യമഹയില്‍ വിരിഞ്ഞ സ്വപ്നം
text_fieldsരാജപ്പന്‍ നല്ല മലയാളിത്തമുള്ള പേരല്ളേ? പക്ഷേ പല രാജപ്പന്മാരും അങ്ങനെ കരുതുന്നില്ല. അതുകൊണ്ട് ആണല്ളോ ജഗതി ശ്രീകുമാര്‍ ഒരു സിനിമയില്‍ രാജപ്പനെ മാറ്റി ആര്‍. എ. ജപ്പാന്‍ എന്ന പേര് സ്വീകരിച്ചത്. പ്രഥ്വിരാജിനെ രാജപ്പനാക്കി സോഷ്യല്‍ മീഡിയയില്‍ കലിതീര്‍ത്തവരും കുറവല്ല. ഈ രാജപ്പന്‍ വിശേഷങ്ങള്‍ക്കൊരു മറുപുറമുണ്ട്. അത് ജപ്പാനോടുള്ള നമ്മുടെ അഭിനിവേശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മെയ്ഡ് ഇന്‍ ജപ്പാനോടുള്ള ഭക്തികലര്‍ന്ന പ്രണയം ലോകത്തെങ്ങുമുണ്ട്. ഇന്ത്യക്കാരില്‍ അതിത്തിരി കലശലാണെന്ന് മാത്രം. മെയ്ഡ് ഇന്‍ ചൈനയെന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ജാള്യത മെയ്ഡ് ഇന്‍ ജപ്പാനില്‍ ആഢ്യത്വമാകുനു. അതങ്ങനാ. ജപ്പാന്‍ ഒരു സംഭവമാ.
നമ്മെ അഭിമാന വിജൃംഭിതരാക്കുന്ന അതേ ജപ്പാനില്‍ 1887 ല്‍ ഒരു ഇരുചക്ര നിര്‍മാണ കമ്പനി ആരംഭിച്ചു. യമഹ എന്ന പേരില്‍ ഇവാട്ട പ്രവിശ്യയില്‍ ഷിസോക്ക കേന്ദ്രമാക്കിയായിരുന്നു കമ്പനിയുടെ തുടക്കം. യമഹ ബ്രാന്‍ഡില്‍ ധാരാളം ബൈക്കുകള്‍ പിന്നീട് അവരിറക്കി. യുവത്വം അവരുടെ സ്വപ്ന വേഗങ്ങള്‍ക്ക് യമഹകളില്‍ താളം കണ്ടത്തെുകയായിരുന്നു. മോട്ടോ ജി.പിയില്‍ കേമന്‍മാരായി നിരവധി വിശ്വവിജയികളാണ് കമ്പനി സ്വന്തമാക്കിയത്. ആദ്യം ജപ്പാനിലും പിന്നീട് യൂറോപ്പിലും അമേരിക്കയിലുമായി യമഹ വളര്‍ന്നു.
തീപിടിച്ച തലമുറ
1970 കള്‍ മുതല്‍ 80കള്‍ വരെ യുവത്വം കൂടുതല്‍ താളാത്മകവും സര്‍ഗാത്മകവും സ്ഫോടനാത്മകവുമായിരുന്നെന്നാണ് ചിലര്‍ പറയുന്നത്. അതെന്താ, അന്നത്തെ തലമുറക്ക് കൊമ്പുണ്ടായിരുന്നോ എന്ന് പുതിയ യോ, യോ ചുള്ളന്മാര്‍ക്കും ചുള്ളത്തികള്‍ക്കും ചോദിക്കാം. അപ്പോള്‍ അവര്‍ പറയും ഞങ്ങള്‍ക്കന്ന് SR 400 ഉണ്ടായിരുന്നെന്ന്!! ഇപ്പറഞ്ഞത് നാം ഇന്ത്യാക്കാരെ സംബന്ധിച്ച് ഇത്തിരി അതിശയോക്തിയാണ്. കാരണം നമ്മിലധികം പേരും SR 400നെപറ്റി കേട്ടിട്ടില്ല. പക്ഷേ യമഹക്ക് അങ്ങനെ ഒരു മോഡലുണ്ടായിരുന്നു. ജനിച്ച ജപ്പാനിലിതൊരു കള്‍ട്ടായിരുന്നു. എത്തിപ്പെട്ട സ്ഥലങ്ങളിലൊക്കെ ഇവനൊരു താരമായിരുന്നു.
ആരാണ് SR 400?
എഴുപതുകളില്‍ ബൈക്കുകള്‍ ഇന്നത്തേക്കാള്‍ സാങ്കേതികമായി സങ്കീര്‍ണവും ഉപയോഗിക്കാന്‍ പ്രയാസകരവുമായിരുന്നു. ഈ സങ്കല്‍പങ്ങളിലേക്കാണ് എസ്.ആറിന്‍െറ വരവ്. വലിപ്പക്കുറവും അനായാസമായ ഉപയോഗക്ഷമതയും മികച്ച പെര്‍ഫോമന്‍സും വേഗത്തില്‍ ഇവനെ ജനപ്രിയനാക്കി. SR 500 എന്നായിരുന്നു ബൈക്കിന്‍െറ ആദ്യ പേര്. അന്ന് നിലവിലുണ്ടായിരുന്ന XT 500 എന്ന മോഡലിനെ പരിഷ്കരിച്ചാണ് SR നിര്‍മിച്ചത്. കൃത്യമായി പറഞ്ഞാല്‍ 1978 ലായിരുന്നു ഇവന്‍െറ ജനനം. 1999 വരെ SR500 നെ യമഹ വിപണിയിലിറക്കിയിരുന്നു. പിന്നീട് നിര്‍മാണം SR400 മാത്രമാക്കി. മികച്ച എന്‍ജിന്‍, ഭാരക്കുറവ്, നല്ല സീറ്റിങ് പൊസിഷന്‍, ഓഫ് റോഡിലും ഓണ്‍ റോഡിലും മികച്ച പ്രകടനം തുടങ്ങിയവയായിരുന്നു എസ്.ആറുകളുടെ മികവ്. 2010 ഓടെ SR400 നിര്‍മാണവും അവസാനിപ്പിച്ചു.
SR 400 തിരിച്ചുവരുന്നു
പുതിയ SR400 വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ് യമഹ. എഴുപതുകള്‍ മുതല്‍ മാറ്റമില്ലാതെ തുടരുന്ന രൂപഭംഗിയാണ് പുതിയ എസ്.ആറിലും നിലനിര്‍ത്തിയിരിക്കുന്നത്. 2085 mm നീളവും 746mm വീതിയു ം 1094 mm ഉയരവും ബൈക്കിനുണ്ട്. താഴ്ന്ന ഇരിപ്പ് നല്ല സുഖം തരുന്നതാണ്. കിക്ക് സ്റ്റാര്‍ട്ട് മാത്രമേയുള്ളൂ. ലാളിത്യം നിറഞ്ഞ ഉരുണ്ട അനലോഗ് മീറ്ററുകളാണ് എസ്.ആറിന്. 399 സി.സി എയര്‍കൂള്‍ഡ് രണ്ട് വാല്‍വ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 23 bhp പവര്‍ 6500 ആര്‍.പി.എമ്മിലും, 27.4 എന്‍.എം ടോര്‍ക്ക് 3000 ആര്‍.പി.എമ്മിലും ഉല്‍പാദിപ്പിക്കും. അഞ്ച് സ്പീഡ് മാന്വല്‍ ഗിയര്‍ ബോക്സാണ്. മുന്നില്‍ 268mm ഡിസ്ക് ബ്രേക്കും പിന്നില്‍ 150 mm ഡ്രംബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്. തല്‍ക്കാലം ഇന്ത്യയില്‍ നിര്‍മാണമില്ല. വേണമെന്നുള്ളവര്‍ക്ക് ഇറക്കുമതി ചെയ്യാം.
ഷബീര്‍ പാലോട്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.