വാഹന വിൽപനയിൽ രണ്ട് പതിറ്റാണ്ടിലെ ഏറ്റവും വലിയ ഇടിവ്

  • കാർ വിൽപനയിൽ 41.09 ശതമാനത്തിന്‍റെ വൻ ഇടിവ്

14:05 PM
09/09/2019
car-090919.jpg

ന്യൂഡൽഹി: രാജ്യത്തെ വാഹന നിർമാണ മേഖലയിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി ആഗസ്റ്റ് മാസത്തെ വിൽപനയുടെ കണക്കുകൾ. രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഇടിവാണ് യാത്രാ വാഹന വിൽപനയിൽ കഴിഞ്ഞ മാസം നേരിട്ടത്. ഇരുചക്രവാഹന വിൽപന മൂന്ന് വർഷത്തെ ഏറ്റവും മോശം നിലയിലാണ്. 

31.7 ശതമാനമാണ് യാത്രാ വാഹന വിൽപനയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചുള്ള ഇടിവ്. ആഗസ്റ്റ് മാസത്തിൽ 1,96,524 വാഹനങ്ങളാണ് വിറ്റത്. അതേസമയം, കഴിഞ്ഞ വർഷം ആഗസ്റ്റിൽ 2,87,198 വാഹനങ്ങൾ വിറ്റിരുന്നു. 

കാർ വിൽപനയിലാണ് ഏറ്റവും വലിയ ഇടിവ് നേരിട്ടത്. 41.09 ശതമാനത്തിന്‍റെ വൻ ഇടിവാണ് കാർ വിൽപനയിലുണ്ടായത്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ 1,96,847 കാറുകൾ വിറ്റ സ്ഥാനത്ത് ഈ വർഷം 1,15,957 മാത്രമാണ് വിറ്റത്. 

ഇരുചക്രവാഹന വിൽപനയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 22.24 ശതമാനം കുറവുണ്ടായി. 15,14,196 വാഹനങ്ങൾ ഈ ആഗസ്റ്റിൽ വിൽപന നടത്തി. അതേസമയം, 19,47,304 വാഹനങ്ങൾ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റിരുന്നു. 

മീഡിയം, ഹെവി വാണിജ്യ വാഹനങ്ങളുടെ വിൽപനയിലും വൻ കുറവാണുണ്ടായത്. 54.3 ശതമാനമാണ് ഈ വിഭാഗത്തിലെ ഇടിവ്. കഴിഞ്ഞ ആഗസ്റ്റിൽ 34,073 വാഹനങ്ങൾ വിറ്റ സ്ഥാനത്ത് ഈ ആഗസ്റ്റിൽ 15,573 വാഹനങ്ങൾ മാത്രമാണ് വിൽപന നടന്നത്. ചെറുകിട വാണിജ്യ വാഹന വിൽപനയിലും 28.21 ശതമാനത്തിന്‍റെ കുറവുണ്ടായി. 

ആകെ 97,32,040 വാഹനങ്ങളാണ് എല്ലാ വിഭാഗത്തിലും കൂടി ആഗസ്റ്റ് മാസത്തിൽ രാജ്യത്ത് വിൽപന നടന്നത്. 2018ലെ ഇതേ കാലയളവിൽ വിറ്റുപോയത് 115,70,401 വാഹനങ്ങളായിരുന്നു. 15.89 ശതമാനത്തിന്‍റെ വിൽപ്പനക്കുറവ്. 

Loading...
COMMENTS