മരണ മാര്‍ക്കിങ്

Yellow-marks.
റോഡിലെ മഞ്ഞ അടയാളം

വാഹനങ്ങള്‍ മദംപൊട്ടിയൊഴുകുന്ന റോഡിന് നടുവില്‍ മറ്റൊന്നുമോര്‍ക്കാതെയിരുന്നു വരയ്ക്കുകയാണൊരാള്‍. മഞ്ഞയില്‍ ഒരു ചതുരം. അതിനു നടുവില്‍ ചോര ചിന്തിയൊഴുകിയ പോലെ ചുവന്ന നിറം. ആ ചതുരമഞ്ഞ ഒരു അറിയിപ്പാണ്. ഈ കറുത്ത റോഡില്‍, ഈ മഞ്ഞയിലാണ് ഒരാള്‍ മരിച്ചുവീണത് എന്ന മുന്നറിയിപ്പ് . ഒന്നുമറിയാതെ അതുവഴി നടന്നുപോയൊരു നിരപരാധിയെ ഭ്രാന്തെടുത്തു പാഞ്ഞുവന്ന ഒരു വാഹനം മരണശിക്ഷക്ക് വിധിച്ചതാവാം. അല്ലെങ്കില്‍, കണക്കുകള്‍ തെറ്റിയ വേഗത്തില്‍ മറ്റൊരു വാഹനത്തെ ഓവര്‍ടേക് ചെയ്യാനുള്ള ശ്രമത്തിനിടയില്‍ പൊലിഞ്ഞുപോയതാവാം ആ ജീവൻ. റോഡ് ക്രോസ് ചെയ്യുന്നതിനിടയില്‍ ഇടിച്ചുതെറിപ്പിച്ചതാവാം. ചിലപ്പോള്‍ കണ്ണില്‍ തറയ്ക്കുന്ന വെളിച്ചവുമായി പാഞ്ഞുവന്ന ഒരു വാഹനത്തിനു മുന്നില്‍ കണ്ണഞ്ചി പെട്ടുപോയതാകാം. അതുമല്ലെങ്കില്‍ ഹെല്‍മെറ്റില്ലാതെ ചീറിവന്ന് അലച്ച് തല്ലി വീണതാവാം. ആ മഞ്ഞയിലെ ചോരക്കളം വഴി കടന്നുപോകുമ്പോള്‍ മരിച്ചവന്‍െറ ഹൃദയത്തില്‍ സമര്‍പ്പിച്ച പുഷ്പചക്രം പോലെ തോന്നിക്കുന്നു.

Yellow maark

കോഴിക്കോട് നഗരത്തിലെ റോഡുകളില്‍ ട്രാഫിക് പോലീസ് ഇപ്പോള്‍ മരണം മാര്‍ക്കു ചെയ്തുകൊണ്ടിരിക്കുകയാണ്. റോഡിന് നടുവില്‍, പാലത്തിന്‍െറ ഒത്ത മധ്യത്തില്‍, റോഡിന്‍െറ അരികില്‍, തിരക്കേറിയ ജംഗ്ഷനില്‍.. കറുത്ത റോഡിന്‍െറ എല്ലാ കോണിലും മരണം മഞ്ഞയില്‍ മാര്‍ക്ക് ചെയ്യപ്പെടുന്നു. ആ മാര്‍ക്കുകള്‍ കാണുമ്പോള്‍ അതിവേഗത്തിന്‍െറ ആക്സിലേറ്ററില്‍നിന്ന് കാലെടുക്കാന്‍ ആര്‍ക്കെങ്കിലും തോന്നിയാല്‍ ചിലപ്പോള്‍ രക്ഷപ്പെടുന്നത് വിലപ്പെട്ട പല ജീവനുകളായിരിക്കും.

ഇപ്പോള്‍ നഗരത്തിലെ പ്രധാന റോഡുകളെല്ലാം മികച്ചതായിട്ടുണ്ട്. അതുകൊണ്ടുതന്നെ വാഹനങ്ങളെല്ലാം അതിവേഗത്തിലാണ് പായുന്നത്. ദിവസവും റോഡുകള്‍ മനുഷ്യരക്തത്തില്‍ കുതിരുന്നു. എത്രയെത്ര ബോധവത്കരണങ്ങള്‍ നടത്തിയിട്ടും അന്തമില്ലാത്ത മരണങ്ങളുടെ കണക്കുകള്‍ കുത്തനെ ഉയരുന്നു. ചിലപ്പോള്‍ മരിച്ചവന്‍െറ ഓര്‍മകള്‍ ഈ പാഞ്ഞൊടുങ്ങലില്‍നിന്ന് തടഞ്ഞേക്കുമെന്ന് കരുതിയാണ് കോഴിക്കോട് സിറ്റി പോലീസ് ‘മരണ മാര്‍ക്കിങ്’ തുടങ്ങിയത്. 

രാമനാട്ടുകര - തൊണ്ടയാട് ബൈപ്പാസിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കണം. പന്തീരാങ്കാവ് പാലത്തിന് തൊട്ടുമുന്നില്‍ ഒരു മാര്‍ക്ക്. പാലത്തിനു നടുവില്‍ മറ്റൊന്ന്. വെറും നൂറു മീറ്ററിനുള്ളില്‍ മൂന്നിടത്ത് ചോരയില്‍ കുതിര്‍ന്ന മഞ്ഞ. ഒരു കിലോ മീറ്ററിനുള്ളില്‍ നാലിടത്ത് പോലീസ് ചോരക്കളം വരയ്ക്കുന്നു. തൊണ്ടയാട് വരെയുള്ള നലാര കിലോ മീറ്ററിനുള്ളില്‍ ഒമ്പതിടത്ത്. മിക്കതും തിരക്കേറിയ ജംഗ്ഷനില്‍.

അനാദി കാലം മുതല്‍ക്കുള്ള റോഡ് മരണങ്ങളല്ല മാര്‍ക്ക് ചെയ്യുന്നത്. ഇക്കഴിഞ്ഞ വര്‍ഷം മാത്രം പൊലിഞ്ഞ ജീവനുകളെയേ ഓര്‍മിപ്പിക്കുന്നുള്ളു. എന്നിട്ടും റോഡിലെവിടെയും ചോരപ്പാടുകളുടെ മഞ്ഞച്ച ചതുരങ്ങള്‍ തലങ്ങും വിലങ്ങും പതിഞ്ഞുകൊണ്ടിരിക്കുന്നു. ഏറ്റവും ചുരുങ്ങിയത് കഴിഞ്ഞ 10  വര്‍ഷത്തെ മാത്രം മരണം മാര്‍ക്ക് ചെയ്യുകയാണെങ്കില്‍ റോഡുകളില്‍ അങ്ങനെയൊരു മാര്‍ക്കിങ്ങില്ലാത്ത ഇടം കണ്ടെത്തുക ബുദ്ധിമുട്ടാവും.

കഴിഞ്ഞ എട്ടു  വര്‍ഷത്തിനിടയില്‍ കോഴിക്കോട് നഗരത്തില്‍ മാത്രം വാഹനാപകടത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1308 എന്നാണ് കണക്ക്. 
ഓരോ വര്‍ഷവും അപകടവും മരണവും  സംഖ്യ കുതിക്കുകയാണ്. 2016ല്‍ 1542 അപകടങ്ങളില്‍  145 പേര്‍ മരണപ്പെട്ടപ്പോള്‍ 2017ല്‍ 1467 അപകടങ്ങളില്‍നിന്ന് 184 പേരാണ് കൊല്ലപ്പെട്ടത്. 

സംസ്ഥാനത്ത് 2016ല്‍ 39420 റോഡപകടങ്ങളില്‍ പൊലിഞ്ഞത് 4287 പേര്‍. അതേ വര്‍ഷം ഏറ്റവും കൂടുതല്‍ അപകടമുണ്ടായത് മലപ്പുറം ജില്ലയില്‍. 9.43ശതമാനം. കൗതുകകരമായി തോന്നാം ഏറ്റവും കുറവ് എറണാകുളം ജില്ലയില്‍. 7.26 ശതമാനം. തൊട്ടുമുന്നില്‍ കോട്ടയമാണ്. 7.75 ശതമാനം. 2010ല്‍ ഒന്നാം സ്ഥാനത്തായിരുന്നു കോട്ടയം. 11.11 ശതമാനം. നാലാമതായിരുന്നു എറണാകുളം. 10.27. ഈ രണ്ട് ജില്ലകളിലും അപകടനിരക്ക് കുറയുന്നതാണ് കാണിക്കുന്നത്.  തിരുവനന്തപുരം ജില്ലയില്‍ 2010ല്‍ 10.35 ആയിരുന്നത് 2016ല്‍ 8.47 ശതമാനമായി കുറയുകയാണുണ്ടായത്. പക്ഷേ, ഈ ശതമാന  കണക്കില്‍ കാര്യമില്ല. അപകടത്തിന്‍െറ എണ്ണം കൂടുക തന്നെയാണ്.  അതില്‍ നിന്നുള്ള ശരാശരി കണക്കുകളുടെ  ഏറ്റക്കുറച്ചിലില്‍ വലിയ കാര്യമില്ല.

അപകടത്തില്‍ മരണപ്പെട്ടവരെക്കാള്‍ എത്രയോ ഇരട്ടി പേര്‍ക്ക് സാരമായി പരിക്കേറ്റിരിക്കുന്നു.  മരിച്ചതിനു തുല്ല്യമായി കഴിയുന്നവരുടെ കണക്കുകള്‍ ഇതില്‍ പെടുന്നില്ല. അപകടങ്ങളില്‍ ഏറെയും ഇരുചക്ര വാഹനങ്ങളാണ്. മരിച്ചവരിലേറെയും 20നും 30നും ഇടയില്‍ പ്രായമുള്ളവര്‍. യൗവന തീക്ഷ്ണതയില്‍ ജീവിതം നിന്ന് തിളയ്ക്കുന്ന പ്രായത്തിലുള്ളവര്‍. 

ഓരോ അപകടങ്ങളും എത്രയെത്ര വീടുകളെയാണ് അവസാനമില്ലാത്ത ദുരന്തത്തിന്‍െറ കയത്തിലേക്ക് എടുത്തെറിയുന്നത്. ബൈക്കപകടത്തില്‍ മരിച്ച മകന്‍െറ ചെരിപ്പും ഷര്‍ട്ടും കീചെയ്നും തുടച്ചുമിനുക്കി  മരണം വരെ  എരിഞ്ഞുതീര്‍ന്ന ഒരമ്മയെ അറിയാം. അവസാന നിമിഷവും മരണത്തിലേക്ക് പോകുമ്പോള്‍ അവര്‍ വിളിച്ചത് ആ മകന്‍െറ  പേരായിരുന്നു.

കേരളത്തിലെ റോഡപകടങ്ങളിലെ മരണങ്ങളിലൊക്കെ മഞ്ഞ വീഴുകയായിരുന്നെങ്കില്‍ റോഡിന്‍െറ നിറം കറുപ്പ് മാഞ്ഞ് മഞ്ഞപ്രതലമായി മാറുമായിരുന്നു. ഓരോ മഞ്ഞയിലൂടെയും വാഹനത്തിന്‍െറ ചക്രങ്ങള്‍കയറിയിറങ്ങുമ്പോള്‍ ഒരു നിലവിളി ഉയരുന്നതായി തോന്നും. ഇനിയും റോഡുകളില്‍ മഞ്ഞചതുരങ്ങള്‍ വീഴരുത്. ചോരക്കറ പുരളരുത്. മരണം ചക്രത്തിലിട്ട് അമ്മാനമാടുമ്പോള്‍ വീട്ടില്‍  വഴിക്കണ്ണുമായി കാത്തിരിക്കുന്നവരെ ഓര്‍ത്താല്‍  നന്ന്. അതില്‍ അമ്മയുണ്ട്, അച്ഛനുണ്ട്, ഭാര്യയും കുഞ്ഞുങ്ങളുമുണ്ട്... എല്ലാരുമുണ്ട്...

പിന്നെയും പിന്നെയും വാഹനങ്ങള്‍ ചീറിപ്പായുകയാണ്.  ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ മരണ മാര്‍ക്കിങ്ങുകള്‍ കറുത്തു  തുടങ്ങിയിട്ടുണ്ട്. ചക്രങ്ങള്‍ കയറിയിറങ്ങി ആ ഓര്‍മപ്പാടുകള്‍ മാഞ്ഞുപോയേക്കാം.. മെല്ലെ മെല്ലെ എല്ലാം മറക്കുകയും വീണ്ടും ചീറിപ്പായുകയും ചെയ്യാതിരിക്കട്ടെ. 


 

Loading...
COMMENTS