Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഫോര്‍ഡിന്‍െറ സൂപ്പര്‍ ...

ഫോര്‍ഡിന്‍െറ സൂപ്പര്‍ സ്റ്റാര്‍

text_fields
bookmark_border
ഫോര്‍ഡിന്‍െറ സൂപ്പര്‍ സ്റ്റാര്‍
cancel

ഇന്ത്യക്കാര്‍ എന്നും സംശയത്തോടെ സമീപിച്ച വാഹന നിര്‍മ്മാതാവാണ് അമേരിക്കയുടെ ഫോര്‍ഡ്. ഇന്ധനക്ഷമതക്കുറവ്, അറ്റകുറ്റപ്പണിക്കുള്ള ഭീമമായ ചിലവ്, പുനര്‍വില്‍പ്പന വിപണിയിലെ ആവശ്യക്കുറവ് തുടങ്ങി നിരവധി കാരണങ്ങള്‍ ഉപഭോക്താക്കള്‍ നിരത്തുകയും ചെയ്തിരുന്നു. ഇതിനൊക്കെ മാറ്റം വന്നതില്‍ പ്രധാന പങ്കുവഹിച്ച മോഡലായിരുന്നു ഫിഗോ. ഫോര്‍ഡിന്‍െറ ഏറ്റവും ജനപ്രിയ മോഡല്‍ എന്ന് ഫിഗോയെ പരിചയപ്പെടുത്താം. ഇന്ത്യയിലെ മധ്യവര്‍ഗ ഹാച്ച് വിപ്ളവത്തിലെ സൂപ്പര്‍താരം സ്വിഫ്റ്റ് ആയിരുന്നെങ്കില്‍ സഹനടന്‍മാരില്‍ പ്രധാനിയായിരുന്നു ഫിഗോ. നിലവില്‍ ഫോര്‍ഡ് ഇന്ത്യ കാര്യമായ ആന്തരിക വിപ്ളവത്തിന് ഒരുങ്ങിയിരിക്കുകയാണ്. പല മോഡലുകളും പിന്‍വലിച്ചു. ചിലതെല്ലാം പരിഷ്കരിച്ചു. ഫോര്‍ഡ് ക്ളാസിക്കും, ഫിയസ്റ്റയും ഒഴിവാക്കപ്പെട്ടു. ഫിഗോയെ പുതുക്കുകയും പുതുതായി ആസ്പയറിനെ അവതരിപ്പിക്കുകയും ചെയ്തു.

പുതിയ ഫിഗോ അടിമുടി മാറിയിട്ടുണ്ട്. വേണമെങ്കില്‍ കുഞ്ഞ് ആസ്പയറെന്ന് പറയാം. ബി പില്ലര്‍ വരെ ഇരുവരും തമ്മില്‍ മാറ്റമെന്നുമില്ല. പുതിയ ആസ്റ്റന്‍മാര്‍ട്ടിന്‍ ഗ്രില്ല് ചിലര്‍ക്കെങ്കിലും ഇഷ്ടപ്പെടാനിടയില്ല. തുറന്നുവച്ച വായയെ ചിലപ്പോഴത് ഓര്‍മിപ്പിക്കും.വശങ്ങളിലേക്ക് കയറി നില്‍ക്കുന്ന ഹെഡ്ലൈറ്റുകള്‍ ആകര്‍ഷകം. ഉരുണ്ട ബമ്പറും ഫോഗ്ലാമ്പുകളും ചെറിയ എയര്‍ഡാമും നല്ല എടുപ്പ് നല്‍കുന്നുണ്ട്. വശങ്ങളില്‍ നിന്ന് നോക്കിയാല്‍ ഒഴുകിയിറങ്ങുന്ന പിന്‍വശമാണ് ആദ്യം കാണാനാകുക. 14 ഇഞ്ച് വീലുകള്‍ താരതമ്യേന ചെറുതാണ്. കണ്ണാടിക്ക് ചുറ്റും നല്‍കിയിരിക്കുന്ന കറുത്ത ഫിനിഷ് ഇന്‍ഡിക്കേറ്ററുകളോടുകൂടിയ റിയര്‍വ്യൂ മിററുകള്‍ എന്നിവ എടുത്ത് പറയണം. ഭംഗിയേറിയതല്ളെങ്കിലും പിന്‍വശവും വൃത്തിയായി ക്രമീകരിച്ചിട്ടുണ്ട്. മനോഹരമായ ടെയില്‍ലൈറ്റുകള്‍, വലിയ ബമ്പര്‍, സ്പോയിലറില്‍ ക്രമീകരിച്ചിരിക്കുന്ന ഇന്‍ഡിക്കേറ്റര്‍, റിയര്‍ വൈപ്പര്‍ എന്നിവ എടുത്ത് പറയണം. മാന്യമായ ഡിക്കിയാണ് വാഹനത്തിന്. അല്‍പ്പം ഉയര്‍ന്നതായതുകൊണ്ട് സാധനങ്ങള്‍ കയറ്റാന്‍ ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെടും. 174എം.എം എന്ന മികച്ച ഗ്രൗണ്ട് ക്ളിയറന്‍സും നല്‍കിയിട്ടുണ്ട്.


ഉള്‍വശം
മറ്റെല്ലാ ഫോര്‍ഡുകളേയും അനുസ്മരിപ്പിക്കുന്ന ഉള്‍വശമാണ് ഫിഗോക്ക്. കറുപ്പാണ് ആധിപത്യ നിറം. ഡാഷ്ബോര്‍ഡ് ആസ്പയര്‍, എക്കോസ്പോര്‍ട്ട് തുടങ്ങിയവയെ അനുസ്മരിപ്പിക്കും. സെന്‍റര്‍ കണ്‍സോളില്‍ എ.സി, മ്യൂസിക് സിസ്റ്റം, തുടങ്ങിയവ ക്രമീകരിച്ചിരിക്കുന്നു. ഉയര്‍ന്ന വേരിയന്‍റായ ടൈറ്റാനിയം പ്ളസില്‍ ഫോര്‍ഡിന്‍െറ സ്വന്തം ‘സിങ്ക്’ ഇന്‍ഫോടൈന്‍മെന്‍റ് സിസ്റ്റം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ തലമുറ ഇന്‍ഫോടൈന്‍മെന്‍റ് സിസ്റ്റങ്ങളില്‍ ലഭിക്കുന്ന അത്ര സൗകര്യങ്ങളൊന്നും ഇതില്‍ കിട്ടില്ല. എങ്കലും കുറേയൊക്കെ ഗുണം ചെയ്യും. കുറഞ്ഞമോഡലുകളില്‍ മറ്റെങ്ങും കാണാത്ത ഫോണ്‍ ഹോള്‍ഡര്‍ സംവിധാനമുണ്ട്. വിവിധ വലുപ്പത്തിലുള്ള ഫോണുകള്‍ ഇവിടെ ഘടിപ്പിക്കാം. സ്മാര്‍ട്ട് ഫോണ്‍ ഉള്ളവര്‍ക്ക് ജി.പി.എസ് ഉള്‍പ്പടെ പ്രവര്‍ത്തിപ്പിക്കാം. സാധനങ്ങള്‍ സൂക്ഷിക്കാന്‍ ധാരാളം ഇടമുണ്ട്. സ്ററിയറിങ്ങിലെ നിയന്ത്രണങ്ങള്‍ ഉപകാരപ്രദം. മുന്‍സീറ്റുകള്‍ നല്ല വലുപ്പമുള്ളത്. സുഖമായിരുന്ന് വാഹനം ഓടിക്കാം. സ്റ്റിയറിങ്ങില്‍ നിന്ന് അല്‍പ്പം പിന്നിലായുള്ള ഇരുപ്പ് ചിലര്‍ക്ക് അസൗകര്യമായി തോന്നാന്‍ ഇടയുണ്ട്. പിന്നിലെ ലെഗ് സ്പേയ്സ് മികച്ചത്. വാഹനത്തിന്‍െറ വലുപ്പക്കൂടുതല്‍ ഉള്ളിലും പ്രതിഫലിക്കുന്നുണ്ട്.

   
എഞ്ചിന്‍
മൂന്ന് എഞ്ചിന്‍ ഓപ്ക്ഷനുകളിലാണ് ഫിഗോ വരുന്നത്. ആദ്യത്തേത് 1.2 ലിറ്റര്‍ പെട്രോള്‍. അഞ്ച് സ്പീഡ് ഗിയര്‍ ബോക്സാണ് ഇതിന്. 1.5 ലിറ്റര്‍ ഡീസലിനും അഞ്ച് സ്പീഡ് ഗിയര്‍ബോക്സാണുള്ളത്. മൂന്നാമത്തേത് 1.5 പെട്രോള്‍. ഇതിന് ആറ് സ്പീഡ് ഓട്ടോമാറ്റിക് ഡ്യൂവല്‍ ക്ളച്ച് ഗിയര്‍ബോക്സുണ്ട്. ഡീസല്‍ എഞ്ചിന്‍ 98.9 ബി.എച്ച്. പി പവര്‍ ഉല്‍പ്പാദിപ്പിക്കും. ഇത് എതിരാളികളേക്കാള്‍ മികച്ചതാണെന്ന് പറയാം. 1500 ആര്‍.പി.എം മുതല്‍ ലഭിക്കുന്ന തടസമില്ലാത്ത പവര്‍ ഡെലിവറിയാണ് എഞ്ചിന്‍െറ പ്രത്യേകത. കമ്പനി അവകാശപ്പെടുന്ന മൈലേജ് 25.5km/l. ഓട്ടോമാറ്റിക് വാഹനത്തിന് 109 ബി.എച്ച്.പി കരുത്തുല്‍പ്പാദിപ്പിക്കാനാകും. സിറ്റി ട്രാഫിക്കിന് പറ്റിയ രീതിയിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. എങ്കിലും അത്ര സ്മൂത്തായ ഗിയര്‍ഷിഫ്റ്റെന്ന് പറയാനാകില്ല. ഫോക്സ്വാഗണ്‍ പോളോ ആയിരിക്കും ഇവന്‍െറ പ്രധാന എതിരാളി. സുരക്ഷയുടെ കാര്യത്തിലും ഫോര്‍ഡ് ഒരു വിട്ടുവീഴ്ച്ചയും ചെയ്തിട്ടില്ല. കുറഞ്ഞ വേരിയന്‍റില്‍ ഒന്നും പിന്നീടുള്ളവയില്‍ രണ്ടും ഏറ്റവും ഉയര്‍ന്ന ടൈറ്റാനിയം പ്ളസില്‍ ആറ് എയര്‍ബാഗും നല്‍കുന്നുണ്ട്. എ.ബി.എസ്,ഇ.ബി.ഡി തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ഫിഗോ ഡീസലിന്‍െറ വില 5.29 മുതല്‍ ആരംഭിക്കും. ഏറ്റവും ഉയര്‍ന്ന മോഡലിന് ഏഴ് ലക്ഷത്തിന് മുകളില്‍ നല്‍കണം. ഓട്ടോമാറ്റിക് വേര്‍ഷന്‍ 6.9ലക്ഷത്തിന് ലഭിക്കും.
ടി.ഷബീര്‍

Show Full Article
TAGS:
Next Story