Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഓഡിയുടെ വമ്പന്‍

ഓഡിയുടെ വമ്പന്‍

text_fields
bookmark_border
ഓഡിയുടെ വമ്പന്‍
cancel

ബെന്‍സ്, ബി.എം.ഡബ്ളു, ഓഡി; വാഹനപ്രേമികള്‍ എപ്പോഴും ഉപയോഗിക്കാറുള്ള ആഢംബര ശ്രേണീ വിവരണമാണിത്. ബോധപൂര്‍വ്വമല്ലാതെ നാം ഓഡിയെന്ന വാഹന ഉല്‍പ്പന്നത്തെ മൂന്നാം സ്ഥാനത്തേക്ക് മാറ്റുകയാണിവിടെ. ആദ്യ ആഢംബരം ബെന്‍സും പിന്നെ ബീമറും തുടര്‍ന്ന് ഓഡിയുമെന്നതാണ് ഈ പറച്ചിലിന്‍െറ സാരം. എന്നാല്‍ പ്രായോഗികാനുഭവത്തില്‍ ഓഡിയെ അങ്ങിനെ മാറ്റി നിര്‍ത്താനാകില്ളെന്ന് ഉടമകള്‍ പറയും. ബെന്‍സിന്‍െറ യാത്രാസുഖവും ബി.എം.ഡബ്ളുവിന്‍െറ ഞരമ്പുകള്‍ മുറുക്കുന്ന ഡ്രൈവബിലിറ്റിയും ചേര്‍ന്നതാണ് ഓഡിയുടെ വാഹനങ്ങള്‍. മറ്റുള്ളവയേക്കാള്‍ ചില ലക്ഷങ്ങള്‍ കുറച്ച് കൊടുത്താല്‍ മതി എന്നതും നേട്ടമാണ്. ഫോക്സ്വാഗണ്‍ എന്ന വാഹന ഭീമന്‍െറ ഉടമസ്തതയിലെ അസംഖ്യം ഉല്‍പ്പന്നങ്ങളില്‍ ഏറ്റവും വിശ്വാസ്യത ആര്‍ജിച്ച പേരാണ് ഓഡിയുടേത്. ബോളിവുഡിലും കോളിവുഡിലും മോളിവുഡിലും അന്വേഷിച്ചാല്‍ അവിടത്തെ നക്ഷത്രങ്ങള്‍ പറഞ്ഞുതരും; തങ്ങളുടെ പ്രിയ വാഹനം ഓഡിയാണെന്ന്. കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ ഓഡി ക്യൂ സെവന്‍. ബോളിവുഡില്‍ സല്‍മാന്‍ ഖാനോട് ചേര്‍ത്താണ് ഈ പേര് ഏറ്റവും കൂടുതല്‍ കേട്ടിരുന്നത്. നമ്മുടെ താരങ്ങളില്‍ നിരവധിപേര്‍ ക്യൂ ത്രീ, ക്യൂ ഫൈവ്, ക്യൂ സെവന്‍ തുടങ്ങിയവ ഉപയോഗിക്കുന്നുണ്ട്. ഇപ്പോഴിതാ ക്യൂ സെവന്‍െറ പരിഷ്കരിച്ച പതിപ്പ് ഇന്ത്യക്കാര്‍ക്കായി തയ്യാറായിരിക്കുന്നു.

ഇതുവരെ വന്നതില്‍ ഏറ്റവും കരുത്തനും നിശബ്ദനും വേഗക്കാരനും പരിഷ്കാരിയുമാണ് പുതിയ ക്യൂ സെവന്‍. അഴകളവുകള്‍ പരിശോധിച്ചാല്‍ അല്‍പ്പം ചെറുതായിട്ടുണ്ട് പുതിയ വാഹനം. 37എം.എം നീളവും 15എം.എം വീതിയും 3എം.എം ഉയരവും കുറഞ്ഞിട്ടുണ്ട്. വാഹന ശരീരത്തില്‍ നിരവധി ക്യാരക്ടര്‍ ലൈനുകള്‍ വരഞ്ഞിട്ടിരിക്കുന്നു. ഏത് വശത്തുനിന്ന് നോക്കിയാലും ക്യൂ സെവന്‍ പടുകൂറ്റനായി അനുഭവപ്പെടും. പഴയതിനേക്കാള്‍ ആധുനികനും സ്പോര്‍ട്ടിയുമാണ്. മുന്നില്‍ നിന്ന് നോക്കിയാല്‍ പരന്ന ബോണറ്റും ഒറ്റ ഫ്രെയിമിലെ ഗ്രില്ലും ഓഡിയുടെ മുഖമുദ്രയായ എല്‍.ഇ.ഡി ഹെഡ്ലൈറ്റുകളുമാണ് കണ്ണില്‍പെടുക. വാഹനത്തിന്‍െറ വലുപ്പത്തിന് ചേരുന്ന വീല്‍ ആര്‍ച്ചുകളാണ്. പുതിയ നിര്‍മ്മാണ സാമഗ്രികള്‍ കാരണം ഭാരം കുറക്കാനും ക്യൂ സെവന്‍െറ എഞ്ചിനീയര്‍മാര്‍ക്കായിട്ടുണ്ട്. ഫോക്സ്വാഗന്‍െറ ഏറ്റവും പുതിയ പ്ളാറ്റ്ഫോമായ എം.എല്‍.ബി 2വിലാണ് നിര്‍മ്മാണം.

ഷാസിയുടെ ഭാരം മാത്രം 100കിലോഗ്രാം കുറഞ്ഞിട്ടുണ്ട്. മുന്‍ഗാമിയേക്കാള്‍ മൊത്തം 300കിലോഗ്രാം കുറവാണ് പുതിയ വാഹനത്തിന്. ആഢംബര തികവാര്‍ന്നതാണ് ഉള്‍വശം. ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളാകട്ടെ ഉന്നത നിലവാരമുള്ളതും. സ്വിച്ചുകള്‍ കുത്തി നിറച്ച പഴയകാല വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമായി മിതത്വം പാലിക്കാന്‍ ഓഡി ശ്രമിച്ചിട്ടുണ്ട്. ടച്ച് സ്ക്രീനുകളാണ് അധിക സംവിധാനങ്ങളേയും നിയന്ത്രിക്കുന്നത്. ഡാഷ് ബോര്‍ഡില്‍ ഉയര്‍ന്ന് നില്‍ക്കുന്ന ഏഴ് ഇഞ്ച് സ്ക്രീന്‍ നല്ല വെളിച്ചത്തിലും തെളിവാര്‍ന്ന കാഴ്ചകള്‍ നല്‍കും. ഇന്‍സ്ട്രുമെന്‍റ് ക്ളസ്ചര്‍ മൊത്തം ഡിജിറ്റലാണ്. ഇവിടെ ഡ്രൈവര്‍ക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ലഭിക്കും. ഉയര്‍ന്ന ഇരുപ്പ്, വലിയ സീറ്റുകള്‍, സ്റ്റിയറിങ്ങ് കണ്‍ട്രോളുകള്‍ എന്നിവ ഓടിക്കുന്നയാള്‍ക്ക് മികച്ച ആത്മവിശ്വാസം നല്‍കും. പ്ളാറ്റ്ഫോമിന്‍െറ അല്‍പ്പം താഴ്ന്ന നില്‍പ്പ് കയറലും ഇറങ്ങലും അനായാസമാക്കുന്നു. പിന്നിലെ യാത്രക്കാര്‍ക്കും നല്ല പരിഗണനയാണ് ഓഡി നല്‍കിയിരിക്കുന്നത്. ഇരട്ട കൈ്ളമറ്റിക് സോണ്‍, പിന്നില്‍ നിന്ന് നിയന്ത്രിക്കാവുന്ന മുന്‍ സീറ്റുകള്‍ എന്നിവയുണ്ട്.

മധ്യത്തിലെ ഉയര്‍ന്ന ടണല്‍ നടുക്കിരിക്കുന്നയാളെ അല്‍പ്പം ബുദ്ധിമുട്ടിക്കും.  പഴയ ക്യൂ സെവനിലെ 3.0ലിറ്റര്‍ വി 6 എഞ്ചിന്‍ പരിഷ്കരിച്ചതാണ് പുതിയ എഞ്ചിന്‍. എട്ട് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ്. ഓഡിയുടെ വിഖ്യാതമായ ക്വാട്രോ ആള്‍വീല്‍ ഡ്രൈവ് സംവിധാനവുമുണ്ട്. എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കുന്ന ശക്തി 268 ബി.എച്ച്.പിയാണ്. പരമാവധി ടോര്‍ക്ക് 61കെ.ജി.എം. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്ററിലത്തൊന്‍ 6.95 സെക്കന്‍ഡ് മതി. ഒരു കൂറ്റന്‍ എസ്.യു.വി ഇങ്ങിനെ കുതിക്കുമ്പോള്‍ മനസിലാകും എത്ര കരുത്താണ് ഈ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കുന്നതെന്ന്. മികച്ചൊരു ഓഫ് റോഡര്‍ കൂടിയാണ് ക്യൂ സെവന്‍. ബെന്‍സ് ജി.എല്‍ ക്ളാസ്, ബി.എം.ഡബ്ളൂ എക്സ് ഫൈവ്, പോര്‍ഷെ കയേന്‍ എന്നിവക്കൊക്കെ പോന്നൊരു എതിരാളിയാണി വരുന്നതെന്ന് നിസംശയം പറയാം. 80 ലക്ഷം രൂപ മുതലാണ് വില.

Show Full Article
TAGS:ഓഡിയുടെ വമ്പന്‍ 
Next Story