എര്‍ട്ടിഗ Vs മൊബീലിയോ; ശരാശരി ഭാരതീയന്‍െറ കണ്‍ഫ്യൂഷനുകള്‍
text_fieldsശരാശരി ഇന്ത്യന്‍ ഇടത്തരക്കാരന്‍ ദൈനംദിന ജീവിതത്തില്‍ അനുഭവിക്കുന്ന കണ്‍ഫ്യൂഷനുകള്‍ അനവധിയാണ്. ജോലി സര്‍ക്കാറിന്‍െറ വേണോ സ്വകാര്യ കമ്പനിയുടെ മതിയോ എന്ന് തുടങ്ങി ഇടേണ്ടത് ഷൂസോ ചെരിപ്പോ അതോ സാരിയോ ചുരിദാറോ വാങ്ങേണ്ടത് മീനോ ഇറച്ചിയോ എന്നിങ്ങനെ ആശയക്കുഴപ്പങ്ങളുടെ നീണ്ട നിരയാണ് അവന് മുന്നിലുള്ളത്. വാഹനങ്ങളിലേക്ക് വന്നാല്‍ പെട്രോള്‍ വേണോ ഡീസല്‍ വേണോ, സ്വദേശി വേണോ വിദേശി വേണോ അഞ്ച് സീറ്റ് വേണോ ഏഴ് സീറ്റ് വേണോ എന്നിങ്ങനെ നീണ്ട്പോകുന്നു ആശയക്കുഴപ്പങ്ങള്‍ . വിവിധോദ്ദേശ വാഹനങ്ങളിലത്തെുമ്പോള്‍ ഇവാലിയ, എന്‍ജോയ്, പിറന്ന മാടമ്പിയായ ഇന്നോവ ഇങ്ങിനെ പലതുണ്ടെങ്കിലും മാരുതിയോടുള്ള കടുത്ത അനുരാഗം കുടുംബാഭിമുഖ്യമുള്ള ഭാരതീയനെ എപ്പോഴുമത്തെിച്ചിരുന്നത് എര്‍ട്ടിഗയിലായിരുന്നു. വിലക്കുറവ്, മൈലേജ്, എല്ലാത്തിനും മേലെ മാരുതി ബ്രാന്‍ഡ് എന്നതായിരുന്നു എര്‍ട്ടിഗയുടെ മുഖ്യ ആകര്‍ഷണം. എന്നാലിതെല്ലാം ഒത്തൊരു പുതുക്കക്കാരനെ രംഗത്തിക്കിയിരിക്കുകയാണ് ഹോണ്ട. മെയ്ഡ് ഇന്‍ ജപ്പാന്‍ എന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന രോമാഞ്ചത്തോടൊപ്പം എര്‍ട്ടിഗ നല്‍കുന്നതെല്ലാം തങ്ങളുടെ ഓമന നല്‍കുമെന്നാണ് ഹോണ്ടയുടെ വാഗ്ദാനം.ഇന്ത്യന്‍ മധ്യവര്‍ഗക്കാരന് പുതിയൊരു കണ്‍ഫ്യൂഷന്‍ കൂടി. നാടന്‍ എര്‍ട്ടിഗയോ ജപ്പാന്‍െറ മൊബീലിയയോ?

ആര്‍ക്കാണ് പുറംമോടി?
കുടുംബത്തിന്‍െറ സല്‍പ്പേര് കളയാത്ത കുട്ടിയാണ് എര്‍ട്ടിഗ. സഹോദരങ്ങളായ സ്വിഫ്റ്റിന്‍െറയും റിറ്റ്സിന്‍െറയും ഛായയാണിവന്. ഒരേ കണ്ണുകള്‍ (ഹെഡ് ലൈറ്റ്), മൂക്കുകള്‍ (ഗ്രില്ല്, ബോണറ്റ്)പിന്നഴക് അത്ര കേമമല്ല. പെട്ടിപോലിരിക്കും എന്തായാലും കാണുന്നവരെക്കൊണ്ട് അയ്യേ എന്ന് പറയിക്കാത്ത രൂപമാണ് എര്‍ട്ടിഗക്ക്.

ഫ്യൂച്ചറിസ്റ്റിക് എന്ന് പറയാവുന്ന മനോഹരിതയാണ് ഹോണ്ടയുടെവാഹനങ്ങള്‍ക്ക്. സിറ്റിയും ജാസും ബ്രിയോയും സിവിക്കും നിലനിന്നിരുന്ന സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍നിന്ന് ബഹുകാതം മുന്നിലായിരുന്നു എപ്പോഴും. ആ പാരമ്പര്യം പൂര്‍ണമായി അല്ളെങ്കിലും പാലിക്കാന്‍ മൊബീലിയോയില്‍ കമ്പനി ശ്രമിച്ചിട്ടുണ്ട്. അല്‍പം താണ ബോണറ്റ് ബ്രിയോയെ ഓര്‍മിപ്പിക്കും. മുന്നിലെ പുതിയ വലിയ ക്രോംബാറും സ്പോര്‍ട്ടി ബമ്പറും ശരാശരി ലുക്ക് നല്‍കുന്നുണ്ട്. എന്നാല്‍ പിന്നിലിവന്‍ കാഴ്ചയെ തകിടം മറിക്കും. ഈ വിഭാഗത്തിലെ മറ്റെല്ലാ വാഹനങ്ങളെയും നിലംപരിശാക്കുന്ന കാഴ്ചാ സുഖമാണ് മൊബിലിയോ തരുന്നത്. ഇത്ര ഭംഗിയേറിയ ടെയില്‍ ലൈറ്റും ടെയില്‍ ഗേറ്റും മറ്റെങ്ങും കാണാനാകില്ല.

ഉള്ളിലെ അഴകളവുകള്‍
വലിയ ഡോറുകളാണ് എര്‍ട്ടിഗക്ക്. കയറലും ഇറങ്ങലും ആയാസരഹിതം. മധ്യനിര സീറ്റുകള്‍ മുന്നോട്ട് നീക്കി വേണം പിറകിലേക്ക് പോകാന്‍. മുതിര്‍ന്നവര്‍ക്ക് കയറാനും ഇറങ്ങാനും ഇതല്‍പംപ്രയാസം സൃഷ്ടിക്കും. മൊബീലിയോയില്‍ കൂടുതല്‍ സുഖകരമാണ് ഈ പ്രക്രിയ. മധ്യനിര സീറ്റുകള്‍ പൂര്‍ണമായും മറിച്ചിട്ടാല്‍ മികച്ച രീതിയില്‍ പ്രവേശനം ലഭിക്കും. വീല്‍ബേസ് കൂടുതലെന്ന ആനുകൂല്യം മൂന്നാം നിരയില്‍ മൊബീലിയോക്കുണ്ട്. എര്‍ട്ടിഗയെക്കാള്‍ നല്ല ലെഗ് സ്പേസാണ്. എന്നാല്‍ അല്‍പം താഴ്ന്ന ഇരിപ്പ് അത്ര സുഖകരമല്ല. ഏറെ നേരമിരുന്നാല്‍ അസ്വസ്ഥതയുണ്ടാകും.

എര്‍ട്ടിഗയില്‍ സീറ്റുകളും ഇരുപ്പും കൂടുതല്‍ മികച്ചതാണ്. ഡാഷ് ബോര്‍ഡ് സുപരിചിതവും. സ്വിഫ്റ്റ്, ഡിസയര്‍ എന്നിവക്ക് സമാനം. മൊബീലിയോക്ക് കാഴ്ചഭംഗി അല്‍പം കുറഞ്ഞ ഡാഷ് ബോഡാണ്. ഫിറ്റിലും ഫിനിഷിലും ഒത്തുതീര്‍പ്പുകള്‍ കമ്പനി വരുത്തിയിട്ടുണ്ട്. ഉരുണ്ട എ.സി വെന്‍റുകള്‍, ബ്രിയോയോട് സാമ്യമുള്ള മറ്റ്ഘടകങ്ങള്‍ എല്ലാം കൂടി നല്‍കുന്നത് ഒരാനചന്തം.
ആരാണിതില്‍ പായും പുലി?
അതിപ്രതാപഗുണപാനും പ്രശസ്തനുമാണ് എര്‍ട്ടിഗയുടെ ഹൃദയം. ലോകത്തേറ്റവും കൂടുതല്‍ എന്‍ജിനുകള്‍ ഉല്‍പാദിപ്പിക്കുന്ന ഫിയറ്റിന്‍െറ അരുമ. 1.3 ലിറ്റര്‍ 1248 സി.സി ടര്‍ബോ ഡീസല്‍. മാരുതിക്കും ടാറ്റക്കും പിന്നെ ഫിയറ്റിനും കരുത്ത് പകരുന്നതിവനാണ്. 88.7 ബിച്ച്.പി കുതിര ശക്തിയും 20.39 Kgm ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്ന എഞ്ചിന് കൂട്ട് അഞ്ച് സപീഡ് ഗിയര്‍ ബോക്സാണ്. നേര്‍രേഖയില്‍ ഈ എന്‍ജിനുള്ള വാഹനങ്ങള്‍ കുതിച്ച് പായും. മറ്റുള്ളവയെ മെതിച്ച്കയറും. അഞ്ചുപേരെ വരെ അനായാസം വഹിക്കും. പിന്നെയും ആളുകയറിയാല്‍ ഇവനൊന്ന് കിതക്കും. നല്ല കയറ്റങ്ങളില്‍ ഇടര്‍ച്ച പ്രകടമാകും. അതായത് ഏഴുപേര്‍ എന്ന പരമാവധി ലോഡില്‍ ഹില്‍ സ്റ്റേഷനുകള്‍ ഉള്‍പ്പെടെ താണ്ടാന്‍ ഗിയറുകള്‍ മാറിമാറി ഇടേണ്ടിവരും.

ഹോണ്ടയുടെ പുത്തന്‍ കൂറ്റുകാരന്‍ മൊബീലിയോയില്‍ മിടിക്കുന്നത് 1498 cc നാല് സിലിണ്ടര്‍ i-DTEC എന്‍ജിനും 1497cc 1.5 ലിറ്റര്‍ i-VTEC പെട്രോളുമാണ്. 98.6 ബി.എച്ച്.പി പവറും 20.4 kgm ടോര്‍ക്കും ഉല്‍പാദിപ്പിക്കും ഡീസല്‍ എഞ്ചിന്‍. 24ന് മുകളില്‍ മൈലേജ് ലഭിക്കുന്ന ഇവന്‍ തന്നെയാണ് ഹോട്ടയുടെ തുറുപ്പ് ചീട്ട്. പുതിയ ഡീസല്‍ സിറ്റിക്കും ഇതേ എന്‍ജിനാണ് കരുത്ത് പകരുന്നത്. എന്നാല്‍ സിറ്റിയിലെ ആറ് സ്പീഡ് ഗിയര്‍ ബോക്സിന് പകരം അഞ്ച് സ്പീഡാണ് മൊബീലിയോക്ക് നല്‍കിയിരിക്കുന്നത്. 1500 ആര്‍.പി.എം മുതല്‍ ലഭിക്കുന്ന ടോര്‍ക്ക് 4500 വരെ അനസ്യൂതം തുടരും. ഇത് എര്‍ട്ടിഗയെക്കാള്‍ അനായാസവും തുടര്‍ച്ചയുള്ളതുമായ കുതിപ്പ് നല്‍കും. അമേസില്‍ അവതരിപ്പിച്ചപ്പോഴേ ഹോണ്ടയുടെ ഡീസല്‍ എന്‍ജിന് ശബ്ദം കൂടുതലാണെന്ന്പരാതിയുണ്ടായിരുന്നു. എന്നാല്‍ സിറ്റിയിലത്തെിയപ്പോള്‍ ശബ്ദം തന്നായി കുറഞ്ഞു. മികച്ച ഇന്‍സുലേഷന്‍ ഏര്‍പ്പെടുത്തിയ കമ്പനി എന്‍ജിനീയര്‍മാര്‍ക്ക് സ്തുതി. മൊബീലിയോയില്‍ വീണ്ടും ശബ്ദം കുറഞ്ഞിട്ടുണ്ട്. മികച്ച സസ്പെന്‍ഷന്‍ കോര്‍ണറിങ്ങുകളില്‍ പോലും യാത്രാസുഖം നല്‍കുന്നു.

ചുരുക്കത്തില്‍ കണ്‍ഫ്യൂഷന്‍ തീര്‍ക്കാനത്തെി അതൊരല്‍പം വര്‍ധിച്ചപോലെയായി കാര്യങ്ങള്‍. എര്‍ട്ടിഗയോട് നമുക്ക് സ്നേഹമുണ്ട്. അതാണ് ചുരുങ്ങിയ കാലത്തിനിടയില്‍ ഒരു ലക്ഷം എണ്ണം പുറത്തിറങ്ങിയത്. ഹോണ്ടയും ഒരുങ്ങിത്തന്നെയാണ്. ഉള്‍വശത്തും മറ്റും ചില ഒത്തുതീര്‍പ്പുകളുണ്ടെങ്കിലും മൊബീലിയോ ഹോട്ട്സെല്ലറാകും. ഇനി വാഹന പ്രേമികള്‍ക്ക് കാത്തിരിക്കാം. എന്നും അപ്രതീക്ഷിതമായ നീക്കങ്ങളിലൂടെ ലോകത്തെ രണ്ടാമത്തെ വലിയ ജനവിഭാഗത്തിന്‍െറ ചലന സ്വപ്നങ്ങള്‍ക്ക് ആവേഗം നല്‍കിയ മാരുതിയുടെ അടുത്ത നീക്കത്തിനായി. മാരുതി വരും കൂടുതല്‍ കരുത്തോടെ.
ഷബീര്‍ പാലോട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
