Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightകുഞ്ഞന്‍ ബൊലെറോ

കുഞ്ഞന്‍ ബൊലെറോ

text_fields
bookmark_border
കുഞ്ഞന്‍ ബൊലെറോ
cancel

ലോകത്താകമാനം രണ്ടുതരം വാഹനങ്ങളാണുള്ളത്. ചരക്കുവാഹനങ്ങളും മനുഷ്യ വാഹനങ്ങളും. വാഹക ശേഷിയും കഴിവും സൗകര്യങ്ങളുമൊക്കെയാണ് ഇവയെ വ്യത്യസ്തമാക്കുന്നത്. ഓട്ടോയിലും കാറിലും ട്രക്കിലുമൊക്കെ നാം ചെയ്യുന്നത് യാത്രതന്നെയാണ്. യാത്രയുടെ അവസാനം ഒരാള്‍ക്കുണ്ടാകുന്ന മാനസികവും ശാരീരികവുമായ അനുഭവം ആണ് വാഹനത്തെ വ്യത്യസ്തമാക്കുന്നത്. ഇങ്ങിനെ വാഹനങ്ങളെ നിര്‍വ്വചിച്ചാല്‍ മഹീന്ദ്രയുടെ ബൊലേറോ ഇന്ത്യയില്‍ തീര്‍ത്തത് മഹത്തായൊരു വിപ്ളവമാണെന്ന് പറയേണ്ടിവരും. മാന്യമായ എണ്ണം ആളുകള്‍ക്ക് മാന്യമായ യാത്രയായിരുന്നു ബൊലേറോയുടെ ലളിതമായ സമവാക്യം. കേള്‍ക്കുമ്പോള്‍ അത്രക്കില്ളെങ്കിലും ഈ മന്ത്രവുമായി 11വര്‍ഷംകൊണ്ട് ഒമ്പത് ലക്ഷം ബോലേറോകളാണ് മഹീന്ദ്ര വിറ്റഴിച്ചത്. വ്യക്തികളും കച്ചവടക്കാരും പഞ്ചായത്ത് അധികൃതരും തുടങ്ങി പൊലീസില്‍വരെ ഇവന്‍െറ സാന്നിധ്യമുണ്ട്.

അടുത്തകാലത്തായി ഈ യാത്ര അത്ര സുഗമമല്ലാതായി മാറിയിട്ടുണ്ട്. മത്സരാര്‍ഥികളുടെ എണ്ണക്കൂടുതലും വിപണി സമവാക്യങ്ങള്‍ മാറിയതുമാണ് കാരണം. കുറേനാളായി മഹീന്ദ്രയുടെ വിപണിവിശാരദന്മാരും രൂപകല്‍പ്പനാ വിദഗ്ദ്ധരും ഇതിനൊരു പരിഹാരം ആലോചിക്കുകയായിരുന്നു. ഇന്ത്യയില്‍ ഒരു വാഹനം വില്‍ക്കണമെങ്കില്‍ രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കണം. വിലകുറയണം, ഇന്ധനക്ഷമതകൂടണം. ഈ ആലോചനകളെല്ലാം സമാസമം ചേര്‍ത്ത് പുതിയൊരു ബൊലേറോ മഹീന്ദ്ര പുറത്തിറക്കിയിരിക്കുന്നു. പേര് ബൊലേറോ പവര്‍ പ്ളസ്. പഴയ വാഹനത്തെ ചത്തെിമിനുക്കിയ രൂപം, തീര്‍ത്തും പുതിയ എഞ്ചിന്‍, വര്‍ദ്ധിപ്പിച്ച മൈലേജും കുറഞ്ഞ വിലയും ഇതെല്ലാമാണ് പവര്‍ പ്ളസ്.

4107മില്ലിമീറ്റര്‍ നീളമുണ്ടായിരുന്ന പഴയ വാഹനത്തെ 3995ലേക്ക് ഒതുക്കിയിട്ടുണ്ട്. 112മില്ലീമീറ്ററിന്‍െറ ഈ കുറവ് അത്ര നിസാരമല്ല. ഇതോടെ നിരവധി കാര്യങ്ങളില്‍ കുറവുവന്നു. നീളം നാല് മീറ്ററില്‍ താഴെയായതോടെ വില്‍പ്പന നികുതി 30ശതമാനത്തില്‍ നിന്ന് 12.5ആയി കുറഞ്ഞു. അടിസ്ഥാന സൗകര്യ സെസ് 1.5 ശതമാനം കുറഞ്ഞു. ഇതോടെ 80,000 രൂപയുടെ വിലക്കുറവാണ് പുതിയ വാഹനത്തിനുണ്ടായിരിക്കുന്നത്. അടുത്ത മാറ്റം എഞ്ചിനിലാണ്. പഴയ 2.5ലിറ്റര്‍ നാല് സിലിണ്ടര്‍ ഡി.ഐ.സി.ആര്‍ എഞ്ചിന് പകരം 1.5ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ 1493സി.സി എം.ഹോക്ക് വന്നു. ഇതോടെ ഇന്ധനക്ഷമതയും നേരിയതോതില്‍കൂടി (15.96 ല്‍ നിന്ന് 16.5 ആയി).

വാഹനത്തിന്‍െറ നീളം കുറഞ്ഞത് ഉള്ളില്‍ ബാധിച്ചിട്ടില്ല. മുന്‍, പിന്‍ ബമ്പറുകളിലാണ് മാറ്റമുള്ളത്. രണ്ടും കൂടുതല്‍ അകത്തേക്ക് വലിഞ്ഞു. പിന്നിലെ ബമ്പര്‍ ഒളിച്ചുവച്ചതുപോലെ തോന്നും. ചവിട്ടുപടികളും ചെറുതാക്കിയിട്ടുണ്ട്. ബ്ളൂവിഷന്‍ ഹെഡ്ലൈറ്റുകള്‍ പുതിയതാണ്. ഉള്ളിലെല്ലാം പഴതുപോലെ തന്നെ. നിലവാരംകുറഞ്ഞ പ്ളാസ്റ്റിക്കുകള്‍ അതേപടി തുടരുമ്പോള്‍ സീറ്റിലെ പതുപതുപ്പ് അല്‍പ്പം കൂട്ടിയിട്ടുണ്ട്. ഇനിയറിയേണ്ടത് എഞ്ചിന്‍െറ പ്രകടനമാണ്. കണക്കുകളില്‍ പ്രകടനക്ഷമത കൂടിയതായാണ് കാണുന്നത്. കരുത്ത് 63ബി.എച്ച്.പിയില്‍ നിന്ന് 71ലേക്ക് കയറി. ടോര്‍ക്ക് 180എന്‍.എമ്മില്‍ നിന്ന് 195ആയി. എഞ്ചിന്‍െറ മാറ്റമറിയാന്‍ ചെറിയൊരു കണക്ക് പ റയാം. പുതിയ ബൊലേറോക്ക് പൂജ്യത്തില്‍ നിന്ന് 100കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 20.90സെക്കന്‍ഡ് മതി. നേരത്തെയിത് 25.61 ആയിരുന്നു. നഗരത്തിലും ഗ്രാമ റോഡുകളിലും ബൊലേറോ കൂടുതല്‍ മെച്ചപ്പെട്ടെന്നര്‍ഥം. ഹൈവേകളില്‍ കുതിച്ചുപായാനൊന്നും ഇവനാകില്ല. വളവുകളിലെ നിരങ്ങി നീങ്ങലും തൊട്ടിലുപോലുള്ള ആട്ടവും ഇനിയും തുടരും. മൂന്ന് വേരിയന്‍റുകളാണ് പവര്‍ പ്ളസിനുള്ളത്. വില 6.59 മുതല്‍ 7.57ലക്ഷംവരെ.

Show Full Article
TAGS:bolero power plus 
Next Story