ആഡംബരം നിറച്ച് റോൾസ് റോയ്സ് കള്ളിനൻ
text_fieldsആഡംബരത്തിെൻറ അവസാന വാക്കാണ് റോൾസ് റോയ്സ്. റോൾസ് റോയ്സ് എന്ന ബ്രാൻഡിന് കീഴിൽ പുറത്തിറങ്ങിയ വാഹനങ്ങളെല്ലാം തന്നെ ആഡംബരം ആവോളം നിറച്ചാണ് വിപണിയിലെത്തിയിരുന്നത്. താരങ്ങൾ ഏറെയുണ്ടെങ്കിലും എല്ലാം തികഞ്ഞ ഒരു എസ്.യു.വിയുടെ കുറവ് റോൾസ് റോയ്സിനുണ്ടായിരുന്നു. കള്ളിനിലുടെ ഇൗ കുറവ് നികത്താനുള്ള ഒരുക്കത്തിലാണ് കമ്പനി.
പുതിയ വാഹനം വികസിപ്പിക്കുന്നതിനുള്ള നീക്കങ്ങളുമായി റോൾസ് റോയ് കഴിഞ്ഞ മൂന്ന് വർഷമായി മുന്നോട്ട് പോവുകയാണ്. നിരവധി പരീക്ഷണങ്ങൾക്ക് ശേഷമാണ് കള്ളിനിൻ എന്ന കരുത്തനെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്. റോൾസ് റോയ്സ് ഫാൻറത്തിൽ ഉപയോഗിച്ച അതേ എൻജിൻ തന്നെയാവും കള്ളിനിലും ഉപയോഗിക്കുക. 6.8 ലിറ്റർ വി.12 എൻജിൻ 571 ബി.എച്ച്.പി കരുത്തും 900 എൻ.എം ടോർക്കും നൽകും. ഒാൾ വീൽ ഡ്രൈവ് ലേ ഒൗട്ടിലാവും കള്ളിനിൻ പുറത്തിറങ്ങുക.
ദക്ഷിണാഫ്രിക്കൻ ഖനിയിൽ നിന്ന് 1905ൽ കണ്ടെത്തിയ 3106 കാരറ്റ് വജ്രമായ കള്ളിനൻ നിന്നാണ് പുതിയ കാറിന് റോൾസ് റോയ്സ് പേര് കണ്ടെത്തിയത്. അസാധാരണമായ മോഡലിന് അനുയോജ്യമായ പേരാണിതെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. നിലവിൽ ആർട്ടിക് മേഖലയിലും മരുഭൂമിയിലുമെല്ലാം പരീക്ഷണ ഒാട്ടത്തിലാണ് കള്ളിനിൻ. ഇൗ വർഷം തന്നെ വിപണിയിൽ കള്ളിനിൻ എത്തുമെന്നാണ് പ്രതീക്ഷ.
