Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തി​ഹാ​റി​നു​ള്ളി​ൽ എ​ന്റെ ഒ​രു ദി​വ​സം -ഉമർ ഖാലിദിന്റെ ജയിലനുഭവം

text_fields
bookmark_border
വിചാരണയില്ലാതെ, ജാമ്യം തുടരെ നിഷേധിക്കപ്പെട്ട് തിഹാർ ജയിലിലടക്കപ്പെട്ട ഗവേഷകനും വിദ്യാർഥി നേതാവുമായ ഉമർ ഖാലിദ് സെപ്റ്റംബർ 13ന് ആറുവർഷത്തെ തടവ് പൂർത്തിയാക്കുകയാണ്
തി​ഹാ​റി​നു​ള്ളി​ൽ എ​ന്റെ ഒ​രു ദി​വ​സം -ഉമർ ഖാലിദിന്റെ ജയിലനുഭവം
cancel

‘‘ഖാലിദ് ഉഠോ, ഹാഥ് ഹിലാവോ… ഖാലിദ്, അബേ സിന്ദാ ഹൈ?’’ (ഖാലിദ്, എഴുന്നേൽക്കൂ, കൈയൊന്ന് അനക്കൂ... ഹേയ് ഖാലിദ്, ജീവനോടെയുണ്ടോ?)

രാവിലെ 6:00

ഉറക്കത്തിനിടയിൽ, സെല്ലിന് പുറത്തുനിന്ന് വാർഡൻ എന്റെ പേരുവിളിക്കുന്നത് നേർത്തൊരു ശബ്ദമായി ഞാൻ കേൾക്കുന്നു. തടവുകാരുടെ രാവിലത്തെ ‘ഗിൻതി’ അഥവാ തലയെണ്ണലാണിത്. ജയിലിനകത്തെ ജീവിതത്തിന്റെ ചലനങ്ങളെ നിയന്ത്രിക്കാൻ ജയിൽഭരണകൂടം ദിവസേന നൽകുന്ന കൽപനകളുടെ തുടക്കം. താക്കോൽക്കൂട്ടം കിലുക്കി ഓരോ സെല്ലിന്റെയും വാതിലുകൾ തുറന്നുകൊണ്ട് വാർഡ് ‘മുൻഷി’ വാർഡന്റെ പിറകെ വരുന്നുണ്ട്. വിക്ടർ ഫ്രാങ്ക്ലിന്റെ കോൺസൻട്രേഷൻ ക്യാമ്പുകളിലെ ‘കാപ്പോ’മാരെ നേരിയ തോതിലെങ്കിലും ഈ തടവുകാരൻ ഓർമിപ്പിക്കുന്നു.

അൽപം അസ്വസ്ഥതയോടെ കൈയൊന്ന് വീശി ജീവനോടെയുണ്ടെന്ന് ബോധ്യപ്പെടുത്തി ഞാൻ വീണ്ടും ഉറങ്ങാൻ ശ്രമിക്കുന്നു. മുഹ്സിൻ മഖ്മൽബഫ് വിശേഷിപ്പിച്ച ‘ഗൊംഗെ സാബ് ദിദേ’ എന്ന അവസ്ഥയിലാണ് ഞാൻ; അതായത്, ഒരു രാഷ്ട്രീയതടവുകാരനെന്ന നിലയിൽ ജീവിതത്തിനുമേൽ അടിച്ചേൽപിക്കുന്ന അക്രമാസക്തമായ സെൻസർഷിപ്പുകൾക്കിടയിലും മനുഷ്യന് ഭാവനാത്മകമായ ആവിഷ്കാരത്തിന് വഴിയൊരുക്കുന്ന ഒരു സ്വപ്നാവസ്ഥ. എവിടെയോ ഒരു പ്രഭാതപ്രാർഥന മുഴങ്ങുന്നത് കേൾക്കാം; സ്കൂൾകാലത്ത് സ്കൂൾമൈതാനത്തുനിന്ന് ഉയർന്ന് ആ പ്രദേശത്തെ തുറസ്സുകളിലേക്ക് പടരുമായിരുന്ന ആ പ്രാർഥന, ഇവിടെ സെല്ലിന്റെ നാലുചുവരുകൾക്കുള്ളിൽ തട്ടി പ്രതിധ്വനിക്കുകയാണ്.

വ്യക്തിഗത ചരിത്രമില്ലാത്ത വെറും പേരുകളായി തടവുകാരുടെ പേരുകൾ ലൗഡ്സ്പീക്കറിലൂടെ വിളിച്ചുപറയാൻ തുടങ്ങുന്നു. കോടതിയിൽ ഹാജരാകേണ്ടവരോ ആശുപത്രിയിൽ പോകേണ്ടവരോ ഉടൻ ഗേറ്റിലെത്താനാണ് നിർദേശം. പകലുടനീളം ഇത്തരം അറിയിപ്പുകൾ തുടരും. ഒപ്പം ക്യൂ തെറ്റിച്ചതിന്റെ പേരിൽ പരസ്പരം തെറിവിളിച്ച് വഴക്കിടുന്ന തടവുകാരുടെ ശബ്ദങ്ങളും ഉയരുന്നുണ്ട്. പ്രഭാതചായ എത്തിയെന്ന് അറിയിച്ച് ആരോ മണി മുഴക്കുന്നു.

ഈ കോലാഹലങ്ങൾ എന്നെ സ്വപ്നാവസ്ഥയിൽനിന്ന് ഉണർത്തുന്നു. കണ്ണുതുറക്കുമ്പോൾ സെല്ലിന്റെ മച്ചിൽ ഒരു പല്ലി. കുട്ടിക്കാലം മുതലേ പല്ലികളെ പേടിയായിരുന്ന എനിക്ക് അറസ്റ്റിന് മുമ്പ് അവയുള്ള ഒരു മുറിയിൽ നിൽക്കാൻപോലും സാധിക്കുമായിരുന്നില്ല. എന്നാൽ, ഇപ്പോൾ അവയോടും മറ്റ് ഇഴജന്തുക്കളോടും ഒപ്പം ജീവിക്കാൻ ഞാൻ ശീലിച്ചു. ഞങ്ങൾ പരസ്പരം നിരീക്ഷിക്കാറുണ്ട്; പരസ്പരം ശല്യം ചെയ്യാതെ അവരവരുടെ കോണുകളിലേക്ക് ഒതുങ്ങാമെന്നൊരു നിശ്ശബ്ദധാരണ ഞങ്ങൾക്കിടയിലുണ്ട്. ഈ ഇത്തിരിപ്പോന്ന ഇടം പങ്കിടുന്നതിൽ എനിക്കിപ്പോൾ പരാതിയില്ല, എന്തൊക്കെയായാലും അവരും ഒരു കൂട്ടാണല്ലോ.

സെല്ലിൽനിന്ന് പുറത്തിറങ്ങുമ്പോൾ എന്റെ ഉറ്റസുഹൃത്തുക്കളെന്ന് ഞാൻ വിളിക്കുന്ന ശ്യാം ലാലും ശിൽപയും-രണ്ട് പൂച്ചകൾ-വന്ന് കാലുകളിൽ തലയുരസുന്നു. അതൊരു പ്രഭാത ആലിംഗനമാവാം, അല്ലെങ്കിൽ പാല് ചോദിക്കലുമാകാം. പതിവുപോലെ പാൽ ചൂടാക്കാനും കുളിക്കാൻ വെള്ളം കോരാനും ഫോൺ വിളിക്കാനുമായി തടവുകാർ വരിനിൽക്കുന്നു. ഒരൊറ്റ ഇലക്ട്രിക് ഹീറ്റർ, ഒരൊറ്റ വാട്ടർ കൂളർ, ഏതാനും ടാപ്പുകൾ, ഒരൊറ്റ ഫോൺ; നൂറിലധികം പേരാണ് ഈ വാർഡിൽ കഴിയുന്നത്.

മുൻഷി ശുചീകരണത്തൊഴിലാളിയായ തടവുകാരന് നേരെ അലറുന്നു: ‘‘അബേ സഹ്‌രിലേ, എവിടെപ്പോയി തുലഞ്ഞു, വേഗം അടിച്ചുവാരാൻ തുടങ്ങടാ!’’ സഹ്‌രില എന്നാൽ വിഷമുള്ളവൻ എന്നർഥം; ആ തൊഴിലാളി സ്വയം സ്വീകരിച്ച പേരാണത്. ഇവിടെ അപരനാമങ്ങൾ സ്വീകരിക്കുന്നത് സാധാരണമാണ്. പുറംലോകത്തെ പേരുകൾക്ക് ജയിലിന്റെ ലോകത്തെ പുതിയ വ്യക്തിത്വത്തോളം വളരാനാകില്ല. ഈ പേരുകൾക്ക് ഇവിടെ ഭൗതികമായ അർഥങ്ങളുണ്ട്; തടവുകാർക്കിടയിലെ അധികാരശ്രേണിയിൽ നിങ്ങൾ എവിടെ നിൽക്കുന്നു എന്നതിലും ഇവക്ക് പങ്കുണ്ട്. എന്നാൽ, ഞാൻ ഇപ്പോഴും ഖാലിദ് തന്നെയാണ്. ഞാൻ അടുത്തില്ലാത്തപ്പോൾ മറ്റുള്ളവർ എന്നെ എന്താണ് വിളിക്കുന്നതെന്ന് ഞാൻ ചിന്തിക്കാറുണ്ട്. പത്രങ്ങൾ പടച്ചുവിട്ട ഇസ്‌ലാമോഫോബിയയുടെയും മുൻവിധികളുടെയും ആഖ്യാനങ്ങളെക്കുറിച്ച് എനിക്കറിയാം. എങ്കിലും എന്റെ സഹതടവുകാർക്ക് ഞാൻ അതിലുമൊക്കെ എത്രയോ മീതെയാണെന്നും എനിക്കറിയാം.

രാവിലെ 8:00-9:00

വാർഡിലെ ശബ്ദങ്ങൾ ശാന്തമാകുന്നു. ജയിൽ ഫാക്ടറിയിലെ വേതനത്തോടുകൂടിയ ‘മുശഖത്ത്‘ ജോലികൾക്കായി ആളുകൾ പോകുന്നു. വലിയൊരു ഗേറ്റും ഭീമാകാരമായ മതിൽഘടികാരവും പുകക്കുഴലുമുള്ള അവിടത്തെ ഫാക്ടറി നമ്മൾ ജീവിക്കുന്നത് മറ്റൊരു നൂറ്റാണ്ടിലാണെന്ന തോന്നലുണ്ടാക്കും. പ്ലംബർമാർ, തയ്യൽക്കാർ, ഇലക്ട്രീഷ്യൻമാർ എന്നിവരായോ കാന്റീനിലോ ലൈബ്രറിയിലോ ജോലി ചെയ്യുന്ന മറ്റുള്ളവരും പുറപ്പെടുന്നു. ജയിലിനകത്തെ ജോലികൾ ഭൂരിഭാഗവും ചെയ്യുന്നത് തടവുകാരാണ്; അവരാണ് ഈ ജയിലിനെ മുന്നോട്ട് കൊണ്ടുപോകുന്നത്. സ്വന്തം ഇഷ്ടപ്രകാരം അതിരുകൾ കടക്കാനാവാത്ത നഗരത്തിനുള്ളിലെ ഒരു നഗരം!

അധികം വൈകാതെ സെൻസർഷിപ് വിഭാഗം വാർത്തകൾ വെട്ടിമാറ്റി വികൃതമാക്കിയ പത്രങ്ങൾ ലഭിക്കുന്നു. നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കെതിരെ വിദ്യാർഥികളും യുവാക്കളും നടത്തുന്ന പ്രതിഷേധങ്ങളെക്കുറിച്ചുള്ള വാർത്തകൾ ഞാൻ വായിച്ചു. ഉള്ളിൽ ഒരു അസ്വസ്ഥത നുരഞ്ഞുപൊന്തി. വിയോജിപ്പുകളുടെ ആ സാധ്യതകളെ നേരിട്ടറിയാനും രാജ്യത്തെ യുവതക്കൊപ്പം നിൽക്കാനും കഴിഞ്ഞിരുന്നെങ്കിൽ! ഈ റിപ്പോർട്ടുകൾ എന്നെ നിരാശയിൽനിന്ന് കരകയറ്റുന്നു. ഈ ഭരണകൂടം ജനങ്ങളുടെ ബോധത്തിലേക്ക് കുത്തിവെക്കുന്ന വിഷം കാരണം ഒരു തലമുറ നശിച്ചുപോകുമോ എന്ന് ഞാൻ ഭയപ്പെട്ടിരുന്നു. എന്നാൽ, പ്രതീക്ഷ ബാക്കിയുണ്ടെന്ന് ഈ യുവത തെളിയിക്കുന്നു. അനീതിക്കെതിരെ പോരാടാനും അധികാരത്തിന് കടിഞ്ഞാണിടാനും അവർക്കറിയാം. കഴിഞ്ഞ 12 വർഷത്തെ അനുഭവങ്ങൾ ആർ.എസ്.എസ്-ബി.ജെ.പി കൂട്ടുകെട്ട് രാഷ്ട്രത്തെ ഓരോ ഇഷ്ടികയായി തകർക്കുകയാണെന്ന് അവർക്ക് ബോധ്യപ്പെടുത്തിക്കൊടുത്തു. എന്റെ മോചനം ആവശ്യപ്പെട്ട് പ്ലക്കാർഡുകൾ ഏന്തിയ വിദ്യാർഥികളെക്കുറിച്ച് വായിക്കുമ്പോൾ സഖാത്വത്തിന്റെ ഊഷ്മളത ഞാൻ അറിയുന്നു; ഭരണകൂടത്തോട് അവർ പ്രഖ്യാപിക്കുകയാണ്: ‘‘ഞങ്ങൾ നിങ്ങളെ കാണുന്നുണ്ട്.’’

രാവിലെ 10:00

ഉച്ചഭക്ഷണത്തിനുള്ള മണി മുഴങ്ങുന്നു. ഡ്രമ്മുകൾക്ക് മുന്നിൽ വരിനിന്ന് ഞങ്ങൾ പ്ലാസ്റ്റിക് പാത്രങ്ങളിൽ പരിപ്പും പച്ചക്കറിയും ചപ്പാത്തിയും വാങ്ങുന്നു. ഒരു കോടതിയുത്തരവുമായി ഒരു തടവുകാരൻ എന്റെ അടുത്തു വരുന്നു. ഉത്തരവിലെ ഓരോ വാക്കും ഹിന്ദിയിലേക്ക് വിവർത്തനം ചെയ്ത് കേൾപ്പിച്ചെങ്കിലും അയാൾ നിരാശനായി നടന്നുപോയി; മോശം വാർത്തകൾ എത്തിക്കുന്ന ആളാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഫാക്ടറിയിലെ അപകടത്തിൽ പരിക്കേറ്റതിന് ചികിത്സ തേടി ജയിൽ സൂപ്രണ്ടിന് അപേക്ഷ എഴുതിത്തരാൻ മറ്റൊരാൾ ആവശ്യപ്പെടുന്നു. നിവേദനങ്ങൾകൊണ്ട് പലപ്പോഴും ഒരു ഫലവുമില്ലെങ്കിലും എഴുതപ്പെട്ട വാക്കിന്റെ ശക്തിയിലുള്ള ഇവരുടെ വിശ്വാസം അപാരമാണ്. വിശ്വാസത്തിലും പ്രതീക്ഷയിലുമാണല്ലോ തടവുകാർ ജീവൻ നിലനിർത്തുന്നത്.

ഉച്ചക്ക് 12:00

ഞങ്ങളെ വീണ്ടും സെല്ലുകളിൽ പൂട്ടുന്നു. തലക്കുമുകളിലെ കൊടുംവെയിലിൽ സെൽ ചുട്ടുപൊള്ളുമ്പോൾ ഭിത്തികളിലെ ചൂടുകുറക്കാൻ ഞാൻ വെള്ളം തളിക്കുന്നു. അഴികൾക്കിപ്പുറം നിന്ന് വാർഡ് സേവാദാർ എന്റെ പരിപ്പുകറി താളിച്ചുതരുന്നതിനിടയിൽ തന്റെ കഥ പറയുന്നു: കൊലപാതക-കവർച്ചക്കേസിൽ 2003 മുതൽ ജയിലിലായ അയാൾക്ക് നല്ലനടപ്പുകാരനായതിനാൽ സെമി-ഓപൺ ജയിലിലേക്ക് മാറ്റം കിട്ടിയിരുന്നു. കോവിഡ് കാലത്ത് വിട്ടയച്ചെങ്കിലും ഒരുവർഷത്തിനകം വീണ്ടും കവർച്ച നടത്തി തിരിച്ചെത്തി. എന്തിനത് ചെയ്തു എന്ന എന്റെ ചോദ്യത്തിന് നിസ്സംഗതയോടെ അയാൾ മറുപടി നൽകി: ‘‘മകളുടെ വിവാഹം നടത്തണമായിരുന്നു. കോവിഡ് കാലത്ത് പണവും ജോലിയും കിട്ടാനില്ലായിരുന്നു. പക്ഷേ, കൂട്ടാളികൾ പണവുമായി മുങ്ങി, ഞാൻ പിടിയിലായി. ഒടുവിൽ ഒരുവർഷം മുശഖത്തിൽനിന്ന് കിട്ടിയ വേതനം വീട്ടിലയച്ചാണ് മകളുടെ വിവാഹം നടത്തിയത്.’’

ഉച്ചഭക്ഷണത്തിന് ശേഷം, വീട്ടിലേക്കുള്ള ഫോൺകാളിനായി ഞാൻ കുറിപ്പുകൾ തയാറാക്കുന്നു. ആഴ്ചയിൽ 5 മിനിറ്റ് വീതമുള്ള മൂന്ന് കാളുകൾ മാത്രമാണ് അനുവാദമുള്ളത്. ഓരോ നിമിഷവും എത്ര വിലപ്പെട്ടതാണെന്ന് ജയിൽ പഠിപ്പിച്ചു. അഞ്ചുമിനിറ്റിൽ എന്തു പറയാൻ! ഏറ്റവും കൃത്യമായ വാക്കുകൾ ഞാൻ തിരഞ്ഞെടുക്കണം. പ്രിയപ്പെട്ടവരോട് സംസാരിക്കാനുള്ള സമയം പോലും തട്ടിയെടുക്കുന്നതിലൂടെ ഭരണകൂടം ആവിഷ്കാരസ്വാതന്ത്ര്യത്തെത്തന്നെയാണ് കവർന്നെടുക്കുന്നത്.

വൈകുന്നേരം 3:00-4:00

സെല്ലുകൾ വീണ്ടും തുറക്കുന്നു. ചായയെത്തുന്നു. പരോളിലിറങ്ങി രണ്ടുപതിറ്റാണ്ട് പല രാജ്യങ്ങളിൽ ഒളിവിൽ കഴിഞ്ഞ് ഒടുവിൽ തിരിച്ചെത്തിയ പഴയൊരു ‘ജയിൽ ഡോൺ‘ തന്റെ വീരകഥകൾ എന്നോട് പറയുന്നു. പ്രായവും ഉത്തരവാദിത്തങ്ങളും അയാളെ തളർത്തിയിട്ടുണ്ടെങ്കിലും പഴയ സ്വത്വം ചിലപ്പോൾ തലപൊക്കും. ഫാക്ടറിയിലെ ജോലിയിൽനിന്ന് മാറ്റിയെങ്കിലും ഞങ്ങളുടെ ‘ചായ് പേ ചർച്ച’ക്ക് സമയം കിട്ടുന്നതുകൊണ്ട് പുതിയ തോട്ടപ്പണിയിലാണ് അയാൾക്ക് സന്തോഷം.

വൈകീട്ടോടെ ആളുകൾ പണികഴിഞ്ഞ് തിരിച്ചെത്തുന്നു. ചിലർ തുണി കഴുകുന്നു; മറ്റു ചിലർ മരങ്ങളിൽനിന്ന് മാങ്ങയും ഞാവൽപഴവും പെറുക്കുന്നു. അരയാൽത്തറയിലിരുന്ന് മുടി വെട്ടിക്കുന്നവരും, മണൽ നിറച്ച വെള്ളക്കുപ്പികൾകൊണ്ട് വ്യായാമം ചെയ്യുന്നവരുമുണ്ട്. ജീവിതകാലം മുഴുവൻ തടവിലായവരുടെ മോചനം തീരുമാനിക്കുന്ന ‘സെന്റൻസ് റിവ്യൂ ബോർഡി’ന്റെ കാര്യങ്ങൾ ചർച്ച ചെയ്യുന്നവരും പ്രാർഥനയിൽ മുഴുകുന്നവരുമുണ്ട്. ക്ഷേത്രമണികൾക്കൊപ്പം ഒരു മൂലയിൽനിന്ന് ഒരു തടവുകാരൻ ബാങ്ക് വിളിക്കുന്നു. പ്രാവുകൾക്കും ഉറുമ്പുകൾക്കും അന്നം നൽകി വിധി മാറാൻ പ്രാർഥിക്കുന്നവർക്കിടയിലൂടെ ഞാൻ ഞങ്ങളുടെ വാർഡിലെ പൂച്ചകൾക്കായി പാൽ പകർന്നുനൽകുന്നു.

വൈകുന്നേരം 5:00 മുതൽ

അത്താഴമെത്തുന്നു; പിന്നാലെ വീണ്ടും സെല്ലുകളിൽ അടക്കപ്പെടുന്നു. വാർഡൻ വീണ്ടും വന്ന് തടവുകാരെ എണ്ണി തിട്ടപ്പെടുത്തുന്നു. അങ്ങനെ മറ്റൊരു ദിവസവും അവസാനിക്കുന്നു. ഈ വിരസതയിൽ ദിവസങ്ങൾ പരസ്പരം ലയിച്ചുചേരുന്നു. മുമ്പ് കോടതിത്തീയതികളിലൂടെയും വായിച്ച പുസ്തകങ്ങളിലൂടെയുമാണ് ഞാൻ കാലത്തെ അളന്നിരുന്നതെങ്കിൽ, ഇപ്പോൾ വാർഡിന് പുറത്തെ മരങ്ങൾ നിറംമാറുന്നതിലൂടെ ഋതുക്കളുടെ വരവുപോക്കുകൾ നോക്കിയാണ് ഞാൻ കാലത്തെ തിരിച്ചറിയുന്നത്.

വേനൽക്കാലത്തെ രാത്രികളിൽ സെൽ കഠിനമായ പരീക്ഷണമാണ്. തണുപ്പുകാലത്ത് മെത്തയാക്കുന്ന പുതപ്പ് മടക്കിവെച്ച്, കോൺക്രീറ്റ് സ്ലാബിൽ വെള്ളം തളിച്ച് ഞാൻ അതിൽ കിടക്കുന്നു. റേഡിയോയിലെ സംഗീതത്തിന്റെ അകമ്പടിയോടെ പുസ്തകങ്ങൾ വായിക്കുന്നു. ദിവസത്തിന്റെ ഈ അവസാന മണിക്കൂറുകളിൽ വല്ലാത്തൊരു ഏകാന്തശാന്തതയുണ്ട്. എന്നാൽ, പല രാത്രികളിലും കടുത്ത ചൂടും ശ്വാസംമുട്ടലും കാരണം ഞാൻ ഞെട്ടിയുണരുന്നു. നെഞ്ചുപിടക്കുന്ന ഈ വേദന പുറത്തുനിന്നാർക്കും കാണാനാവില്ല. ജയിലിൽ ശ്വാസംമുട്ടൽ പോലും തടവുകാരന്റെ സ്വാഭാവികാവസ്ഥയായാണ് കാണുന്നത്. സ്വന്തം ശരീരത്തിന്റെ താളം വീണ്ടെടുക്കാൻ സ്വയം ചില വിദ്യകൾ പയറ്റേണ്ടിവരുന്നു. എന്റെ മുപ്പതുകളുടെ ഭൂരിഭാഗവും ഞാൻ ഈ തടവറയിൽ തീർത്തതെങ്ങനെയാണ്? തുടരുന്ന ഈ അനീതി നമ്മുടെ പവിത്രമായ നീതിപീഠങ്ങളിലെ ഒരു തൂവലെങ്കിലും ചലിപ്പിക്കുന്നുണ്ടോ?

സെപ്റ്റംബർ 13ന് ഞാൻ ജയിലിൽ ആറുവർഷം പൂർത്തിയാക്കുകയാണ്. ഗ്ലാസ് ഭിത്തികൾക്കും ഇരുമ്പുവലകൾക്കും അപ്പുറത്ത് പ്രിയപ്പെട്ടവരെ കാണാനുള്ള കാത്തിരിപ്പുകളിലൂടെയാണ് ഇപ്പോൾ ഞാൻ സമയം അടയാളപ്പെടുത്തുന്നത്. ഉറക്കം വരാതെ ഉത്കണ്ഠക്കുള്ള ഗുളികകൾ തപ്പിയെങ്കിലും അവ തീർന്നുപോയിരുന്നു. ലൈറ്റണച്ച് കിടക്കാൻ നോക്കുമ്പോൾ വാർഡൻ വന്ന് ലൈറ്റിടാൻ ആജ്ഞാപിക്കുന്നു; തടവുകാരുടെ ശരീരങ്ങൾ എപ്പോഴും പുറത്തുനിന്ന് കാണണം പോലും! ഉറക്കം വരാതെ സെല്ലിന്റെ ഭിത്തിയിൽ ഞാൻ കോൾഡ്പ്ലേയുടെ വരികൾ കോറിയിട്ടു:

‘‘Nobody said it was easy - no one said it would be this hard.’’

(ഇത് എളുപ്പമായിരിക്കുമെന്ന് ആരും പറഞ്ഞിരുന്നില്ല - എന്നാൽ, ഇത്ര കഠിനമായിരിക്കുമെന്ന് ആരും പറഞ്ഞതുമില്ല).

ഒടുവിൽ വീണ്ടും ഉറക്കത്തിലേക്ക് വഴുതിവീഴുമ്പോഴേക്കും വാർഡന്റെ ആ പതിവ് ശബ്ദം വീണ്ടും മുഴങ്ങുന്നു:

‘‘ഖാലിദ്, ഉഠോ... ഹാഥ് ഹിലാവോ...’’

(സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പങ്കുവെച്ച വിവരങ്ങളിൽനിന്ന് ക്രോഡീകരിച്ച് thequint.com പ്രസിദ്ധീകരിച്ച കുറിപ്പിന്റെ സംഗ്രഹം)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A Day of Mine Inside Tihar
Next Story