2014 ലെ വാഹന വിപണി; പ്രവണതാ മാറ്റങ്ങളും അരങ്ങേറ്റങ്ങളും
text_fieldsവര്‍ഷാരംഭത്തില്‍ ആശങ്കകളുമായി തുടങ്ങിയ ഇന്ത്യന്‍ വാഹന വിപണി അവസാനിച്ചപ്പോഴേക്കും കുതിപ്പിന്‍െറ ലക്ഷണങ്ങളാണ് കാണിക്കുന്നത്. എണ്ണവിലയിലെ അനിശ്ചിതത്വവും നികുതി വര്‍ധനവുമായിരുന്നു ആദ്യ പ്രതിസന്ധിക്ക് കാരണം. ഡീസല്‍ വില നിയന്ത്രണം എടുത്ത് കളഞ്ഞത് ഈ വിഭാഗത്തിന് അനിശ്ചിതത്വം സൃഷ്ടിച്ചിരുന്നു. മുടക്കുന്ന പണത്തിന്‍െറ മൂല്യത്തെപ്പറ്റി ഏറെ വിവരമുള്ള ‘ലിറ്ററിന് എത്ര കിട്ടുമെന്ന’ നിരന്തര ചോദ്യമുന്നയിക്കുന്ന ഭാരതീയ മധ്യവര്‍ഗം വിപണിയെ ഉപേക്ഷിക്കുമെന്ന ഭയം വ്യാപകമായ കാലത്താണ് ആഗോള ക്രൂഡോയില്‍ വില ഇടിയാന്‍ തുടങ്ങിയത്. ഡീസല്‍ മോഡലുകള്‍ വിറ്റ് കാശാക്കിയവര്‍ക്കും കാശാക്കാന്‍ കോപ്പ് കൂട്ടിയവര്ക്കും ആശ്വാസമായിരുന്നു ഈ പ്രതിഭാസം. ഇതിപ്പോഴും തുടരുന്ന സാഹചര്യത്തില്‍ 2014 അവസാനത്തിലെ കുതിപ്പ് 2015 മധ്യം വരെ തുടരാനാണ് സാധ്യത.

ഈ വര്‍ഷത്തെ ഏറ്റവും വലിയ വളര്‍ച്ചാനിരക്കായ 9.52 രേഖപ്പെടുത്തിയത് നവംബറിലാണ്. പോയ വര്‍ഷം വാഹന വിപണിയെ സംബന്ധിച്ച് സംഭവബഹുലമായിരുന്നു. പുത്തന്‍ അവതാരങ്ങള്‍, ആധുനിക എന്‍ജിനുകള്‍, ആഡംബര വിപണിയുടെ വികാസം, സ്പോര്‍ട്സ് കാറുകളുടെ കുതിച്ച് കയറ്റം, കോംപാക്ട് വാഹനങ്ങളുടെ അധിനിവേശം, ആഡംബര ഹാച്ചുകളുടെ പദസഞ്ചാരം ഒക്കെകൊണ്ട് സജീവമായിരുന്നു ഇന്ത്യ.

പുത്തന്‍ ട്രെന്‍ഡുകള്‍
ക്രോസുകളുടേയും പുത്തന്‍ ഡിസൈന്‍ തീമുകളുടേയും അവതരണം കൊണ്ട് ശ്രദ്ധേയമായിരുന്നു 2014. മിഡ്സൈസ് സെഡാനുകളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായി.സിറ്റി ഡീസലും മാരുതി സിയസും പുതുതായി വന്നു. ഈ വിഭാഗത്തിലെ വില്‍പ്പന ഗ്രാഫ് കാര്യമായി ഉയര്‍ത്താന്‍ കടുത്ത മത്സരം കാരണമായിട്ടുണ്ട്. ക്രോസുകളുടെ വിറ്റ്വരവ് ഇപ്പോഴും തുച്ഛമാണ്. എറ്റിയോസ് ക്രോസ്,ഫിയറ്റ് അവഞ്ചൂറ എന്നിവ പുതുതായി അവതരിപ്പിക്കപ്പെട്ടു. കാറുകളുടെ ഡിസൈന്‍ തീമുകള്‍ തലമുറ മാറ്റത്തിന് വിധേയമായതും 2014ലാണ്. ഹ്യൂണ്ടായുടെ ഹിറ്റായ ഫ്ളൂയിഡിക് ഡിസൈന്‍ രണ്ടാം തലമുറയിലേക്ക് കടന്നു. ഫ്ളൂയിഡിക് V2.0 വേര്‍ഷനില്‍ എലൈറ്റ്, സാന്താഫേ വാഹനങ്ങള്‍ പുറത്തിറക്കി. ഫിയസ്റ്റയിലൂടെ ഫോര്‍ഡ് കൈനറ്റിക് 2.0 ഡിസൈന്‍ അവതരിപ്പിച്ചു. 2015ല്‍ ഫിഗോയും ഈ രീതിയിലേക്ക് മാറും. ജപ്പാന്‍െറ ഹോണ്ടയും തങ്ങളുടെ പുതിയ 'എക്സൈറ്റിങ്ങ് എച്ച്' ഡിസൈനുമായി തിളങ്ങി. പുതിയ സിറ്റി, മോബീലിയോ എന്നീ മോഡലുകള്‍ താരങ്ങളായത് എച്ച് ഡിസൈന്‍െറ പിന്‍ബലത്തിലാണ്. വരാന്‍ പോകുന്ന ജാസും അക്കോര്‍ഡും ഇതേ ഡിസൈനിലായിരിക്കും. സുരക്ഷയെ പറ്റിയുള്ള ഗൗരവതരമായ ചര്‍ച്ചകള്‍ക്കും 2014 സാക്ഷ്യം വഹിച്ചു. ന്യൂ കാര്‍ അസ്സസ്മെന്െറ് പ്രോഗ്രാം(NCAP) എന്ന സ്വതന്ത്ര ഏജന്റസി നടത്തിയ ക്രാഷ് ടെസ്റ്റുകളില്‍ മിക്ക ജനപ്രിയ ഇന്ത്യന്‍ കാറുകള്‍ക്കും ലഭിച്ച സുരക്ഷാ റേറ്റിങ്ങ് പൂജ്യമാണ്.

ആള്‍ക്കോ800, ഫോര്‍ഡ് ഫിഗോ, ഹ്യൂണ്ടയ് i10, ടാറ്റ നാനോ, ഫോക്സ്വാഗണ് പോളോ എന്നിവയൊക്കെ പൂജ്യന്ന്മാരായി. വിദേശ കമ്പനികളായ ഫോക്സ്വാഗണും ടൊയോട്ടയും ഉടര്‍ തന്നെ എ.ബി.എസും എയര്‍ബാഗും തങ്ങളുടെ വാഹനങ്ങള്‍ക്ക് സ്റ്റാന്േറര്ഡാക്കുമെന്ന് പ്രഖ്യാപിച്ചു. പിന്നീട് NCAP ടെസ്റ്റില്‍ തകര്‍ന്ന് തരിപ്പണമായത് സ്വിഫ്റ്റും ഡാറ്റ്സണ്‍ ഗോയുമാണ്. പിന്നീടാണ് സര്‍ക്കാര്‍ ഇക്കാര്യത്തെപറ്റി ഗൗരവതരമായൊരു പ്രഖ്യാപനം നടത്തിയത്. ഒക്ടോബര്‍ 2015 മുതല്‍ പുറത്തിറങ്ങുന്ന വാഹനങ്ങള്‍ക്കെല്ലാം ക്രാഷ് ടെസ്റ്റ് നിര്‍ബന്ധമാക്കണമെന്നാണ് ഇപ്പോഴത്തെ തീരുമാനം. ടെക്നോളജിയലും ആഗോള മാറ്റങ്ങള്‍ക്കനുസൃതമായ പുരോഗതി ഇന്ത്യയിലുണ്ടായി. ലൈറ്റുകള്‍ പലതും എല്‍.ഇ.ഡികളായി. ഇന്‍ഫോടൈന്‍മെന്‍െറ് സിസ്റ്റം ആധുനികമായി. ടച്ച് സ്ക്രീനുകളും,നാവിഗേഷനുമെല്ലാം പെറുകാറുകളില്പ്പോലും വ്യാപകമാണിന്ന്. വരും വര്‍ഷവും ഇത് കൂടുതല്‍ ശക്തമായി തുടരൂമെന്ന് തന്നെയാണ് സൂചന.
അരങ്ങേറ്റങ്ങള്‍
2014ല്‍ നിരവധി വാഹനങ്ങളാണ് അരങ്ങേറിയത്. പുത്തന്‍ കൂറ്റുകാര്‍ മുതല്‍ മുഖം മിനുക്കലുകള്‍ വരെ ഇതിലുള്‍പ്പെടും. ജനുവരി ഏഴിന് പുറത്തിറക്കിയ ഹോണ്ടയുടെ നാലാം തലമുറ സിറ്റിയായിരുന്നു ആദ്യത്തേത്. ഡീസല്‍ വെര്നകള് അടക്കി വാണിരുന്ന വിഭാഗത്തിലെ സിറ്റിയുടെ കടന്ന് കയറ്റം വില്‍പ്പന ഗ്രാഫുകളെ തകിടം മറിച്ചു. ഇന്ധന ക്ഷമതയേറിയ 1.5 ലിറ്റര്‍ iDTEC എഞ്ചിനായിരുന്നു പ്രധാന ഹൈലൈറ്റ്. ജനുവരി ഏട്ടില്‍ തന്നെ മറ്റൊരു അന്താരാഷ്ട്ര താരം ഇന്ത്യയിലത്തെി. ലോകത്തിലെ ഏറ്റവും നിര്‍മ്മാണത്തികവ് നിറഞ്ഞ ആഡംബര കാറായ മെഴ്സിഡെസ് ബെന്‍സ് എസ് ക്ളാസ്. ഒന്നരക്കോടിയിലധികം വിലവരുന്ന എസ് ക്ളാസ് ഇന്നേവരെ പുറത്തിറങ്ങിയ ഏറ്റവും മികച്ച ബെന്‍സായിരുന്നു.

അടുത്ത ഊഴം ഹ്യൂണ്ടയ് സാന്താഫേയുടേത് ആയിരുന്നു. പിന്നെ മാസത്തില്‍ ഒന്നോ രണ്ടോ എന്ന കണക്കില്‍ വാഹനങ്ങള്‍ വന്നു. മാരുതി സുസുക്കി സെലേറിയോ,ഹ്യൂണ്ടയ് എക്സന്‍െറ്, ഡാറ്റ്സണ്‍ ഗോ,ടൊയോട്ട എറ്റിയോസ് ക്രോസ്, കൊറോള ആള്‍ട്ടിസ്, ഹോണ്ട മൊബീലിയോ, ഫിയറ്റ് പൂന്തോ ഇവോ,ഓഡി എ3 എന്നിങ്ങനെ പോകുന്നു ഈ നിര. ആഗസ്തിലെ രണ്ട് പുറത്തിറക്കലുകള്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ തരംഗം സൃഷ്ടിച്ചു. 11ാം തീയതി ഹ്യൂണ്ടയ് എലൈറ്റ് i20 യും 12ാം തീയതി ടാറ്റ സെസ്റ്റുമാണ് അവതരിപ്പിക്കപ്പെട്ടത്. പിന്നീട് നമ്മുടെ സ്വന്തം നഗര എസ്.യു.വിയായ സ്കോര്‍പ്പിയോയും ബെന്‍സ് ജി.എല്‍.എ ക്ളാസുംവന്നു. ഒക്ടോബര്‍ 6നാണ് താരങ്ങളില്‍ താരമായ മാരുതി സുസുക്കി സിയാസ് അരങ്ങേറിയത്. ഫിയറ്റ് അവഞ്ചൂറയും ആള്‍ട്ടോ K10 നുമാണ് അവസാനം വന്നവര്‍.
ഹൃദയതാരങ്ങള്
വാഹനങ്ങളെപ്പോലെ ധാരാളമായല്ളെങ്കിലും നിരവധി എഞ്ചിനുകള്‍ പോയ വര്‍ക്ഷം പുറത്തിറങ്ങി. ടാറ്റയുടെ സാങ്കേതിക മാറ്റങ്ങളില്‍ ഏറെ ശ്രദ്ധേയമായത് റിവട്രോണ്‍ എഞ്ചിനുകളുടെ അവതരണമായിരുന്നു. സെസ്റ്റ് സെഡാനിലൂടെയാണ് 1.2L റിവട്രോണ്‍ പെട്രോള്‍ നിരത്തിലത്തെിയത്.1,193 സി.സി എഞ്ചിന് 90PS പവര്‍ ഉദ്പാദിപ്പിക്കും. റിഫൈന്മെന്െറ് കൊണ്ടും മൈലേജ് കൊണ്ടും എഞ്ചിന് ജനപ്രിയമായി. ഡീസല്‍ ടര്‍ബോകള്‍ പരിചിതമായ നമ്മുക്ക് പുത്തനനുഭവമായിരുന്നു ഫോര്‍ഡിന്‍െറ എക്കോ ബൂസ്റ്റ് ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്. ഒപ്പം 3 സിലിണ്ടര്‍ 1.0ലിറ്റര്‍ എക്കോനെറ്റിക് പെട്രേള്‍ എഞ്ചിന്‍െറ നിര്‍മ്മാണവും ഫോര്‍ഡ് ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ മൈലേജ് കുറഞ്ഞ മലിനീകരണം ഒക്കെയാണ് ലക്ഷ്യം.

ഹ്യൂണ്ടായും തങ്ങളുടെ ടര്‍ബോ ചാര്‍ജ്ഡ് TGDI പെട്രോള്‍ എഞ്ചിന് അവതരിപ്പിച്ചു. 1.0ലിറ്റര്‍,1.4ലിറ്റര്‍ വേര്‍ഷനുകള്‍ ഇവക്കുണ്ടാകും. ജി.എമ്മിന്‍െറ കോംപാക്ട് പെട്രോള്‍ എഞ്ചിനാണ് എക്കോടെക്.1.0 ലിറ്റര്‍ ഡയറക്ട് ഇന്ജക്ടെഡ് ടര്‍ബോ പെട്രോള്‍ എഞ്ചിന് 90 പി.എസ് 115പി.എസ് വേര്‍ഷനുകളുണ്ട്. യൂറോപ്പിലെ മുന്‍നിരക്കാരായ ഫോക്സ്വാഗണ് ശക്തികൂടിയ ഡീസല്‍ എഞ്ചിന് അവതരിപ്പിച്ചതും 2014ലാണ്. 4 സിലിണ്ടര്‍ 2.0ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് എഞ്ചിന് പഴയ TDIല്‍ നിന്ന് വ്യത്യസ്ഥമാകുന്നത് അതിന്‍െറ ഇലക്ട്രോണിക് സംവിധാനങ്ങള്‍ കൊണ്ടാണ്. രണ്ട് സ്റ്റേജായി പ്രവര്‍ത്തിക്കുന്ന ടര്‍ബോ ചാര്‍ജര്‍ പഴയതില്‍ നിന്ന് വ്യത്യസ്തമായി 240 ബി.എച്ച്.പിക്ക് പകരം 272 ബി.എച്ച്.പി ഉദ്പ്പാദിപ്പിക്കും.
ഷബീര്‍ പാലോട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
