ കുടിയേറി പാർക്കുന്നതിന്നു നിയമതടസ്സം ഉണ്ടായിരുന്നു. അതായത് ഉസ്മാനി സാമ്രാജ്യത്തിലെ പ്രജകൾ അല്ലാത്ത ജൂത തീർഥാടകർ ഒരു മാസത്തിലധികം ഫലസ്തീനിൽ തങ്ങുന്നത് വിലക്കിക്കൊണ്ട് ക്രിസ്തുവർഷം 1898 ൽ അദ്ദേഹം ഒരു നിയമം പാസാക്കിയിട്ടുണ്ടായിരുന്നു.

ബ്രിട്ടീഷ് സാമ്രാജ്യം മാത്രമാണ് സിയോണിസ്റ്റ് പ്രസ്ഥാനത്തെ മനസ്സിലാക്കിയിട്ടുള്ളത് എന്നും അവർ മാത്രമാണ് തങ്ങളുടെ സഹായത്തിന് എത്തുക എന്നു മനസ്സിലാക്കിയ ഹർസൽ ബ്രിട്ടനെ സ്വാധീനിച്ചു തുടങ്ങി. അതുകൊണ്ടുതന്നെ നേരത്തെ പറഞ്ഞ നിയമത്തെ മയപ്പെടുത്തുന്നുതിനുവേണ്ടി ബ്രട്ടീൻ, സുൽത്താൻ അബ്ദുൽ ഹമീദിന്റെ മേൽ സമ്മർദം ചെലുത്താൻ തുടങ്ങി.


അതിനെ തുടർന്ന് വടക്കൻ ഫലസ്തീനിൽ മാത്രം ജൂതന്മാർക്ക് താമസിക്കാനുള്ള അനുമതി നൽകി. ഈ നിയമത്തെ ചൂഷണംചെയ്ത ജൂതന്മാർ പാലായനങ്ങളുടെ ഒരു പറുദീസ തന്നെ ഫലസ്തീനിൽ തീർത്തു.ഒന്നാംലോക മഹായുദ്ധത്തിന്റെ തുടക്കത്തിൽ ഫലസ്തീനിലെ മൊത്തം ജനസംഖ്യ 690000 ആയി ഉയർന്നിരുന്നു. മുസ്ലിങ്ങളുടെ ഭൂരിപക്ഷം 80% ആയിരുന്നു. ജൂത കുടിയേറ്റത്തിന്റെ ഭാഗമായി അവരുടെ ജനസംഖ്യ ഒൻപത് ശതമാനമായി ഉയർന്നു കഴിഞ്ഞിരുന്നു. 11 ശതമാനമായിരുന്നു ക്രിസ്ത്യാനികളുടെ ജനസംഖ്യ.

ഈ സമയത്ത് ബ്രിട്ടൻ അതിന്റെ എല്ലാ സാമ്രാജ്യത്തപരമായ കൗശലങ്ങളും ദുഷ്ടതകളും നടത്തിക്കൊണ്ടിരുന്നു. അതിന്റെ ഭാഗമായാണ് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി സൈക്സും ഫ്രഞ്ച് വിദേശകാര്യ മന്ത്രി പീകോയും ചേർന്ന് സൈക്സ് പീക്കോ ഉടമ്പടി നിർമ്മിച്ചെടുക്കുന്നത്. അതായത് ഇറാഖ്, ജോർദാൻ, ഹൈഫ എന്നിവ ബ്രിട്ടനും ലബനാൻ, സിറിയ എന്നിവ ഫ്രാൻസിനും കിട്ടത്തക്ക രീതിയിൽ അറബ് മേഖലയെ ഇരുരാജ്യങ്ങൾക്കുമിടയിൽ പങ്കുവെക്കുക. ഫലസ്തീനെ അന്താരാഷ്ട്ര മേൽനോട്ടത്തിൽ ആക്കുക. ഇതായിരുന്നു പ്രസ്തുത ഉടമ്പടിയുടെ രത്നച്ചുരുക്കം.അറബികളോട് പരസ്യമായും ഫ്രാൻസിനോട് രഹസ്യമായും ഉടമ്പടികൾ ഒപ്പുവച്ചിരുന്ന ബ്രിട്ടൻ ജൂത സയണിസ്റ്റുകളുമായും മൂന്നാമതൊരു കരാർ ഉണ്ടാക്കിയിരുന്നു.അമേരിക്കയിലെ ജൂതരെ സ്വാധീനിച്ചു കൊണ്ട് അമേരിക്ക ലോകയുദ്ധത്തിൽ പങ്കാളിയാവുന്ന തടയുക എന്നുള്ളതായിരുന്നു ബ്രിട്ടന്റെ ലക്ഷ്യം.

പ്രധാനമന്ത്രി ജോർജി ലോയും വിദേശകാര്യമന്ത്രി ബാൽഫർ തുടങ്ങിയവർ ജൂത സയണിസ്റ്റുകളുടെ സ്വാധീനത്തിൽ ആയിരുന്നു എന്നതിന്റെ തെളിവാണ്, പിന്നീട് ഉണ്ടായ 1917-ലെ ബാൽഫർ പ്രഖ്യാപനം. ഫലസ്തീനിൽ ഇസ്രായേലികൾക്കായി ഒരു രാഷ്ട്രം സ്ഥാപിക്കുക എന്നതായിരുന്നു ഈ പ്രഖ്യാപനത്തിന് കാതൽ. ഈ പ്രഖ്യാപനം കുറച്ചുകാലത്തേക്കെങ്കിലും രഹസ്യമാക്കി വയ്ക്കാൻ സാധിച്ചെങ്കിലും പിന്നീട് അത് മറനീക്കി പുറത്തു വന്നു. അതിന്റെ ഭാഗമായി അറബ് ഇസ്രായേൽ സംഘട്ടനം ഒരു തുടർക്കഥയായി മാറി.

1917 ഡിസംബർ 9-ന് ഖുദുസിൽ പ്രവേശിച്ച ബ്രിട്ടൻ ഫലസ്തീനിലെ പ്രദേശങ്ങൾ ഒന്നൊന്നായി കീഴ്പ്പെടുത്തി തുടങ്ങി.ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി സർ ഹെർബർട്ട് സാമുവെലിനെ പ്രഥമ ബ്രിട്ടീഷ് മാന്ഡാറ്റർ ആയി നിശ്ചയിക്കുകയും ചെയ്തു. അയാൾ ജൂതനും സയനിസ്റ്റും ആണെന്ന പരിഗണനയിലാണ് ഈ നിയമനം നടന്നത്.അധികാരമേറ്റ ഉടനെ 1920 ഒക്ടോബർ 20ന് അദ്ദേഹം ജൂതന്മാർക്ക് ഫലസ്തീനിൽ ഭൂമി വാങ്ങാനുള്ള അനുമതി നൽകിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തി. അറബി, ഹീബ്രു, ഇംഗ്ലീഷ് തുടങ്ങിയ ലിഖിതങ്ങളിൽ ഉള്ള ഫലസ്തീനി സ്റ്റാമ്പുകൾ, സാമുവൽ പുറത്തിറക്കി.ഓരോ വർഷവും 16500 ജൂതന്മാർക്ക് ഫലസ്തീനിലേക്ക് കുടിയേറാൻ അനുമതി നൽകുന്ന ഒരു ഉത്തരവ് നേരത്തെ ബ്രിട്ടൻ പുറപ്പെടുവിച്ചിരുന്നു.

ഇതിനെതുടർന്ന് 1922 ആയപ്പോഴേക്കും ഫലസ്തീനിൽ അറബികളുടെ ജനസംഖ്യ 78 ശതമാനവും ജൂതരുടെ ജനസംഖ്യ 9 ശതമാനത്തിൽ നിന്ന് 11 ശതമാനത്തിലേക്കും ഉയർന്നു.1936 നവംബർ 11ന് ബ്രിട്ടനിൽനിന്ന് ഒരു റോയൽ സമിതി ഫലസ്തീനിൽ വന്നു. ബെയിൽ കമ്മിറ്റി എന്ന് പേരിട്ട ആ സമിതി എട്ടുവർഷത്തെ പഠനങ്ങൾക്കു ശേഷം ഫലസ്തീനിൽ സമാധാനം നിലനിർത്തുന്നതിന് ഫലസ്തീൻ രണ്ടു രാഷ്ട്രങ്ങളായി വിഭജിക്കാനുള്ള നിർദ്ദേശം മുന്നോട്ടുവച്ചു. ഇത് അറബികൾക്ക് ഒട്ടും യോജിക്കാൻ കഴിയുന്ന നിർദ്ദേശം ആയിരുന്നില്ല.


കാരണം തങ്ങളുടെ രാജ്യത്തെ അധിനിവേശത്തിലൂടെ കൈക്കലാക്കിയ ജൂതന്മാർ അവർക്ക്​ അവകാശങ്ങൾ ഉറപ്പാക്കുമെങ്കിലും മേധാവിത്വം അറബികളും മുസ്‌ലിംകളുമായ ഫലസ്തീനികൾക്ക് നൽകും എന്നായിരുന്നു ഫലസ്തീൻ ജനത പ്രതീക്ഷിച്ചിരുന്നത്.ഈ വിഭജനത്തെ ഫലസ്തീൻ തള്ളി കളഞ്ഞെങ്കിലും, 1947 ൽ അറബികൾക്കും ജൂതന്മാർക്കും ഇടയിൽ രണ്ട് രാഷ്ട്രമായി വിഭജിച്ചു കൊണ്ടായിരുന്നു ബ്രിട്ടൻ ഫലസ്തീൻ വിട്ടുപോയത്.

ജോർദാൻ, ഇറാക്ക്, ഇറാൻ, സിറിയ, ഈജിപ്ത്, ലബനോൻ തുടങ്ങിയ അറബ് രാഷ്ട്രങ്ങൾ ഉൾക്കൊള്ളുന്ന അറബ് ലീഗ് പലസ്തീൻ രാജ്യം കെട്ടിപ്പടുക്കുന്നതിന് വേണ്ടി രൂപംകൊണ്ടു.93 ശതമാനം ഭൂമിയും വിഭജനകാലത്ത് ഫലസ്തീന്റെ കയ്യിൽ ആയിരുന്നെങ്കിലും ഇസ്രായേൽ, 1948 മെയ് 15ന് തങ്ങളുടെ രാഷ്ട്രം പ്രഖ്യാപിക്കുകയാണ് ഉണ്ടായത്.പിന്നീടങ്ങോട്ട് അറബ് ലീഗും ഇസ്രായേലും തമ്മിലുള്ള സംഘട്ടനമാണ് നമുക്ക് കാണാൻ സാധിച്ചത്. ഈ സംഘടനം മുൻകൂട്ടി കണ്ട ഇസ്രായേൽ തങ്ങളുടെ സൈന്യത്തെ വർഷങ്ങൾക്കുമുമ്പേ സജ്ജമാക്കുകയും പരിശീലനങ്ങൾ നൽകി കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ജൂത രാഷ്ട്ര സങ്കല്പം എന്നത് അവരുടെ മാത്രം തീരുമാനമല്ലെന്നും ബ്രിട്ടന്റെയും ഫ്രാൻസിന്റെയും സഹായം ഉണ്ടായിരുന്നു എന്നുള്ളത് ഇസ്രായേലി കളുടെ ഈ തയ്യാറെടുപ്പിൽ നിന്നുതന്നെ പുറത്തുവരുന്നുണ്ട്.

അറബ് ജൂത സംഘട്ടനത്തിന് ഭാഗമായി 1967 ആകുമ്പോഴേക്കും ഗസ്സയും വെസ്റ്റ് ബാങ്കും ഒഴികെയുള്ള മുഴുവൻ സ്ഥലങ്ങളും ഇസ്രായേലിന്റെ വരുതിയിലായി കഴിഞ്ഞിരുന്നു. അതായത് 77 ശതമാനവും ഇസ്രായേലിനെ അധീനതയിലായി കഴിഞ്ഞു.1967 ൽ 6 ദിവസം നീണ്ടുനിന്ന യുദ്ധത്തിനുശേഷം ഫലസ്തീനിൽ സമാധാനം വീണ്ടെടുക്കുന്നതിന് വേണ്ടി പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ രൂപീകരിക്കപ്പെട്ടു. യാസർ അറഫാത്തിന്റെ അധ്യക്ഷതയിൽ. ഫലസ്തീൻ മോചനത്തിനുവേണ്ടി പ്രവർത്തിച്ച പി.എൽ.ഒയും പിന്നീട്​ വിട്ടുവീഴ്​ചകൾക്ക്​ തയ്യാറായി. അതിന്റെ ഭാഗമായാണ് 1993 ൽ ഓസ്ലോ കരാർ ഉടലെടുക്കുന്നത്. അതായത് ഫലസ്തീനികൾക്ക് അവരുടെ അധീനതയിലുള്ള വെസ്റ്റ് ബാങ്കും ഗാസയും മാത്രം ഫലസ്തീൻ രാഷ്ട്രമായി പ്രഖ്യാപിക്കുക. ബാക്കി ഇസ്രായേലിനു വിട്ടുകൊടുക്കുക എന്നതായിരുന്നു കരാർ.

ഇതിനിടയിലാണ് 1970 മുതൽ 80 വരെയുള്ള കാലഘട്ടങ്ങളിൽ ഹമാസ് ഒരു ഫലസ്തീൻ വിപ്ലവപ്രസ്ഥാനം ആയി സമരരംഗത്ത് നിലയുറപ്പിക്കുന്നത്. ഈജിപ്തിലെ ഇഖ്‌വാനുൽ മുസ്‌ലിമൂൻ നിന്ന് പ്രചോദനം കൊണ്ട് ഫലസ്തീനിൽ പ്രവർത്തിച്ചിരുന്ന ഒരു സംഘം ആയിരുന്നു ഇത്. 1987ലാണ് ഔദ്യോഗികമായി ഹമാസ് രൂപീകരണം പ്രഖ്യാപിക്കുന്നത്.ഗസ്സയും വെസ്റ്റ് ബാങ്കും ഫലസ്തീൻ അധീനതയിൽ ആയിരുന്നിട്ടു പോലും ഈജിപ്തിനെയും ജോർദാനെയും സ്വാധീനിച്ചു കൊണ്ട് ഇസ്രായേൽ അധികാര പ്രയോഗം നടത്തുന്നുണ്ടായിരുന്നു. ഈ സന്ദർഭത്തിലാണ് ഹമാസിന്റെ പ്രവർത്തനം ഫലസ്തീനികൾക്ക് വീര്യം പകരുന്നത്. 2004 മുതൽ പ്രാദേശിക ഇലക്ഷനിൽ പങ്കെടുത്ത്​ തുടങ്ങിയ ഹമാസിന്റെ പ്രവർത്തനം 2005 ആകുമ്പോഴേക്കും പൂർണമായും ഇസ്രായേൽ ഗസ്സ വിട്ടു പോകുന്ന സാഹചര്യം ഉടലെടുത്തു.

മാത്രമല്ല 2006ലെ പാർലമെന്റ് ഇലക്ഷനിൽ ഗസ്സ വിജയിക്കുകയും ചെയ്തു. ഇത്രയും സൈന്യവും സന്നാഹങ്ങളും ഉള്ള ഇസ്രായേലിന് ഗസ്സയിൽ പിടിച്ചുനിൽക്കാനാവാത്തതിന് കാരണം ഹമാസ് എന്ന വിപ്ലവപ്രസ്ഥാനം തന്നെയാണെന്ന് ലോകം അംഗീകരിച്ചു.ഹമാസിനെ തകർക്കാൻ നേതാക്കളെ പിടികൂടിയല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന് മനസ്സിലാക്കിയ ഇസ്രായേൽ, പലതവണ അഹ്മദ് യാസിനെ തുറങ്കിൽ അടക്കുകയുണ്ടായി. ശാരീരിക വൈകല്യമുള്ള അദ്ദേഹത്തിന്റെ ബുദ്ധിയും നാവും മാത്രമേ ചലിക്കുന്നുള്ളുവെങ്കിലും ആ നേതൃത്വത്തെ ഇസ്രായേൽ വല്ലാതെ ഭയപ്പെടുന്നുണ്ടായിരുന്നു. അതുപോലെ ഖാലിദ് മിഷ്അലിനിയും തുറുങ്കിൽ അടക്കുകയും പിന്നീട് ഖത്തറിലേക്ക് നാടുകടത്തുകയും ചെയ്തു.

സ്വന്തം രാജ്യത്തെ സ്വതന്ത്രമാക്കാൻ ഉള്ള വിപ്ലവ പോരാട്ടത്തിൽ പങ്കാളികളായവരുടെ ആയുധം വെറും കല്ലുകൾ മാത്രമായിരുന്നു.ഇപ്പോഴാണ് ഹമാസ് ചെറിയ തരത്തിലുള്ള ബോംബുകളും മിസൈലുകളും പ്രയോഗിച്ചു തുടങ്ങുന്നത്. ഇസ്രായേലികളുടെ പടക്കോപ്പുകൾക്ക് മുമ്പിൽ വെറും ധൂളികൾ മാത്രമാണെന്നതാണ്​ യാഥാർഥ്യം.ജെറുസലം ഫലസ്തീനിലെ ജൂതന്മാർക്കും ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും പുണ്യമാക്കപ്പെട്ട നഗരം ആയാണ് വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ ഇസ്രായേൽ ജറുസലേമിനെ തലസ്ഥാനമായി പ്രഖ്യാപിച്ചത് അറബികൾക്ക് ഒരിക്കലും അംഗീകരിക്കാൻ സാധിക്കുന്ന വസ്തുതയല്ല.ബൈബിളും ഖുർആനും മോസസിന്റെ പഴയനിയമവും വ്യാഖ്യാനിച്ചുകൊണ്ട് ജൂതരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും അവരുടെ ഭാഗങ്ങൾ നിവർത്തിക്കുമ്പോഴും നാം മനസ്സിലാക്കേണ്ട ഒരു വസ്തുത, ഫലസ്തീനികൾ ഒരിക്കലും മുസ്ലിം സ്വത്തബോധത്തിന്റെ ഭാഗമായല്ല വിപ്ലവം നടത്തിക്കൊണ്ടിരുന്നതെന്നാണ്​.

അവർക്ക് അവരുടെ രാജ്യം തിരിച്ചു ലഭിക്കണം എന്ന ഒറ്റ ആവശ്യം മാത്രമായിരുന്നു അവരുടെ എല്ലാ സമരപോരാട്ടങ്ങളുടെയും ലക്ഷ്യം. ഹമാസ് നേതാവ് ഖാലിദ് മിശ്അൽ ഒരിക്കൽ സൂചിപ്പിക്കുകയുണ്ടായി. ജൂതന്മാരും ക്രിസ്ത്യാനികളും ഞങ്ങളുടെ രാജ്യത്ത് ജീവിക്കുന്നതിൽ ഞങ്ങൾക്ക് യാതൊരു പ്രയാസവുമില്ല . പക്ഷേ ഞങ്ങളുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം, അധികാരം അത് ഞങ്ങൾക്ക് തന്നെ ലഭിക്കണം. അതായിരുന്നു ഫലസ്തീനിന്റെ ആവശ്യം.അവിടെ മതത്തിന്റെയും സ്വത്തബോധത്തിന്റെയും വർഗ്ഗത്തിന്റെയും പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് രാജ്യത്തിനു വേണ്ടിയുള്ള സ്വതന്ത്ര പോരാട്ടത്തെ തീവ്രവാദ പ്രവർത്തനമായി ചിത്രീകരിക്കാനുള്ള അജണ്ട ആരുടേതാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.

ട്രമ്പിൽ നിന്ന് വ്യത്യസ്തമായി ബൈഡൻ അമേരിക്കയുടെ അധികാരം ഏറ്റെടുത്തപ്പോൾ പലസ്തീൻ കാര്യത്തിൽ ചില മാറ്റങ്ങൾ ലോകം പ്രതീക്ഷിച്ചെങ്കിലും, അദ്ദേഹവും ഇസ്രായേലിന്റെ ഭാഗത്തുനിന്ന് സംസാരിക്കുന്നതാണ് കാണാൻ സാധിക്കുന്നത്​.ലോകരാജ്യങ്ങൾക്കിടയിൽ സമാധാനം പുനസ്ഥാപിക്കാൻ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം രൂപീകരിക്കപ്പെട്ട ഐക്യരാഷ്ട്രസംഘടനയും ഇക്കാര്യത്തിൽ ഇടപെട്ടതായി കാണുന്നില്ല.


നമ്മുടെ രാജ്യത്തെ ആർ.എസ്.എസ് കേന്ദ്രം ഇസ്രായേലിന്റെ ഭാഗത്തുനിന്ന് സംസാരിക്കുന്നതിന് മറ്റൊരു ന്യായം കൂടിയുണ്ട്. അവരുടെ നേതാവ് മൂഞ്ചെ,രാഷ്ട്രീയ സ്വയംസേവക സംഘം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടു സയണിസത്തെ പഠിക്കുകയുണ്ടായി.രണ്ടും തമ്മിലുള്ള ആശയ സാമ്യമാണ് അതിന്നിടയാക്കിയത്.ബ്രാഹ്മണരും ജൂതരും ജന്മം കൊണ്ട് മാത്രം ലഭിക്കുന്ന സ്വത്വമാണ്. അതിലേക്ക് മതം മാറിയത് കൊണ്ടോ ആശയ കൈമാറ്റം നടത്തിയതു കൊണ്ടോ ആർക്കും പ്രവേശനം സാധ്യമല്ല. അതുകൊണ്ടുതന്നെയാണ്,തങ്ങളുടെ ജനവിഭാഗത്തെ അങ്ങേയറ്റം സംരക്ഷിക്കുകയും അവരിൽ ഒരാൾക്ക് പോലും അപകടം സംഭവിക്കുമ്പോൾ വലിയ പ്രതിഷേധം ഉയർത്തുകയും ചെയ്യുന്നത്. പലപ്പോഴും ഒരു ജൂതനെ പിടിച്ചു വെച്ചാൽ നൂറുകണക്കിന് ഫലസ്തീനികളെ വിട്ടയക്കുന്ന പ്രവണത ഇതുമൂലം ഉണ്ടായതാണ്.

പലതരത്തിലുള്ള കള്ളപ്രചരണങ്ങൾ നടക്കുമ്പോഴും യാഥാർത്ഥ്യം മനസ്സിലാക്കുന്നവർ ലോകത്തുണ്ട് എന്നുള്ളതിന് തെളിവാണ് ഈ 11 ദിവസത്തെ ഏറ്റുമുട്ടലുനിടയിൽ ലണ്ടനിൽ ഇസ്രായേൽ എംബസിക്കു മുന്നിൽ ആയിരക്കണക്കിന് ജനങ്ങൾ അണിനിരന്ന് നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ സമരം.അത് പിന്നീട് ലോകമെമ്പാടും ഏറ്റെടുക്കുന്ന സ്ഥിതിവിശേഷവുണ്ടായി. ഇസ്രായേൽ കുപ്രചരണങ്ങൾ ഒക്കെയും അതിനുമുന്നിൽ നിലംപരിശായി. ഈജിപ്തും ഖത്തറും നേതൃത്വം കൊടുത്ത സമാധാന ചർച്ചയിൽ പങ്കെടുക്കുന്നതിനും വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിനും അമേരിക്ക നിർബന്ധിതമായി.

അന്ന് വിഭജനത്തെ അനുകൂലിച്ചിരുന്നുവെങ്കിൽ ഇന്ന് ഫലസ്ഥീൻ ജനതക്കു ഈ ഗതി ഉണ്ടാവില്ല എന്ന അർത്ഥത്തിലേക്ക് ചരിത്രം മാറ്റി എഴുതപ്പെടുന്നത് ഒരിക്കലും നീതിപരമല്ല. വിഭജനം കഴിഞ്ഞ 70 ആണ്ട് പിന്നിടുമ്പോഴും ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യ പോരാട്ടത്തിനോടൊപ്പം നിൽക്കേണ്ട വ്യവസ്ഥകൾ ഒക്കെയും ഇസ്രായേലിന്റെ കൂടെ നിൽക്കുന്നു എന്ന് മാത്രമല്ല, അന്ന് നേർ പകുതി ഉണ്ടായിരുന്ന ഭൂമിയുടെ 70 ശതമാനത്തിലധികവും ഇന്ന് ഇസ്രായേലിന്റെ കൈയ്യിലാണ്. ബാക്കിവരുന്ന ഭൂമിയിൽ ഫലസ്തീനികളെ ജീവിക്കാൻ അനുവദിക്കുന്നില്ല എന്നതാണ് നമ്മൾ ഈ അവസാനത്തെ കുടിയൊഴിപ്പിക്കലിലും മനസ്സിലാക്കേണ്ട യാഥാർത്ഥ്യം.

ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനു ത​െൻറ ഭരണം നിലനിർത്താൻ സാധിക്കാത്ത രീതിയിലുള്ള അഴിമതി ആരോപണം ഉള്ളതിനാൽ, മുന്നോട്ടുപോവാൻ പാടുപെടുന്ന സന്ദർഭത്തിൽ കൂടിയാണ് ഫലസ്തീൻ മേൽ ഈ ആക്രമണം അഴിച്ചുവിടുന്നത് രാഷ്​ട്രീയ വസ്​തുതയും പരിഗണിക്കേണ്ടിയിരിക്കുന്നു.നൂറ്റാണ്ടുകളായി ഒരു ജനത നയിക്കുന്ന സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ താൽകാലിക വിജയത്തിനപ്പുറം, ഫലസ്തീൻ ഒരു ദിവസം അതിന്റെ അതിരുകൾ ഭേദിച്ചു, സ്വാതന്ത്ര്യം പ്രഖ്യാപിക്കുമെന്നുള്ള സൂചന കൂടിയാണ് ഈ വെടി നിർത്തൽ കരാറിൽ ഇസ്രായേൽ ഒപ്പ് വെപ്പിച്ചതിലൂടെ തെളിയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelPalestin
Next Story