ഇടുക്കി അണക്കെട്ടിൽ ഈ മാസം കുറഞ്ഞത് 10.62 അടി വെള്ളം
text_fieldsമൂലമറ്റം: ചൂട് കഠിനമാകുകയും വൈദ്യുതി ഉൽപാദനം വർധിപ്പിക്കുകയും ചെയ്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നു. വെള്ളിയാഴ്ചത്തെ ജലനിരപ്പ് 2334.6 അടിയാണ്. ഇത് സംഭരണ ശേഷിയുടെ 34 ശതമാനമാണ്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 10.3 അടി കുറവാണിത്. കഴിഞ്ഞവർഷം ഇതേസമയം 2344.9 അടി ജലം അവശേഷിച്ചിരുന്നു. ഇത് സംഭരണശേഷിയുടെ 42 ശതമാനമായിരുന്നു.
ഏപ്രിലിൽ മാത്രം 10.62 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നത്. അണക്കെട്ടിലെ ജലം ഉപയോഗിച്ച് വെള്ളിയാഴ്ച 11.974 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു. വരുംദിവസങ്ങളിൽ വേനൽ കനക്കുകയും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വർധിക്കുകയും ചെയ്യും. ഇത് മറികടക്കാൻ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കേണ്ടിവരും.
സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുതി നിലയമായ മൂലമറ്റത്തെ വൈദ്യുതി ഉൽപാദനവും ഇതിന്റെ ഭാഗമായി വർധിപ്പിക്കേണ്ടിവരും. 12 മുതൽ 15 ദശലക്ഷം വരെയാകും അപ്പോൾ പ്രതിദിന ഉപഭോഗം. ഈ നിലയിൽ വൈദ്യുതി ഉൽപാദനം തുടർന്നാൽ 48 ദിവസത്തേക്കുള്ള വെള്ളമേ അണക്കെട്ടിൽ അവശേഷിക്കുന്നുള്ളൂ.
വേനൽ മഴ ലഭിക്കാത്ത സാഹചര്യംകൂടി ഉണ്ടായാൽ വൈദ്യുതി പ്രതിസന്ധിക്കും കാരണമാകും. വ്യാഴാഴ്ച സംസ്ഥാനത്ത് ഉപയോഗിച്ചത് 115.28 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ്. ഇതിൽ 87.49 ദശലക്ഷം യൂനിറ്റ് വിലകൊടുത്ത് മറ്റു സംസ്ഥാനങ്ങളിൽനിന്ന് വാങ്ങിയതാണ്. കേരളത്തിൽ ആകെ ഉൽപാദിപ്പിച്ചത് 27.78 ദശലക്ഷം യൂനിറ്റ് മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

