ഇവൻ ജഗജില്ലിയാ

jeep

കുത്തിയൊഴുകുന്ന മലവെള്ളപ്പാച്ചിലിൽ ഒരിക്കൽ കൂടി രക്ഷയായി ഈ ഫ്രീക്കൻ ജീപ്പുകൾ. വഴുക്കുന്ന പാറക്കെട്ടുകളിലൂടെ ഇതൊക്കെയെന്തെന്ന സ്​റ്റെലിൽ ഉരുണ്ടുകയറുന്ന പ്രകൃതം. മൂക്കുമുട്ടെ വെള്ളം ഉയർന്നാലും തുമ്പിക്കൈ ഉയർത്തിപ്പിടിച്ചെന്ന വണ്ണം ശ്വാസമെടുത്ത് കരകയറുന്ന തെറിച്ച വണ്ടികൾ. അവസാനം പൊലീസിനിട്ട് ഒരു തോണ്ടലും ‘ഞങ്ങളില്ലേൽ, ഇപ്പ കാണായിരുന്നു’. പഴയ മാരുതി ജിപ്സി, മഹീന്ദ്രയുടെ താർ, വില്ലീസ്, ഫോഴ്സി​െൻറ ഗരുഡ, ഇസുസു തുടങ്ങിയവയാണ് മികച്ച ഓഫ്റോഡുകൾ. എന്താണീ ജഗജില്ലൻ ജീപ്പുകളുടെ മിടുക്കിന് പിന്നിൽ. മറ്റൊന്നുമല്ല, മോഡിഫിക്കേഷൻ എന്ന ആൾട്രേഷൻ തന്നെ. പച്ച മലയാളത്തിൽ ഒരു രൂപമാറ്റം, മിനുക്കുപണി.

സ്നോക്കൽ എന്ന തുമ്പിക്കൈ പുകക്കുഴൽ
ട്രാക്ടറുകളിലേതുപോലെ വാഹനത്തിന്‍റെ മുകളിലേക്ക് തുറന്നതാണ് പുകക്കുഴൽ. വാഹനത്തിന്‍റെ മുക്കാൽ ഭാഗം ഉയരം വെള്ളത്തിൽ മുങ്ങിയാലും എഞ്ചിനിൽ കയറില്ല. മറ്റ് വാഹനങ്ങളിൽ നിന്ന് വ്യത്യസ്​തമായി എയർ ഫിൽട്ടറും സ്ഥാപിക്കുന്നത് ഉയർത്തി തന്നെ.

അമ്പ​േമ്പാ... ടയറുകൾ
ഫോർ വീൽ ഡ്രൈവ് നൽകുന്ന ശക്തി. ഡബിൾ ആക്സിലുകളിലൂടെ നാലു ടയറുകളിലേക്കും ഒരേസമയം ടോർക് (റൊട്ടേഷൻ ശക്തി) പകരുന്നു. ഒരെണ്ണത്തിന് 45,000 രൂപവരെ വിലവരുന്ന വീതികൂടിയ മികച്ച ഗ്രിപ്പുള്ള ടയറുകളാണ് ഓഫ്റോഡ് വണ്ടികൾക്ക് എന്ന് ഓർക്കണം. ടയറുകളുടെ വീതിയും ഉയരവും കൂടുന്നതിന് അനുസരിച്ച് വാഹനത്തിനും ഉയരം കൂടും. സാധാരണ വാഹനങ്ങൾക്ക് രണ്ടുവീലുകൾ മാത്രമാണ് എൻജിനുമായി ബന്ധിപ്പിച്ചിരിക്കുക. 

കുലുങ്ങാത്ത കേളൻ
സസ്പെൻഷൻ അതാണ് കാര്യം. വാഹനം ഉയരം കൊണ്ട് ഓട്ടത്തിൽ ആടിയുലയുന്നത് ഒഴിവാക്കും anti- roll- bar സംവിധാനത്തിൽ. ഇടതുവലത് ചക്രങ്ങളെ ഷോർട്ട് ലിവറുകൾ വഴി ബന്ധിപ്പിച്ച് ടോർസിയൻ സ്പ്രിങ് സംവിധാനത്തിൽ സസ്പെൻഷൻ ക്രമീകരിക്കുന്നു. ഏത് മലയിലും ജീപ്പിന് നോ കുലുക്കം. വാഹനങ്ങളുടെ വശങ്ങളിലെ spade അഥവാ ഷവ്വൽ പോലുള്ള ഭാഗം വഴിയിലെ ചളി നീക്കി കുതിപ്പിന് വഴിയൊരുക്കും.

റേഡിയേറ്ററും ൈഡ്രവർ സീറ്റിനുപിന്നിൽ ഉയരത്തിലാണ്. വാഹനം എവിടെയെങ്കിലും കുടുങ്ങിയാൽ പോലും വലിച്ചുകൊണ്ടുപോകാനും വഴിയിലും ചതുപ്പിലുമൊക്കെ അകപെടുന്ന വാഹനങ്ങൾ നീക്കുന്നതിനും ഉപയോഗിക്കുന്നതാണ് winch സംവിധാനം. ഇതും ഓഫ് റോഡ് വാഹനങ്ങളുടെ പ്രത്യേകത തന്നെ. 

ഇലക്ട്രോണിക്സ് കുറവ്
മറ്റു വാഹനങ്ങളെ അപേക്ഷിച്ച് ഇലട്രോണിക് സംവിധാനങ്ങൾ ഓഫ്റോഡൻമാരിൽ കുറവ്. അഥവാ ഉള്ള ഇലക്ട്രോണിക് സംവിധാനങ്ങൾ ഉയർന്ന ഭാഗങ്ങളിലാണ് സ്ഥാപിക്കുക. അപകടരഹിതമായ മോഡിഫിക്കേഷനുകളാണ് ചെയ്യാറുള്ളതെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അതിരുവിട്ടാൽ പിടിവീഴും. മോട്ടോർ വാഹനവകുപ്പും പൊലീസുമൊക്കെ ഇതിനു പിഴയീടാക്കി ചിലപ്പോൾ ആക്‌സസറീസ് നീക്കം ചെയ്യിക്കും. അന്നേരം, നിലവിളിച്ചിട്ട് കാര്യമില്ല.

വിവരങ്ങൾ: ഹസൻ റഷീദ്, ഈരാറ്റുപേട്ട.

Loading...
COMMENTS