Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightടാറ്റയുടെ പട്ടം

ടാറ്റയുടെ പട്ടം

text_fields
bookmark_border
ടാറ്റയുടെ പട്ടം
cancel

മുറ്റത്തെ മുല്ലക്ക് മണമില്ളെന്ന് പറഞ്ഞതുപോലുള്ള അവസ്ഥയാണ് നമ്മുടെ ടാറ്റയുടേത്. ഇന്ത്യയില്‍ ജനിച്ച് വളര്‍ന്ന് ലോകം മുഴുവന്‍ പടര്‍ന്നുകയറിയെങ്കിലും നാമെപ്പോഴും ഓട്ടക്കണ്ണിട്ടാണ് ടാറ്റയെ നോക്കാറുള്ളത്. നല്ലതു പറയാന്‍ എന്തോ ഒരു മടിപോലെ. ഒരേ എഞ്ചിനാണ് സ്വിഫ്റ്റിലും ഇന്‍ഡിക്കയിലും. എങ്കിലും നാം സ്വിഫ്റ്റേ വാങ്ങൂ. ഏതെങ്കിലും മോഡല്‍ അല്‍പ്പം നല്ലതാണെന്ന് തോന്നിയാല്‍ ടാക്സിയാക്കി വിലകളയുകയും ചെയ്യും. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍ഡ്യന്‍ ബ്രാന്‍ഡുകള്‍ക്ക് പരിചിതമല്ലാത്ത ഒരു കരാര്‍ ഒപ്പിടല്‍ നടന്നു. ഫുട്ബോള്‍ സൂപ്പര്‍മാന്‍ ലയണല്‍ മെസ്സിയും ടാറ്റയും തമ്മിലായിരുന്നു കൈകൊടുത്തത്. ടാറ്റയുടെ യാത്രാ വാഹനങ്ങളുടെ ആഗോള പരസ്യ മുഖമായി മെസ്സി അവതരിച്ചിരിക്കുന്നു. ആദ്യമായാണ് ഒരു ഇന്ത്യന്‍ സംരഭകന്‍ ലോകവിപണിയിലേക്ക് ഇത്തരത്തില്‍ കുതിച്ചുചാടുന്നത്. എന്തായാലും ടാറ്റക്ക് ഭാവുകങ്ങള്‍ നേരാം.എന്താകാം ടാറ്റയുടെ വാഹനങ്ങള്‍ വിപണിയില്‍ താരങ്ങളാകാത്തതിന് കാരണം. നമ്മേക്കാളേറെ ഇതേപറ്റി ചിന്തിക്കുന്നത് ടാറ്റയുടെ വിപണി വിശാരദന്മാരും നിര്‍മ്മാണ വിദഗ്ദ്ധരുമാണ്. കാലാകാലങ്ങളില്‍ അവരതിന് പരിഹാരം കാണാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ടാറ്റയുടെ പുതുതലമുറ വാഹനങ്ങള്‍ ഇത്തരം ചിന്തകളുടെ ഫലമാണ്. ബോള്‍ട്ടും സെസ്റ്റും മാറ്റത്തിന്‍െറ തുടക്കമാണ്. പുതുതായി വരുന്ന കൈറ്റ് ഈ വഴിയിലെ നൈരന്തര്യവും. പുതിയ വിശേഷമെന്തെന്നാല്‍ ടാറ്റ കൈറ്റ് എന്ന പേരില്‍ പുതിയയൊരു മോഡലിനെ അവതരിപ്പിക്കുന്നു. ‘കൈറ്റ് 4’ എന്ന ഹാച്ചും ‘കൈറ്റ് 5’ എന്ന സെഡാനും. ഈ പറഞ്ഞത് വാഹനങ്ങളുടെ കോഡ് നെയിമാണ്. ഹാച്ചിന്‍െറ ചില വിശേഷങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇന്‍ഡിക്കയുടെ എക്സ് സീറോ പ്ളറ്റ്ഫോമുമായുള്ള ചില സാമ്യങ്ങള്‍ ഒഴിവാക്കിയാല്‍ പുതുപുത്തനാണ് കൈറ്റ്. കൂടുതല്‍ ദൃഢവും കരുത്തേറിയതുമാണ് പുതിയ അടിത്തറ. ഇന്‍ഡിക്കയിലെ സ്വതന്ത്രമായ പിന്‍ സസ്പെന്‍ഷന്‍ കമ്പനിക്ക് ചില്ലറ തലവേദനയല്ല സൃഷ്ടിച്ചിരുന്നത്. ഇതൊഴിവാക്കി ട്വിസ്റ്റ് ബീം ആക്സില്‍ സിസ്റ്റത്തിലേക്ക് കൈറ്റ് മാറിയിട്ടുണ്ട്. പുതുതലമുറ ഹാച്ചുകളധികവും ഈ സംവിധാനമാണ് പിന്‍തുടരുന്നത്. മികച്ച ഇലക്ട്രിക് പവര്‍ സ്റ്റിയറിങ്ങ് ബോള്‍ട്ടിലും സെസ്റ്റിലും പരീക്ഷിച്ച് വിജയിച്ചവ. 2012 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ മാന്‍സ ഹൈബ്രിഡിലൂടെ പുറംലോകം കണ്ട 1.5ലിറ്റര്‍ എഞ്ചിനാണ് കൈറ്റിന്‍െറ ഡീസല്‍ ഹൃദയം. ഇതൊരു മൂന്ന് സിലിണ്ടര്‍ എഞ്ചിനാണ്. പൂര്‍വ്വികനായ 1405 സി.സി നാല് സിലിണ്ടറിനെ ചുരുക്കി ഒതുക്കിയെടുത്തത്. 67 ബി.എച്ച്.പി കരുത്തും 14 കെ.ജി.എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 25 കിലോമീറ്ററിന് മുകളിലാണ് ഇന്ധനക്ഷമത. പുതുപുത്തന്‍ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്. ഭാരം കുറഞ്ഞ അലുമിനിയം ആണ് നിര്‍മ്മാണ വസ്തു. മൂന്ന് സിലിണ്ടറുകളില്‍ ഓരോന്നിനും നാല് വാല്‍വുകളുണ്ട്. 84 ബി.എച്ച്.പി കരുത്തും 11കെ.ജി.എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. സെസ്റ്റിനും ബോള്‍ട്ടിനും കരുത്ത് പകരുന്ന 1.2 റിവട്രോണ്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍ കൈറ്റില്‍ ഉള്‍പ്പെടുത്തില്ളെന്നാണ് സൂചന. പുതിയ എഞ്ചിന്‍െറ പേര് ചിലപ്പോള്‍ റിവട്രോണ്‍ സീരീസിലേക്ക് ചേര്‍ത്തുപറയാന്‍ സാധ്യതയുണ്ട്. മാരുതി സെലേറിയോ സൃഷ്ടിച്ച പുതിയ വാഹന ഇടത്തിലേക്കാകും കൈറ്റിന്‍െറ വരവ്. അങ്ങിനെയെങ്കില്‍ വില 3.6ലക്ഷം മുതല്‍ തുടങ്ങും. ആഗോള വിപണിയിലേക്ക് തേരുതെളിക്കുന്ന ടാറ്റയുടെ കുഞ്ഞിനുവേണ്ടി മടിക്കാതെ കാത്തിരിക്കാവുന്നതാണ്.    
ടി.ഷബീര്‍

Show Full Article
TAGS:ടാറ്റയുടെ പട്ടം 
Next Story