Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightകാർലോസ്​ ഗോൺ: വാഹന...

കാർലോസ്​ ഗോൺ: വാഹന വ്യവസായത്തിലെ വീരനും വില്ലനും

text_fields
bookmark_border
കാർലോസ്​ ഗോൺ: വാഹന വ്യവസായത്തിലെ വീരനും വില്ലനും
cancel
camera_alt????????? ????

വാഹനകമ്പനികളുടെ ലോകത്തിൽ തന്നെ ഏറ്റവും വലിയ പ്രതിഫലം കൈപ്പറ്റിയിരുന്ന തലവനായിരുന്നു അ യാൾ. എന്നിട്ടും, ഭൂമിയിലേക്ക്​ പറന്നിറങ്ങിയ ഉടൻ വിമാനം വളഞ്ഞായിരുന്നു ​ജപ്പാനിലെ ടോക്യോ വിമാനത്താവളത്തിൽ അയാളെ അറസ്​റ്റ്​ ചെയ്​തത്​. കോടാനുകോടി സ്വത്തിൻെറ ഉടമയായിരുന്നിട്ടും ജയിലിൽ കൊലപാതകികൾക്കും പിടിച്ചുപറിക്കാർക്കും കള്ളന്മാർക്കുമൊപ്പം കഴിയേണ്ടിവന്നു. കോടതി മുറികളിൽ അയാളെ കൊണ്ടുവന്നതാക​ട്ടെ അരയിൽ കയറും കെട്ടി കൈയിൽ വിലങ്ങും വെച്ചായിരുന്നു. ഏറെ കാലത്തെ നിയമപോരാട്ടത്തിനിടയിൽ കനിഞ്ഞുകിട്ടിയ ജാമ്യം പോലും അയാൾ ആഘോഷമാക്കി. അതിൻെറ പരകോടിയിൽ സംഗീതോപകരണങ്ങളുടെ പെട്ടിയിൽ കയറി പാട്ടുംപാടി അയാൾ ജപ്പാനിൽ നിന്ന്​ രക്ഷപ്പെട്ടു..

സംഭ്രമജനകവും സസ്​പെൻസുകൾ നിറഞ്ഞത​ുമായ ഹോളിവുഡ്​ ചിത്രങ്ങൾ പോലും തോറ്റുതുന്നം പാടും ലോകോത്തര കാർ നിർമാണ കമ്പനിയായ നിസ്സാൻെറ മുൻ ചെയർമാൻ കാർലോസ്​ ഗോണിൻെറ ജീവിതത്തിനു മുന്നിൽ.

കോടികളുടെ സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ 2018 നവംബർ 19നായിരുന്നു കാർലോസ്​ ഗോൺ ജയിലിലായത്​. സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക്​ കടുത്ത ശിക്ഷ നൽകുന്ന ജപ്പാനിൽ നിന്ന്​ കോടതി വ്യവഹാരങ്ങളും കടന്നു കുറ്റമുക്​തനായി പുറത്തുവരിക അത്ര എളുപ്പമല്ലെന്ന്​ കാർലോസിന്​ നന്നായി അറിയാം. അതുകൊണ്ടാണ്​ ഇരുചെവി അറിയാതെ അയാൾ ജപ്പാനിൽ നിന്ന്​ മുങ്ങിയത്​.

ജീവിതം എന്നും കാർലോസിന്​ ഒരാഘോഷമായിരുന്നു. ജാമ്യത്തിലിറങ്ങിയപ്പോഴും ആ ആഘോഷത്തിന്​ ഒട്ടും കുറവു വരുത്താൻ അയാൾ ഒരുക്കമായിരുന്നില്ല. വിദേശത്തുനിന്നു ക്ഷണിച്ചുവരുത്തിയ സംഗീതജ്​ഞന്മാർ പുതുവർഷത്തിനു മുന്നോടിയായി അയാളുടെ വീട്ടിലെ ആഘോഷത്തിന്​ കൊഴുപ്പേകി. പരിപാടി കഴിഞ്ഞ്​ സംഗീതോപകരണങ്ങൾ അടങ്ങിയ പെട്ടികളും പൂട്ടി അവർ മടങ്ങുമ്പോൾ അതിലൊരു പെട്ടിയിൽ 65കാരനായ കാർലോസുണ്ടായിരുന്നുവത്രെ. സ്വകാര്യ ജെറ്റിൽ ശവപ്പെട്ടിക്കു സമാനമായ സംഗീതപ്പെട്ടിയിൽ കിടന്ന്​ അയാൾ അതിസൂക്ഷ്​മമായ നിരീക്ഷണ സംവിധാനങ്ങളുള്ള ജപ്പാനിൽ നിന്ന്​ വിദഗ്​ധമായി കടന്നുകളഞ്ഞു.

ഇപ്പോൾ ലബനാനിലിരുന്ന്​ കാർലോസ്​ പറയുന്നു; ജപ്പാനിലെ കോടതി വിചാരണകളിൽ നീതി ലഭിക്കുമെന്നുറപ്പില്ലാത്തതുകൊണ്ടാണ്​ താൻ രക്ഷപ്പെട്ടതെന്ന്​. എന്നാൽ, അങ്ങനെ പെട്ടിയിൽ കയറിയൊന്നുമല്ല കാർലോസ്​ രക്ഷപ്പെട്ടതെന്ന്​ ഭാര്യ കരോൾ ഗോൺ പറയുന്നു. സ്വകാര്യ സുരക്ഷ ഏജൻസികളാണ്​ അദ്ദേഹത്തെ വിമാനത്താവളത്തിൽ എത്തിച്ചതെന്നും അവിടെനിന്ന്​ രക്ഷപ്പെട്ടതാണെന്നുമാണ്​ കരോൾ ഗോൺ പറയുന്നത്​.. സത്യമെന്തായാലും കാർലോസ്​ ഒരു സംഭവം തന്നെ....

കാർലോസ്​ എങ്ങനെ ജപ്പാനിൽ നിന്ന്​ കടന്നുവെന്നാലോചിച്ച്​ അന്വേഷണ ഏജൻസികൾക്ക്​ ഉറക്കം നഷ്​ടമായി കഴിഞ്ഞു. എന്നും കഥകളാൽ നിറഞ്ഞുനിന്ന കാർലോസിൻെറ ജീവിതത്തിലെ പഞ്ച്​ലൈൻ ആയ ഈ ‘തടവുചാടൽ’ വാർത്തകളിൽ നിറഞ്ഞോടുകയാണിപ്പോൾ.

തൊട്ടതെല്ലാം പൊന്നാക്കിയൊരാൾ...
ശരിക്കും ഒരു പോരാളിയുടെ വരവു കണക്കെയായിരുന്നു കാർലോസ്​ ഗോണിൻെറ ജീവിതം. ഫ്രാൻസിൽനിന്ന്​ ലെബനാനിലേക്ക്​ കുടിയേറിയതായിരുന്നു കാർലോസിൻെറ മുത്തച്ഛൻ ബിഷാറ ഗോൺ. ലെബനോനിൽ നിന്ന്​ അവർ ബ്രസീലിലേക്ക്​ കുടിയേറ്റ​ം തുടർന്നു. ബൊളീവിയയുടെയും ബ്രസീലിൻെറയും അതിർത്തി ദേശമായ ഗ്വപേറോയിലായിരുന്നു കാർലോസിൻെറ ജനനം. ബിസിനസുകാരനായ മുത്തച്ഛനിൽ നിന്ന്​ അച്ഛൻ ജോർജ്​ ഗോണിലൂടെ പകർന്നു ​ കിട്ടിയതാണ്​ കാർലോസിനും കച്ചവടത്തിൻെറ ജനിതകതന്ത്രം. അമ്മ റോസ്​ ജസ്സാറും ലബനീസ്​ വംശജയായിരുന്നു. ആറാമത്തെ വയസ്സിൽ മുത്തശ്ശിയെ കാണാൻ ലെബനാനിലെത്തിയ കാർലോസും അമ്മയും അവിടെ തുടർന്നു. പ്രാഥമിക വിദ്യാഭ്യാസം ബെയ്​റൂത്തിലായിരുന്നു. തുടർ വിദ്യാഭ്യാസത്തിനായി ഫ്രാൻസിലേക്കാണ്​ കാർലോസ്​ വെച്ചുപിടിച്ചത്​. അങ്ങനെ അറബിയും ഫ്രഞ്ചും കാർലോസിൻെറ നാവിൽ വെള്ളംപോലെ ഒഴുകി. പാരീസിലെ പ്രധാനപ്പെട്ട രണ്ട്​ സാ​ങ്കേതിക വിദ്യാഭ്യാസ സ്​ഥാപനങ്ങളായ ഇകോൾ പോളി ടെക്​നികിൽ നിന്നും മൈൻസ്​ പാരീസ്​ ടെകിൽ നിന്നും എഞ്ചിനിയറിങ്​ ബിരുദം നേടി. ​അപ്പോഴും ബിസിനസി​ലുള്ള ഉൾവിളി അദ്ദേഹത്തെ വി​ട്ടൊഴിഞ്ഞിരുന്നില്ല.

ലെബനാൻ വംശജനായിരുന്ന കാർലോസ്​ ജനിച്ചത്​ ബ്രസീലിലാണ്​...

അങ്ങനെയിരിക്കെയാണ്​ ഇന്ന്​ ലോക പ്രശസ്​തമായി തീർന്ന മിഷ്​ലിൻ ടയർ കമ്പനിയിൽനിന്ന്​ ഒരു ഓഫർ ലഭിക്കുന്നത്​. കമ്പനിയുടെ തെക്കേ അമേരിക്കയിലെ നഷ്​ടത്തിൽ പ്രവർത്തിക്കുന്ന പ്ലാൻറിൻെറ സി.ഇ.ഒയായി ബ്രസീലിലായിരുന്നു നിയമനം. കാർലോസിൻെറ വീക്ഷണവും നയചാതുര്യവും മിടുക്കും കൊണ്ട്​ ഒരു വർഷത്തിനകം കമ്പനി ലാഭത്തിലായി. പിന്നെ തൊട്ടതെല്ലാം പൊന്നാക്കുന്ന ഇന്ദ്രജാലമായിരുന്നു. മിഷ്​ലിൻ കമ്പനിയെ ലോകോത്തര കമ്പനിയാക്കി മാറ്റുന്നതിൽ കാർലോസിൻെറ ബുദ്ധി കാര്യമായ പങ്കുവഹിച്ചു.

മിഷ്​ലിൻ കമ്പനിയുടെ ദക്ഷിണ അമേരിക്കൻ പ്ലാൻറിൽ സി.ഇ.ഒ ആയി നിയമിക്കു​മ്പോൾ 30 വയസ്സായിരുന്നു കാർലോസിന്​

​അപ്പോഴേക്കും കാർലോസ്​ ഗോൺ എന്ന മുപ്പതുകാരനിൽ കച്ചവട ലോകത്തിൻെറ കണ്ണുകൾ പതിഞ്ഞുകഴിഞ്ഞിരുന്നു. 1996ൽ കാർലോസിനെ ​ഫ്രഞ്ച്​ വാഹന നിർമാണ കമ്പനിയായ ‘റെനോ’ (Renault) എക്​സിക്യുട്ടീവ്​ വൈസ്​ പ്രസിഡൻറ്​ സ്​ഥാനത്തേക്ക്​ ക്ഷണിച്ചു. അതുവരെ പഴഞ്ചൻ ലുക്കിലും എണ്ണകുടിയൻ എഞ്ചിനിലും ഓടിയിരുന്ന സർക്കാർ വിലാസം കമ്പനിയായിരുന്ന റെനോയെ കാർ​േലാസ്​ പുതിയ എഞ്ചിൻ വെച്ച്​ വമ്പൻ കുതിപ്പിലേക്ക്​ നയിച്ചത്​ ആ​​ട്ടോമൊബൈൽ ലോകത്തെ ഏറ്റവും വലിയ അതിശയമായിരുന്നു. അടച്ചുപൂട്ടൽ ഭീഷണി നേരിട്ട കമ്പനിയെയാണ്​ ലാഭത്തിലേക്ക്​ കാർലോസ്​ കൊണ്ടെത്തിച്ചത്​.

മിഷ്​ലിൻ കമ്പനിയുടെ ബ്രസീൽ പ്ലാൻറിൽ കാർലോസ്​ വരുത്തിയ മാറ്റങ്ങളാണ്​ കമ്പനിയെ ലാഭത്തിലാക്കിയത്​

അങ്ങനെയിരിക്കെ ലാഭത്തിൽ നിന്ന്​ നഷ്​ടത്തിലേക്ക്​ പതിച്ച ജപ്പാനിലെ വാഹന നിർമാതാക്കളായ നിസ്സാനുമായി റെനോ സഹകരണത്തിലേർപ്പെട്ടത്​ ചരിത്ര സംഭവമായി. റെനോയുടെ എക്​സിക്യുട്ടീവ്​ വൈസ്​ പ്രസിഡൻറായിരുന്ന കാർലോസ്​ അങ്ങനെ നിസ്സാൻെറ സി.ഇ.ഒആയി മാറി. അടിമുടി കമ്പനിയെ മാറ്റിപ്പണിത കാർലോസ്​ നിസ്സാനെ വൻതകർച്ചയിൽ നിന്ന്​ കരകയറ്റി. ഇംഗ്ലീഷും ഫ്രഞ്ചും അറബിയും പോർചുഗീസും ചറപറ ഒഴുകുന്ന കാർലോസിൻെറ നാവിൽ ജാപ്പനീസ്​ ഭാഷയും വഴങ്ങി. പിന്നീട്​ റെനോയുടെയും സി.ഇ.ഒ ആയി ചരിത്രം തിരുത്തിയെഴുതി. പൂട്ടാനിരുന്ന നിസാൻ കമ്പനിയെ കാർലോസ്​ ലാഭത്തിലാക്കിയത്​ ബിസിനസ്​ സ്​കൂളുകളുടെ ഏറ്റവും വലിയ സിലബസായി മാറി. യു.എസ്​ വാഹന നിർമാതാക്കളായ ജനറൽ മോ​ട്ടേഴ്​്​സും ഫോർഡും കാർ​ലോസ്​ ഗോണിനായി ചീ​ട്ടെറിഞ്ഞെങ്കിലും അതിൽ കൊത്താതെ നിസ്സാനിലും ജപ്പാനിലും തുടരാനായിരുന്നു അദ്ദേഹത്തിൻെറ തീരുമാനം.

നായകനിൽ നിന്ന്​ വില്ലനിലേക്ക്​
ജപ്പാൻ ഭരിക്കാൻ ഏറ്റവും യോഗ്യരായവരെ തെരഞ്ഞെടുക്കാന നടത്തിയ സർവേയിൽ ഏഴാം സ്​ഥാനത്തുവരെ ഉണ്ടായിരുന്ന കാർലോസ്​ നായകനിൽ നിന്ന്​ വില്ലനിലേക്ക്​ കൂപ്പുകുത്തിയത്​ വളരെ പെ​ട്ടെന്നായിരുന്നു.

നിസ്സാനിൽ നിന്ന്​ വാങ്ങിയ പ്രതിഫലം കുറച്ചുകാണിച്ച്​ നികുതി തട്ടിപ്പ്​ നടത്തിയെന്നതായിരുന്നു കാർലോസിനെതിരെ ഉയർന്ന പ്രധാന ആരോപണം. അതിനു പുറമെ പിന്നെയും കുറേ സാമ്പത്തിക ക്രമക്കേടുകളുടെ കേസും കൂട്ടവും അയാളെ തേടിയെത്തി. അപ്പോഴ​ാണ്​ ടോക്കിയോ വിമാനത്താവളത്തിൽ വന്നിറങ്ങിയ കാർലോസിനെ വളഞ്ഞിട്ട്​ പോലീസ്​ പിടികൂടിയത്​. അറസ്​റ്റ്​ ചെയ്​ത്​ കോടതിയിലെത്തിച്ചത്​. വിലങ്ങണിയിച്ച്​ കോടതി വരാന്തകളിലൂടെ നടത്തിച്ചത്​.

ഒരിക്കൽ ജപ്പാൻ ഭരിക്കാൻ യോഗ്യനെന്നു കരുതിയയാൾക്കാണ്​ പിന്നീട്​ കൈവിലങ്ങണിഞ്ഞ്​ കോടതി വരാന്തകളിൽ കയറിയിറങ്ങേണ്ടിവന്നത്​

ഒരിക്കൽ ജപ്പാൻ ഭരിക്കാൻ പോലും യോഗ്യനായൊരാൾ എന്ന നിലയിൽ നിന്ന്​ കാർലോസ്​ ഗോൺ എത്ര പെ​ട്ടെന്നാണ്​ ഒരു സാമ്പത്തിക കുറ്റവാളിയിലേക്ക്​ മൂക്കുംകുത്തി വീണത്​... ബാറ്ററി ടെക്​നോളജിയിലൂടെ നിസ്സാനെ പുതിയ ദൂരങ്ങളിലേക്ക്​ പറത്താൻ സാ​ങ്കേതിക വിദ്യകൾ വികസിപ്പിക്കുന്ന ആലോചനകൾക്കും പദ്ധതികൾക്കുമിടയിലാണ്​ കാർലോസ്​ അഴികൾക്കകത്താകുന്നത്​.... നിസ്സാൻ എന്ന ലോകോത്തര കമ്പനിയുടെ ഭാവി തന്നെ ഇരുളിലാക്കിക്കളഞ്ഞു കാർലോസിൻെറ അറസ്​റ്റ്​.

കാർലോസ്​ ഗോണും ഭാര്യ കരോൾ ഗോണും

മൂന്ന്​ രാജ്യത്തെ പൗരത്വമുണ്ട്​ കാർലോസിന്​. മൂന്ന്​ രാജ്യത്തിൻെറ പാസ്​പോർട്ടും ജാപ്പനീസ്​ അധികൃതുരുടെ കസ്​റ്റഡിയിലായിരുന്നു. ജാമ്യം കിട്ടിയപ്പോൾ ജപ്പാനിൽ സഞ്ചരിച്ചത്​ ഫ്രാൻസ്​ നൽകിയ താൽക്കാലിക പാസ്​പോർട്ട്​ ഉപയോഗിച്ചാണ്​. അതുപയോഗിച്ചാണോ കാർലോസ്​ ജപ്പാനിൽ നിന്ന്​ കടന്നുകളഞ്ഞത്​ എന്ന അന്വേഷണവും നടക്കുന്നുണ്ട്​. ലെബനാനുമായി ജപ്പാന്​ കുറ്റവാളി കൈമാറ്റ കരാർ നിലവിലില്ല. അത്​ മുതലെടുത്താണ്​ കാർലോസ്​ സംഘർഷഭൂമിയായ ലെബനാൻ തന്നെ ഒളിച്ചുകടക്കാനായി തെരഞ്ഞെടുത്തത്​ എന്നാണ്​ കരുതുന്നത്​... മാത്രവുമല്ല, അത്​ കാർലോസിനെ സംബന്ധിച്ചിടത്തോളം വേരുകളിലേക്കുള്ള മടക്കവുമാണ്​...

എന്തായാലും ഒന്നുറപ്പാണ്​. വൈകാതെ കാർലോസിൻെറ ജീവിതം ചലച്ചിത്രമാക്കാനായി ഏതെങ്കിലും സിനിമക്കാരൻ ഇറങ്ങിത്തിരിക്കാതിരിക്കില്ല. കാരണം, അത്രയേറെ സംഭവബുഹുലമാണ്​ 65 വയസ്സുള്ള ആ വ്യവസായ തന്ത്രശാലിയുടെ ജീവിതം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NissanCarlos GhosnNissan former Chairman
News Summary - Nissan ex chief Carlos Ghosn Hero and villain of Car Industry
Next Story